ചിദംബരത്തിന്റെ "തോന്നലുകൾ'
Monday, September 27, 2021 11:43 PM IST
മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പളനിയപ്പൻ ചിദംബരം എന്ന പി. ചിദംബരം ചില്ലറക്കാരനല്ല. ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളജ് സ്കൂൾ, ലയോള കോളജ്, പ്രസിഡൻസി കോളജ്, ലോ കോളജ് എന്നിവിടങ്ങളിൽ പഠിച്ച്് ഹാർവഡ് ബിസിനസ് സ്കൂളിൽനിന്ന് എംബിഎയും ചെന്നൈ ലയോള കോളജിൽ നിന്നു മാസ്റ്റേഴ്സും എടുത്ത് മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി രാഷ്ട്രീയത്തിൽ പയറ്റിയ വ്യക്തിയാണു ചിദംബരം.
മകനും എംപിയുമായ കാർത്തി ചിദംബരം ഉൾപ്പെട്ട ഐഎൻഎക്സ് മീഡിയ, എയർസെൽ- മാക്സിസ് സാന്പത്തിക തട്ടിപ്പു കേസിൽ 2019ൽ 105 ദിവസം തിഹാർ ജയിലിൽ കിടന്നത് അടക്കം വിവാദങ്ങൾക്കും കുറവില്ല. രാജ്യസഭാംഗവും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ ചിദംബരത്തിന്റെ സാന്പത്തിക വൈദഗ്ധ്യത്തെക്കുറിച്ചു തർക്കമില്ല.
കേന്ദ്രമന്ത്രിയായിരിക്കെ ചിദംബരം നടപ്പാക്കിയ നയങ്ങൾ തകർത്തെറിഞ്ഞ കേരളത്തിലെ കർഷകർക്കും ചെറുകിട, ഇടത്തരം വ്യവസായികൾക്കും ബിസിനസുകാർക്കും പക്ഷേ വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. കേരള സന്പദ്ഘടനയുടെ നട്ടെല്ലായിരുന്ന സാധാരണക്കാരായ 11 ലക്ഷം റബർ കർഷകരെ പ്രതിസന്ധിയിലാക്കിയതിനു പിന്നിൽ ചിദംബരത്തിനു ചെറുതല്ലാത്ത പങ്കുണ്ട്. സാന്പത്തിക വിദഗ്ധനായ ഈ 76കാരൻ പക്ഷേ ചരിത്ര, മത പണ്ഡിതനാകാൻ ശ്രമിക്കുന്നത് അപകടകരമാണ്.
വിദ്വേഷത്തിനു വളമിടുന്പോൾ
വികൃതവും വ്യാജവുമായ കുരിശുയുദ്ധങ്ങൾ (മിസ്ചീവിയസ് ആൻഡ് ഫേക്ക് ക്രൂസേഡ്സ്) എന്ന പേരിൽ ഇന്ത്യൻ എക്സ്പ്രസിന്റെ ഉത്തരേന്ത്യയിലെ എഡീഷനുകളിൽ ഞായറാഴ്ച ചിദംബരം എഴുതിയ ലേഖനത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയും സംശയകരമാണ്. കേരളത്തിലെ കാര്യങ്ങളിൽ കെപിസിസി അഭിപ്രായം പറയുമെന്നും ചിദംബരം പറയേണ്ടതില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരനു പരസ്യമായി പറയേണ്ടി വന്നു.
