കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും
Tuesday, September 22, 2020 1:31 AM IST
ലോക്സഭയ്ക്കു പിന്നാലെ ബഹളത്തിനിടയിൽ രാജ്യസഭയും തിരക്കിട്ടു പാസാക്കിയ വിവാദ കർഷക ബില്ലുകൾ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. കേന്ദ്രസർക്കാരിന്റെ സഖ്യകക്ഷികളായ അകാലിദളിന്റെ പ്രബലയായ ഏകമന്ത്രി രാജിവച്ചിട്ടും ഹരിയാനയിലെ ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടി (ജെജെപി)യും ഏറ്റവുമൊടുവിൽ ഒഡീഷയിലെ ബിജു ജനതാദളും അടക്കമുള്ളവർ എതിർത്തിട്ടും എങ്ങനെയും ബില്ലുകൾ പാസാക്കാൻ മോദി സർക്കാർ എന്തിനാണ് അമിത താത്പര്യം കാട്ടിയത്? അണ്ണാ ഡിഎംകെ, വൈഎസ്ആർ കോണ്ഗ്രസ്, ടിആർഎസ് അടക്കം സർക്കാരിനെ അനുകൂലിക്കാറുള്ള മറ്റു ചില പാർട്ടികളും ബില്ലിൽ ആശങ്കയും എതിർപ്പും പ്രകടിപ്പിക്കുന്നു.
പൗരത്വ ഭേദഗതി ബിൽ മുതൽ ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കൽ വരെയുള്ള എൻഡിഎ സർക്കാരിന്റെ എല്ലാ ബില്ലുകളെയും അനുകൂലിക്കുകയും ഇതേ കർഷക ബില്ലുകളെ ലോക്സഭയിൽ പിന്തുണയ്ക്കുകയും ചെയ്ത ശേഷമാണ് ബിജെഡി നിലപാട് മാറ്റിയത്. കോണ്ഗ്രസ് നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷവും തൃണമൂൽ കോണ്ഗ്രസും ഇടതുകക്ഷികളും അടക്കമുള്ളവരെല്ലാം ബില്ലുകളെ എതിർക്കുകയും നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുകയും ചെയ്തിട്ടും ബില്ലുകൾ പാർലമെന്റ് സെലക്ട് കമ്മിറ്റിക്ക് അയയ്ക്കുകയെന്ന കീഴ്വഴക്കം പോലും പാലിച്ചില്ല.
2003ൽ മാതൃകാ നിയമം
സാന്പത്തികം, കൃഷി, കയറ്റിറക്കുമതി, വിദേശവ്യാപാര കരാറുകൾ അടക്കമുള്ളവയിലെ നയങ്ങളിലും സമീപനങ്ങളിലും യുപിഎ, എൻഡിഎ സർക്കാരുകൾ തമ്മിൽ ഫലത്തിൽ വലിയ വ്യത്യാസങ്ങളില്ല. കേരളത്തിൽ പ്രസക്തമല്ലെങ്കിലും ഉത്തേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ കാർഷികോത്പന്ന വിപണന സമിതികൾ (അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) രൂപീകരിക്കാനുള്ള 2003-ലെ മാതൃകാ നിയമം അംഗീകരിക്കാൻ 2004ൽ അധികാരത്തിലെത്തിയ മൻമോഹൻ സിംഗ് സർക്കാർ സംസ്ഥാനങ്ങളെ ഉപദേശിച്ചിരുന്നു. 2007ൽ ഇതിനായി ചട്ടങ്ങളും രൂപീകരിച്ചു. അന്തർസംസ്ഥാന വ്യാപാരം സുഗമമാക്കുന്നതിനായി 2013ൽ കരടു നിയമം തയാറാക്കിയെങ്കിലും എതിർപ്പുകളെത്തുടർന്ന് ഉപേക്ഷിച്ചു. എപിഎംസി നിയമം റദ്ദാക്കുമെന്ന് 2019ലെ കോണ്ഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതും കാണാതെപോകരുത്.
