പറക്കാനൊരുങ്ങി സോളമന്റെ തേനീച്ചകള്‍: ചിത്രം വ്യാഴാഴ്ച തിയറ്ററില്‍
Wednesday, August 17, 2022 3:13 PM IST
പ്രണയവും സൗഹൃദവും ജീവിതവും വ്യത്യസ്തമായി അവതരിപ്പിച്ച് ലാല്‍ ജോസ് ചിത്രം സോളമന്റെ തേനീച്ചകളുടെ ട്രെയിലർ. രണ്ട് സുഹൃത്തുക്കളും അവരുടെ സ്വപ്നങ്ങളുമാണ് ട്രെയിലറിന്റെ ആദ്യഭാഗത്തില്‍ കാണിക്കുന്നത്.
എന്നാല്‍ പിന്നീട് അവരുടെ ജീവിതത്തിലുണ്ടായ നിര്‍ണായകമായ ഒരു ദിവസവും അതിന്റെ അന്വേഷണങ്ങളുമാണ് കാണിക്കുന്നത്. പ്രേക്ഷകരില്‍ ആകാംഷ നിറയ്ക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റിയാലിറ്റി ഷോ താരങ്ങളായിരുന്ന ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് സോളമന്റെ തേനീച്ചകള്‍ ഒരുക്കിയിരിക്കുന്നത്. മറ്റൊരു സുപ്രധാന വേഷത്തില്‍ ജോജു ജോര്‍ജും ചിത്രത്തിന്റെ ഭാഗമാകുന്നു.
ലാല്‍ ജോസും സംഗീത സംവിധായകന് വിദ്യാസാഗറും 10 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പി.ജി. പ്രഗീഷ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജ്മല്‍ സാബുവാണ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, ഗാനരചന വയലാര്‍ ശരത്, വിനായക് ശശികുമാര്‍. ചിത്രം ഓഗസ്റ്റ് 18-ന് തിയറ്ററുകളിൽ എത്തും.