ലോകം നേരിടുന്ന ഗുരുതരമായ തീവ്രവാദ ഭീഷണികളെ തടയാൻ രാഷ്ട്രീയ, ഭരണ നേതാക്കളുടെ കാപട്യങ്ങളും കള്ളക്കളികളുമാണു തടസമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായിരുന്ന ചിദംബരത്തിന് അറിയാത്തതല്ല. ക്രൈസ്തവരുടെയും ജൂതരുടെയും പുണ്യഭൂമിയായ ജറൂസലെം ഉൾക്കൊള്ളുന്ന വിശുദ്ധ നാട്ടിൽ തീർഥാടനസ്വാതന്ത്ര്യം ലഭിക്കാനും ക്രൈസ്തവരെ കൊന്നൊടുക്കിയ അതിക്രൂരമായ മതപീഡനങ്ങൾ തടയാനുമായി 1095 മുതൽ 1291 വരെ നടന്ന പോരാട്ടങ്ങളാണു കുരിശുയുദ്ധം എന്നറിയപ്പെടുന്നത്. എന്നാൽ ഇതേക്കുറിച്ചു തെറ്റിദ്ധാരണ പടർത്താനാണു ചിദംബരം ശ്രമിച്ചത്. ചരിത്ര വസ്തുതകളെ വക്രീകരിച്ചു കുളം കലക്കാനാണു ചിദംബരത്തിന്റെ ശ്രമം. ഈ യുദ്ധങ്ങളെക്കുറിച്ചുള്ള ന്യായീകരണങ്ങൾ വിശദീകരിക്കാനാകാത്തത് (ഇൻഎക്സ്പ്ലിക്കബിൾ) ആണെന്നും ഇതേ ചിദംബരം എഴുതിയിട്ടുമുണ്ട്.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ജാഗ്രതാ നിർദേശത്തെ വളച്ചൊടിച്ചു ദുരാരോപണം ഉന്നയിച്ച ചിദംബരത്തിന്റെ ലേഖനം ഫലത്തിൽ മതസൗഹാർദത്തിനു മേലുള്ള ആണിയാണ്. അനാവശ്യ വിവാദത്തെ വലുതാക്കി വഷളാക്കി മതവിദ്വേഷം വളർത്തുന്നതിനേ ഇത്തരം ശ്രമങ്ങൾ വഴിതെളിക്കൂ. തീവ്രവാദവും മയക്കുമരുന്നുപയോഗവും വർധിക്കുന്നതാണു സമാധാനാന്തരീക്ഷം തകർക്കുന്നതിലേക്കു വഴിതെളിക്കുന്നതെന്ന യാഥാർഥ്യം ചിദംബരത്തിന് അറിയാത്തതാകില്ല.
വെറുപ്പിന്റെ വിളനിലമല്ല കേരളം
എന്തിലും ഏതിലും വിവാദം മെനഞ്ഞെടുക്കുന്നതിൽ മലയാളികൾക്ക് പ്രത്യേക വിരുതുണ്ട്. ക്രിയാത്മകമാകേണ്ട വിമർശനങ്ങൾപോലും നാശോന്മുഖമാക്കാൻ ചിലർ ശ്രമിക്കുന്നു. വിദ്യാഭ്യാസപരമായും ആരോഗ്യപരമായും സാമൂഹികമായും മുന്നിലായിരുന്നു കേരളം. പുരോഗമന ചിന്താഗതികളിലും മതസൗഹാർദത്തിലും മാതൃകയായിരുന്നു.
എന്നാലിന്നു കടക്കെണിയും സാന്പത്തിക മുരടിപ്പും വളരുന്ന വർഗീയതയും തീവ്രവാദവും കോവിഡ് വ്യാപനവും മുതൽ വിവാദങ്ങളുടെ വിളഭൂമിയായിവരെ കൊച്ചുകേരളം മാറിയിരിക്കുന്നു. ഇതിനിടയിലാണു വൈരവും വിദ്വേഷവും വളർത്താനും പടർത്താനും ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ. അപ്രിയകാര്യങ്ങളെ മൂടിവയ്ക്കുകയോ നിരാകരിക്കുകയോ, പറയുന്നവരെ അധിക്ഷേപിക്കുകയോ അല്ല, അതിന്റെ നിജസ്ഥിതി അന്വേഷിച്ചു കരുതലും തിരുത്തലും നടത്തുകയുമാണു പ്രധാനം.
