ആരാധാകർക്ക് ആവേശം പകർന്ന പ്രഖ്യാപനവുമായി മുരളി ഗോപി
Thursday, May 26, 2022 4:12 PM IST
മോഹൻലാൽ ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു. സംവിധായകൻ പൃഥ്വിരാജും ആരാധകരും ആവേശത്തോടെയാണ് എഫ്ബി പോസ്റ്റിനെ വരവേറ്റത്.
തിരക്കഥയുടെ ചിത്രത്തിനൊപ്പം "എൽ 2 റെഡി ഫോര്‍ ലോഞ്ച്' എന്ന കുറിപ്പാണ് മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. എല്‍ 2 2023 എന്ന് പൃഥ്വിരാജും പോസ്റ്റിന് താഴെ കമന്റ് ചെയ്തതോടെ ആരാധകർ ആവേശത്തിലായി.
2019-ല്‍ പുറത്തിറങ്ങിയ ലൂസിഫർ ബോക്സ് ഓഫീസിൽ വൻ വിജയമാണ് കൊയ്തത്. മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കടന്ന ലൂസിഫറിനേക്കാൾ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകർ കാണുന്നത്.
എമ്പുരാന്റെ ചിത്രീകരണം അധികവും വിദേശ രാജ്യങ്ങളിലായിരിക്കും. താരനിരയെക്കുറിച്ചോ ചിത്രത്തിന്റെ മറ്റ് വിവരങ്ങളെക്കുറിച്ചോ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.