തിരുവോണത്തിന് "പത്തൊമ്പതാം നൂറ്റാണ്ട്' തീയറ്ററിൽ
Saturday, August 13, 2022 3:25 PM IST
വിനയന് ചിത്രം "പത്തൊമ്പതാം നൂറ്റാണ്ട്' സെപ്റ്റംബര്‍ എട്ടിന് തിരുവോണ ദിവസം തിയറ്ററിലെത്തും. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രമായിട്ടാകും റിലീസ് ചെയ്യുക. യുവതാരം സിജു വിൽസനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി ചിത്രത്തിൽ എത്തുന്നത്.
അഞ്ച് ഭാഷകളിലായിട്ടാണ് ഓണക്കാലത്ത് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. എല്ലാ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാകും പത്തൊമ്പതാം നൂറ്റാണ്ടെന്ന് സംവിധായകൻ വിനയന് പ്രതീക്ഷ പ്രകടിപ്പിച്ചു.
1800 കാലഘട്ടത്തിലെ സംഘര്‍ഷാത്മകമായ തിരുവിതാംകൂര്‍ ചരിത്രമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആക്ഷന്‍ പാക്ഡ് ആയ ത്രില്ലര്‍ സിനിമയായി വരുന്ന പത്തൊന്‍പതാം നൂറ്റാണ്ട് സിജു വിത്സണ് എന്ന യുവനടന്റെ കരിയറിലെ നാഴികക്കല്ല് ആയിരിക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ചിത്രത്തിലെ നാല് പാട്ടുകൾ ഒരുക്കിയിരിക്കുന്നത് റഫീഖ് അഹമ്മദ്-എം.ജയചന്ദ്രൻ സഖ്യമാണ്. സന്തോഷ് നാരായണനാണ് പശ്ചാത്തല സംഗീതം. സുപ്രീം സുന്ദറും രാജശേഖറും ചേര്‍ന്ന് ഒരുക്കിയ ആറ് ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു.
അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന് ആചാരി, സെന്തില്‍ക്യഷ്ണ, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, ട്വിങ്കിള്‍ ജോബി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.