സഹവർത്തിത്വം അനിവാര്യം
കേരളത്തിന്റെ തനതു സംസ്കാരവും മതസാഹോദര്യവും കാത്തുപരിപാലിക്കപ്പെടണം. സമൂഹത്തിൽ പടരുന്ന തിന്മകൾക്കും തെറ്റായ പ്രവണതകൾക്കുമെതിരേ സ്വന്തം വിശ്വാസിസമൂഹത്തോടു പാലാ ബിഷപ് സദുദ്ദേശ്യത്തോടെ നടത്തിയ പ്രസംഗത്തിലെ രണ്ടു വാചകങ്ങളിൽ തൂങ്ങി വർഗീയത വളർത്താനും രാഷ്ട്രീയ മുതലെടുപ്പിനും നടന്ന ശ്രമങ്ങൾ വലിയ അപായസൂചനയാണ്. മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ മുതൽ ഡിജിപി ലോക്നാഥ് ബെഹ്റ വരെയുള്ളവരും സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ സിനഡും ദേശീയ, അന്തർദേശീയ ഏജൻസികളും നേരത്തേ ഗൗരവത്തോടെ നൽകിയ മുന്നറിയിപ്പുകളുടെ തുടർച്ച മാത്രമാണു പാലാ ബിഷപ് പറഞ്ഞത്.
കല്ലറങ്ങാട്ട് ബിഷപ് പറഞ്ഞതിനേക്കാളേറെ വ്യക്തതയോടെയും പേരെടുത്തുമാണു മുൻ മുഖ്യമന്ത്രിയും മുൻ ഡിജിപിയും പൊതുവേദിയിൽ അപായ മുന്നറിയിപ്പു നൽകിയത്. ദേശീയ, അന്തർദേശീയ ഏജൻസികളും മാധ്യമങ്ങളും പലതവണ ഇതേ പദപ്രയോഗം നടത്തിയിട്ടുമുണ്ട്. തൂന്പയെ തൂന്പ എന്നു വിളിച്ചു തന്നെയാകണം നിയന്ത്രിക്കേണ്ടത്.
വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ കൃത്യമായ സൂചനയുണ്ട്. മതം നോക്കാതെ എല്ലാ തീവ്രവാദികളെയും നിയന്ത്രിക്കാൻ സർക്കാരിനു കഴിയട്ടെ.
കരുതലിന്റെ മുന്നറിയിപ്പ്
ബിഷപ് മാർ കല്ലറങ്ങാട്ട് ഉന്നയിച്ച കാര്യങ്ങളിൽ കഴന്പുണ്ടോയെന്നു പരിശോധിക്കാനായി പ്രാഥമിക അന്വേഷണം പോലും നടത്താൻ സർക്കാരും ബന്ധപ്പെട്ടവരും എന്തേ ഇനിയും തയാറാകാത്തത്? ഒളിച്ചുവയ്ക്കാനും ഭയപ്പെടാനുമില്ലെങ്കിൽ നിഷേധിക്കലുകളും തെരഞ്ഞെടുത്ത ചില കണക്കുകളുമല്ല, വിശദമായ അന്വേഷണമാണു നടക്കേണ്ടത്. ഐഎസ് മാത്രമല്ല ഭീകരസംഘടന. താലിബാൻ, അൽ ഖ്വയ്ദ, ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയിബ, ബോക്കോ ഹറാം തുടങ്ങിയവ മുതൽ പോപ്പുലർ ഫ്രണ്ട,് നിരോധിച്ച സിമി തുടങ്ങി കൊച്ചുകേരളത്തിലെ വാഗമണ്ണിലും കണ്ണൂരിലുംവരെ കണ്ടെത്തിയ തീവ്രവാദ ക്യാന്പുകളും സ്ലീപ്പർ സെല്ലുകളും മതമൗലികവാദവും കാണാതെ പോകരുത്.
