അരുമ മൃഗങ്ങളുടെ കാവൽക്കാരൻ; മോഹൻലാൽ ഒരു ആവാസവ്യൂഹം; വീഡിയോ
Monday, November 28, 2022 9:34 AM IST
എത്ര ഭംഗിയായിട്ടാണ് ചില മനുഷ്യർക്ക് സഹജീവകളോട് കരുണ കാണിക്കാൻ കഴിയുന്നത്. അതിനുള്ള ഏറ്റവും മനോഹരമായ ദൃശ്യങ്ങളും ഒപ്പം എങ്ങനെയാണ് മോഹൻലാൽ എന്ന മനുഷ്യൻ തന്റെ അരുമ മൃഗങ്ങളെ പരിപാലിക്കുന്നതെന്നമുള്ള ഒരു സുന്ദര കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു മോഹൻലാലിനായി ഒരുക്കിയ ഫാമിലി കാരിക്കേച്ചറും അതിനൊപ്പം വരച്ചു തീർത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മൃഗങ്ങളുടെയും കഥകൾ ഉൾപെടുത്തി പുറത്തിറക്കിയിരിക്കുന്ന മോഹൻലാൽ ഒരു ആവാസവ്യൂഹം എന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കുടുംബത്തിനൊപ്പം തന്നെ തനിക്ക് പ്രിയപ്പെട്ട അരുമകളുടെ ചിത്രങ്ങളും ഉൾപെടുത്തണമെന്നായിരുന്നു മോഹൻലാലിന്റെ ആവശ്യം. നടനവൈഭവത്തിനപ്പുറം മോഹൻലാൽ എന്ന മനുഷ്യൻ എങ്ങനെയാണെന്നും വീഡിയോയിൽ സുരേഷ് ബാബു പറയുന്നുണ്ട്.
വാഷ്ബേസനില്‍ ഒരു ഉറുമ്പ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന മോഹൻലാലിനെ താന്‍ കണ്ടിട്ടുണ്ട്. കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന മോഹൻലാലിനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിലെ സഹജീവി സ്നേഹിയെപ്പറ്റി എവിടെയും ചര്‍ച്ചയായിട്ടില്ലെന്നും സുരേഷ് ബാബു പറയുന്നു. ജനത മോഷൻ പിക്ചേഴ്സാണ് വീഡിയോ നിർമിച്ചിരിക്കുന്നത്.