മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപ്പാക്കുന്നതെന്നും അസോസിയേഷനില്‍ താര സംഘടനയായ "അമ്മ'യുടെ സ്വാധീനം ശക്തമാണെന്നും താരങ്ങള്‍ക്ക് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു.
സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥ മാറണം. സ്ത്രീകൾക്ക് സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നുവെന്നും പല സ്ത്രീ നിർമാതാക്കൾക്കും മെന്റൽ ഹരാസ്മെന്റ് ഉണ്ടാകുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു.
സംഘടനകളുടെ തലപ്പത്ത് സ്ത്രീകൾ വരണം. വ്യാജ പീഡന പരാതികൾ വരുന്നു എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടിനോട് യോജിപ്പില്ല. തീയില്ലാതെ പുകയുണ്ടാകില്ല. പരാതികളിൽ കൃത്യമായ അന്വേഷണം നടക്കണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പിറ്റേദിവസം മുതൽ ഇക്കാര്യത്തിൽ മുന്നോട്ട് വന്ന് സംസാരിക്കണമെന്ന് സംഘടനയോട് നമ്മൾ ആവശ്യപ്പെടുന്നതാണ്. ചർച്ച ചെയ്യേണ്ടൊരു വിഷയമാണെന്ന് പലവട്ടം പറഞ്ഞതാണ്. എന്നാൽ അതിനൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. നമ്മളെ സംബന്ധിച്ച വിഷമല്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യവുമില്ല എന്ന ആറ്റിറ്റ്യൂഡാണ് അവർക്ക്.
ഇതോടെയാണ് ഞങ്ങൾ വനിത നിര്‍മാതാക്കള്‍ ശക്തമായി പ്രതികരിച്ചത്. നിർമാതാക്കളുടെ സംഘടയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്ക് ഒരു കത്ത് നൽകിയിരുന്നു. അത് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ പോലും അറിഞ്ഞിട്ടില്ല.
ചർച്ച ചെയ്തിട്ടുമില്ല. ഇത്തരത്തിൽ പത്രക്കുറിപ്പുകൾ റിലീസ് ചെയ്യുന്നതല്ലാതെ മുന്നോട്ട് വന്ന് സംസാരിക്കാൻ നിർമാതാക്കളും സംഘടനയും ഭയക്കുന്നുണ്ട്. ഹേമ കമ്മിറ്റിയെ കുറിച്ച് സംസാരിക്കാത്ത അസോസിയേഷൻ നിവിൻ പോളിയുടെ ഒരു വിഷയം വന്ന് മണിക്കൂറുകൾക്ക് ഉള്ളിലാണ് കുറിപ്പിറക്കിയത്.
അതിനർത്ഥം താരങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന സംഘടയാണ് അതെന്നാണ്. അമ്മ എന്ന സംഘടനയുടെ ഉപസംഘടനയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. സാന്ദ്രാ തോമസ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.