ആർഎസ്എസും ബിജെപിയും സംഘപരിവാർ ഗ്രൂപ്പുകളും രാജ്യത്തു ഹിന്ദുത്വ വർഗീയത വളർത്തുന്നു എന്നു വിമർശിക്കുന്നവർ തന്നെയാണു ചുരുക്കം ചിലരുടെ തിന്മകൾക്കെതിരേ ബിഷപ് ജാഗ്രത നൽകിയപ്പോൾ ഉറഞ്ഞുതുള്ളിയത്! എല്ലാത്തരം മതമൗലികവാദവും വർഗീയതയും ഒരുപോലെ ചെറുക്കപ്പെടണം. കടുത്ത വർഗീയതയും തീവ്രവാദവും പ്രസംഗിച്ച മറ്റു ചിലരുടെ വീഡിയോ തെളിവുകളും ലഭ്യമാണ്. പക്ഷേ പ്രതിഷേധമോ, നടപടിയോ ഇല്ല. പുറത്തുനിന്നു ആളുകളെയിറക്കി പാലാ ബിഷപ്സ് ഹൗസിലേക്കു പ്രകോപനപരമായ പ്രകടനവും മുദ്രാവാക്യം വിളികളും നടത്തിയവരെ തടയുകയോ കുഴപ്പക്കാർക്കെതിരേ നടപടിയോ ഉണ്ടായില്ല.
മതം നോക്കാതെ നടപടി
മതതീവ്രവാദവും ഭീകരതയുടെ കണ്ണികളും ലഹരി, മയക്കുമരുന്ന്, കള്ളക്കടത്ത്, കള്ളപ്പണ മാഫിയകളും കേരളത്തിൽ അപകടകരമായ നിലയിലേക്കു വളരുന്നുവെന്നതു നിഷേധിക്കാനാകില്ല. മൂടിവയ്ക്കാനും ഇല്ലെന്നു വരുത്തിത്തീർക്കാനും ശ്രമിക്കുന്തോറും പ്രശ്നം കൂടുതൽ വഷളാവുകയേയുള്ളൂ. തെറ്റുകൾക്കു മതത്തെ മറയാക്കാൻ ആരെയും അനുവദിച്ചുകൂടാ.
ആരോപണ, പ്രത്യാരോപണങ്ങൾ നിരത്തി വിഷയം സങ്കീർണ്ണമാക്കാതിരിക്കാൻ എല്ലാവർക്കും കടമയുണ്ട്. അതിനാലാണു ബന്ധപ്പെട്ട കണക്കുകളും സ്ഥിതിവിവരങ്ങളും റിപ്പോർട്ടുകളും ചിലരുടെ പേരുകളും ഇവിടെ ഒഴിവാക്കുന്നത്. സർക്കാരിനും സർക്കാർ ഏജൻസികൾക്കും വസ്തുതകളും ഭീഷണികളും വെല്ലുവിളികളും കണ്ടെത്താൻ സംവിധാനമുണ്ട്. പ്രശ്നം ചൂണ്ടിക്കാണിക്കുന്നവരെയല്ല, പ്രശ്നത്തെയാണു രാജ്യവും കേരളവും നേരിടേണ്ടത്. പുരോഗമന, ജനാധിപത്യ, മതേതര കേരളത്തിനു താലിബാൻ മനോഭാവം തീർത്തും ഭൂഷണമല്ല.
കരുത്താകട്ടെ മതേതരത്വം
ഇന്ത്യയിലെ മഹാഭൂരിപക്ഷം പേരും സമാധാന പ്രേമികകളാണ്. മയക്കുമരുന്നുകളുടെ വ്യാപനത്തിനും തീവ്രവാദത്തിനും ഭീകരതയ്്ക്കുമെതിരേ പൊതുസമൂഹവും മത, രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളും യോജിച്ചു പോരാടേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തുർക്കിയും സിറിയയും ഇറാക്കും മുതൽ നൈജീരയയും ഫ്രാൻസും ന്യൂസിലൻഡും ശ്രീലങ്കയുംവരെയുള്ള രാജ്യങ്ങൾ നമുക്കു പാഠവും മുന്നറിയിപ്പുമാണ്. സമാധാനത്തിനും പുരോഗതിക്കും തടസമാകുന്ന സാമൂഹ്യതിന്മകളെ ഉന്മൂലനം ചെയ്യാനാകട്ടെ നമ്മുടെ ഉൗർജം ചെലവഴിക്കേണ്ടത്.
ജോർജ് കള്ളിവയലിൽ