ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്
Friday, September 30, 2022 11:17 AM IST
2020 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. ഇതിനോടൊപ്പം തന്നെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും ഇന്നു വിതരണം ചെയ്യും. വൈകിട്ട് അഞ്ചിന് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയാകുന്നത്.
എട്ടു പുരസ്കാരങ്ങളാണു മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സച്ചി (കെ.ആർ. സച്ചിദാനന്ദൻ) ആണു മികച്ച സംവിധായകൻ. സച്ചിയ്ക്കു വേണ്ടി ഭാര്യ സിജി സച്ചി പുരസ്കാരം ഏറ്റുവാങ്ങും. ഈ ചിത്രം മാത്രം നാലു പുരസ്കാരങ്ങളാണ് നേടിയത്.
സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ആണു മികച്ച സിനിമ. ഇതിലെ പ്രകടനത്തിന് അപർണ ബാലമുരളി മികച്ച നടിയായി. ഇതേ സിനിമയിലെ അഭിനയത്തിന് സൂര്യയും ‘തൻഹാജി: ദി അൺസങ് വാരിയർ’ എന്ന സിനിമയിലൂടെ അജയ് ദേവഗണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. അയ്യപ്പനും കോശിയിലെ ‘കളക്കാത്ത സന്ദനമേറം’ എന്ന ഗാനമാലപിച്ച നഞ്ചിയമ്മയാണു മികച്ച ഗായിക.