എന്നാൽ, 2014ൽ അധികാരത്തിലെത്തിയ ഉടൻ മോദി സർക്കാർ തിടുക്കത്തിൽ ചില വ്യതിയാനങ്ങൾക്കും വലിയ മാറ്റങ്ങൾക്കും തുടക്കം കുറിച്ചു. കൃത്യമായ പദ്ധതിയോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ തുടർച്ചയാണ് ഇപ്പോഴത്തെ രണ്ടു കർഷക ബില്ലുകളും അവശ്യസാധന നിയമ ഭേദഗതിയും. കർഷകർക്ക് ഇരട്ടി വരുമാനം ഉറപ്പാക്കുമെന്ന വാഗ്ദാനം മാത്രം പാലിച്ചതുമില്ല. രാജ്യത്താകെ കർഷക ആത്മഹത്യകൾക്കും കർഷകരുടെ ദുരിതങ്ങൾക്കും കുറവില്ല.
വിവാദ ബില്ലുകൾ വന്ന വഴി
കർഷകരെ ബാധിക്കുന്ന രണ്ടു പുതിയ നിയമനിർമാണങ്ങളും അതോടനുബന്ധിച്ചുള്ള അവശ്യസാധന നിയമ ഭേദഗതിയും വസ്തുനിഷ്ഠമായി പരിശോധിക്കാം. പാർലമെന്റ് പാസാക്കിയ വിവാദ കർഷകബില്ലുകൾ എന്താണ്? പശ്ചാത്തലം എന്താണ്?
കോവിഡ് മഹാമാരിയുടെ കാലത്ത് മോദി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളാണു ലോക്സഭയിലും രാജ്യസഭയിലും തെരക്കിട്ടു പാസാക്കിയത്. കാർഷിക മേഖലയിലെ സമഗ്ര പരിഷ്കാരങ്ങളേക്കാളും കർഷകരോടുള്ള സ്നേഹത്തേക്കാളുമേറെ കോർപറേറ്റ് മുതലാളിമാരുടെ താത്പര്യം ഇതിനു പിന്നിലുണ്ട്. നിരവധി വർഷങ്ങളുടെ ആലോചനകളും പദ്ധതികളും ഇതിനു പിന്നിലുണ്ട്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) പുനഃസംഘടിപ്പിക്കാനും ഒരു പരിധിവരെ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് 2004 ഓഗസ്റ്റിൽ മോദി സർക്കാർ നിയമിച്ച ശാന്തകുമാർ കമ്മിറ്റിയുടെ ശിപാർശയുടെ തുടർച്ച കൂടിയാണു പുതിയ നിയമങ്ങളും നിയമഭേദഗതിയും. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശാന്തകുമാർ അധ്യക്ഷനായ ഉന്നതതല സമിതിയെ 2014 ഓഗസ്റ്റിലാണ് നിയമിച്ചത്. ശാന്തകുമാറിനു പുറമെ ആറ് അംഗങ്ങളെയും സമിതിയിൽ നിയമിച്ചിരുന്നു. ഇതു കൂടാതെ ഒരു പ്രത്യേക ക്ഷണിതാവും സമിതിയിലുണ്ടായിരുന്നു. അന്നത്തെ എഫ്സിഐ ചെയർമാൻ സി. വിശ്വനാഥ്, ഐടി സെക്രട്ടറി രാം സേവക് ശർമ, അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് കമ്മീഷൻ ചെയർമാൻ അശോക് ഗുലാത്തി, പഞ്ചാബ്, ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറിമാർ, ഐഐഎം ഹൈദരാബാദിലെ ജി. രഘുറാം, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ജി. നൻചരയ്യ എന്നിവരുടെ ഈ സമിതി 2015 ജനുവരി 21-ന് പ്രധാനമന്ത്രിക്കു റിപ്പോർട്ട് നൽകുകയും ചെയ്തു.
