പാക്കപ്പ് പറഞ്ഞ് ക്രിസ്റ്റഫർ; 79 ദിവസം നീണ്ട ചിത്രീകരണം
Friday, September 30, 2022 8:53 AM IST
മമ്മൂട്ടി–ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണമാണ് പൂർത്തിയായത്. സെപ്റ്റംബർ 29 പുലർച്ചെ രണ്ടോടെയാണ് ചിത്രീകരണം പൂർത്തിയായതെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്.
ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ് എന്ന ടാഗ്ലൈനിൽ ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. ചിത്രം നിർമിക്കുന്നത് ഇലുമിനേഷൻസ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്.