യുപിഎ സർക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും കേരളത്തിലെ ശക്തമായ റേഷൻ സംവിധാനത്തിന്റെയും അടിത്തറയിളക്കുന്ന വിധത്തിൽ റേഷൻ കൂടുതൽ പരിമിതപ്പെടുത്താൻ ശാന്തകുമാർ സമിതി ശിപാർശ ചെയ്തു. രാജ്യത്ത് 67 ശതമാനം പേർക്കു നൽകിവരുന്ന റേഷൻ (അഞ്ചു കിലോഗ്രാം അരി വീതം) 40 ശതമാനത്തിനായി ചുരുക്കണം. സന്പന്നരെ ഒഴിവാക്കിയിട്ടുള്ള നിലവിലെ റേഷൻ സംവിധാനത്തിൽ നിന്നു വീണ്ടും 27 ശതമാനം പേരെ കൂടി ഒഴിവാക്കുക. ഫലത്തിൽ 30 കോടിയോളം പേരുടെ റേഷൻ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്കു സാവധാനമെങ്കിലും സർക്കാർ നീങ്ങുകയാണ്. ആധാറും ഡയറക്ട് കാഷ് ട്രാൻസ്ഫറുമെല്ലാം ഇതിലേക്കു വഴിതെളിക്കുന്നുമുണ്ട്.
വ്യാപാര, ശക്തീകരണ, അവശ്യസാധന ബില്ലുകൾ
1. കാർഷികോത്പന്ന വ്യാപാര വാണിജ്യ ബിൽ -ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ബിൽ 2020.
2. കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ -ദി ഫാർമേഴ്സ് (എൻപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓണ് പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവീസസ് ബിൽ 2020.
3. അവശ്യ സാധന നിയമ ഭേദഗതി- ദി എസെൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്റ്) ബിൽ 2020.
കാർഷികോത്പന്ന വ്യാപാര വാണിജ്യ ബിൽ
കാർഷികോത്പന്ന വിപണന സമിതികളുടെ (എപിഎംസി) കുത്തക ഇല്ലാതാക്കുകയാണു കാർഷികോത്പന്ന വ്യാപാര വാണിജ്യ ബില്ലിന്റെ പ്രധാന ലക്ഷ്യം. ഉത്തരേന്ത്യയിലെ വൻകിടക്കാരും ഭൂപ്രഭുക്കളുമടക്കമുള്ളവരുടെ നിയന്ത്രണത്തിലാണ് മിക്ക എംപിഎംസികളും. സർക്കാർ നിയന്ത്രിത ചന്തകൾക്ക് (ഹിന്ദിയിൽ മണ്ഡികൾ) പുറത്ത് ഉത്പന്നം വിൽക്കാൻ ഈ നിയമം അനുസരിച്ചു കർഷകർക്കു സ്വാതന്ത്ര്യം കിട്ടും.
സംസ്ഥാനത്തിനകത്തും അന്തർ സംസ്ഥാന വ്യാപാരത്തിനും നിയമം പ്രോത്സാഹനം നൽകുന്നു. ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ വ്യാപാരം സുഗമമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കന്പനികൾ, പാർട്ണർഷിപ്പ് ഫേമുകൾ, രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ, കാർഷിക സഹകരണ സംഘങ്ങൾ, കർഷക ഉത്പാദന സംഘടനകൾ തുടങ്ങിയവർക്കെല്ലാം ഇ- വ്യാപാരത്തിന് അനുമതിയുണ്ട്.
കാർഷിക വ്യാപാരങ്ങൾക്കു മേൽ സംസ്ഥാന സർക്കാരുകൾ നികുതിയോ, ഫീസോ ചുമത്തുന്നതിനു നിരോധനമുണ്ടാകും. മാർക്കറ്റ് ഫീ, സെസ്, കർഷകരുടെയോ വ്യാപാരികളുടെയോ ഇ-വ്യാപാര പ്ലാറ്റ്ഫോമുകളുടെയോ മേലുള്ള ലെവി, വ്യാപാര മേഖലയ്ക്കു പുറത്തുള്ള കർഷകരുടെ വ്യാപാരം തുടങ്ങിയവയുടെ മേൽ സംസ്ഥാനങ്ങൾ തുക ഈടാക്കുന്നതു ബില്ലിൽ നിരോധിച്ചു.
പതിവു ചന്തകൾക്കും എപിഎംസികൾക്കും പുറമേ കൃഷിഭൂമിയുടെ പരിസരം (ഫാം ഗേറ്റ്സ്), ഫാക്ടറി പരിസരങ്ങൾ, വെയർഹൗസുകൾ, സൈലോകൾ പോലുള്ള മറ്റു സംഭരണ കേന്ദ്രങ്ങൾ, ചെറുതും വലുതുമായ കോൾഡ് സ്റ്റോറേജുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം കർഷകർക്ക് ഉത്പന്നം വിൽക്കാനും ഇടപാടുകൾ നടത്താനും നിയമ പരിരക്ഷയുണ്ടാകും.
കർഷക ശക്തീകരണ, സംരക്ഷണ ബിൽ
കരാർ കൃഷിക്കു നിയമപ്രാബല്യം നൽകുന്നതാണു കർഷക ശക്തീകരണ, സംരക്ഷണ ബിൽ എന്ന കേട്ടാൽ സുഖമുള്ള പേരു നൽകിയ രണ്ടാമത്തെ നിയമം. കർഷകനും ഉത്പാദിപ്പിക്കുന്ന വിളകൾ വാങ്ങുന്നവനും (കുത്തക കന്പനികൾ അടക്കം) തമ്മിൽ കൃഷിക്കു മുന്പേ കരാറിലേർപ്പെടാനാകും. വൻകിടക്കാർക്ക് ആവശ്യമായ കാർഷികോത്പന്നം അവർക്കുവേണ്ടി അവർ പറയുന്ന രീതിയിലും അളവിലും കർഷകൻ ഉത്പാദിപ്പിച്ചു നൽകാമെന്നതാണു കരാർ.
ചുരുങ്ങിയത് ഒരു കൃഷിസീസണിലേക്കോ വളർത്തുമൃഗങ്ങളുടെ ഒരു ഉത്പാദന കാലയളവിലേക്കെങ്കിലുമോ കർഷകൻ കരാർ ഒപ്പിടണം. അഞ്ചു വർഷത്തിലേറെ ഉത്പാദന കാലയളവില്ലാത്തവയുടെ കാര്യത്തിൽ പരമാവധി അഞ്ചു വർഷത്തേക്കാകും കരാർ കാലവധിയെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കാർഷികോത്പന്നത്തിന്റെ വില കരാറിൽ നിജപ്പെടുത്തണം. വിലവ്യതിയാനം വരുന്നവയുടെ കാര്യത്തിൽ ചുരുങ്ങിയ വിലയാകും രേഖപ്പെടുത്തുക. ഇത്തരം കേസുകളിൽ ഉറപ്പു നൽകിയ വിലയുടെ ഉപരിയായ തുകയെക്കുറിച്ചും കൃത്യമായ റഫറൻസ് ഉണ്ടാകണം. വില നിശ്ചയിക്കുന്നതിന്റെ രീതിയും പ്രകിയയും കരാറിൽ രേഖപ്പെടുത്തണം.
മൊത്തക്കച്ചവടക്കാർ, റിലയൻസ്- അദാനി- ബിർള പോലെ രാജ്യമാകെ ശൃംഖലകളുള്ള വൻകിട ചില്ലറ വിൽപ്പനക്കാർ, ഫാക്ടറികൾ അടക്കം വൻ സംസ്കരണക്കാർ, കയറ്റുമതിക്കാർ എന്നിവർക്കെല്ലാം സാധാരണ കർഷകരുമായി കരാർ കൃഷിയിൽ ഏർപ്പെടാൻ നിയമം സഹായിക്കും.
പരാതിപരിഹാരത്തിനു ത്രിതല സംവിധാനമാണു നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സമവായ സമിതി (കണ്സിലിയേഷൻ ബോർഡ്), സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, അപ്പലേറ്റ് അഥോറിറ്റി എന്നിവ. പരാതി പരിഹാരത്തിനുള്ള സമവായ ബോർഡിൽ ന്യായവും സന്തുലിതവുമായ പ്രാതിനിധ്യം ഉണ്ടാകണമെന്നു പറയുന്നുണ്ടെങ്കിലും ചില അവ്യക്തതകളുണ്ട്. 30 ദിവസത്തിനകം പരിഹാരം ഉണ്ടായില്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ കരാറിലെ രണ്ടു പാർട്ടികൾക്കും സമീപിക്കാം. എസ്ഡിഎമ്മിന്റെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ ജില്ലാ കളക്ടറോ അഡീഷണൽ കളക്ടറോ അധ്യക്ഷനായ അപ്പലേററ്റ് അഥോറിറ്റിയെ സമീപിക്കാം. എസ്ഡിഎം, കളക്ടർ എന്നിവർ അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അന്തിമതീരുമാനമെടുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കരാർ ലംഘിച്ചതായി കണ്ടെത്തിയാൽ ലംഘനം നടത്തിയ പാർട്ടിക്കെതിരേ പിഴ ഏർപ്പെടുത്താനും എസ്ഡിഎമ്മിനും കളക്ടറുടെ അപ്പലേറ്റ് അഥോറിറ്റിക്കും അധികാരമുണ്ട്. എന്നാൽ, ഇതെത്ര ശതമാനമെന്നു കൃത്യമായി പറയുന്നില്ല. ഏതു കാരണത്താലും കുടിശിക ഈടാക്കാനായി കർഷകന്റെ ഭൂമിക്കെതിരേ നടപടിയെടുക്കാൻ പാടില്ലെന്നും ബില്ലിൽ പറയുന്നു.
അവശ്യസാധന ഭേദഗതി ബിൽ
പെട്ടെന്നു നശിക്കാവുന്ന കാർഷികോത്പന്നങ്ങൾക്ക് (പെരീഷബിൾ ഗുഡ്സ്) ശരാശരി 50 ശതമാനവും ഹോർട്ടികൾച്ചർ ഉൾപ്പെടെ അല്ലാത്തവയ്ക്ക് (നോണ് പെരീഷബിൾ ഐറ്റംസ്) നൂറു ശതമാനവും വില കൂടിയാൽ മാത്രം സംഭരണ നിയന്ത്രണം അടക്കം സർക്കാർ ഇടപെട്ടാൽ മതിയെന്നു വ്യവസ്ഥ ചെയ്യുന്നതാണ് അവശ്യസാധന ഭേദഗതി നിയമം. ഒരു വർഷത്തെയോ അഞ്ചു വർഷത്തെയോ ശരാശരി (ഇതിൽ ഏതാണോ കുറവ്) വിലയാകും കണക്കാക്കുക.
തൊട്ടുമുന്പുള്ള വർഷമോ, വർഷങ്ങളിലോ ന്യായമായ വിലയേക്കാൾ വളരെ കൂടുതൽ വില ഇടയ്ക്കെല്ലാം കൂടിയിട്ടുള്ളവയുടെ ശരാശരി വില കണക്കാക്കുന്പോൾ ശരാശരി വില കൂടുതലായേക്കും. വില ഫലത്തിൽ വളരെക്കൂടിയാലും സർക്കാർ ഇടപെടൽ ഉണ്ടാവില്ല. ഭക്ഷ്യോത്പന്നങ്ങളുടെ വില കുത്തനെ കൂടുന്പോഴും പുതിയ ഭേദഗതിയനുസരിച്ച് അത്യപൂർവ അവസരങ്ങളിൽ മാത്രമാകും സർക്കാർ ഇടപെടുക. യുദ്ധം, വലിയ പ്രത്യാഘാതം ഉണ്ടാക്കിയ പ്രകൃതിദുരന്തം, കൊടുംപട്ടിണി, അസാധാരണ വിലക്കയറ്റം തുടങ്ങിയവയാണ് ഈ അത്യപൂർവ അവസരങ്ങൾ.
ഭക്ഷ്യധാന്യങ്ങൾ, പയർ- പരിപ്പു വർഗങ്ങൾ, സവോള, കിഴങ്ങ്, ഭക്ഷ്യയെണ്ണ, എണ്ണക്കുരുക്കൾ തുടങ്ങി പതിവായി വില കൂടുന്നവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്നു നീക്കുകയും ചെയ്തു. വ്യാപാരികൾ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, മില്ലുകൾ, സംസ്കരണ ഫാക്ടറികൾ തുടങ്ങിയവയ്ക്ക് എത്ര വേണമെങ്കിലും സ്റ്റോക്ക് ചെയ്യുന്നതിനു തടസമില്ല.
ജോർജ് കള്ളിവയലിൽ