പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ് "കാവൽ'
Tuesday, November 23, 2021 10:29 PM IST
കേരളത്തിലെ പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ് "കാവൽ' എന്ന ചിത്രമെന്ന് സുരേഷ് ഗോപി. കേരളത്തിൽ പീഡനത്തിനിരയായി മരണം വരിച്ച വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാടു പെൺകുട്ടികൾ ജീവിക്കുന്നുണ്ട്. ഇവരെയെല്ലാവരെയും സംരക്ഷിക്കാൻ സാധിക്കുമെന്നല്ല പറയുന്നത്.
എങ്കിലും അവർക്കൊക്കെ കാവലായി താനെന്നുമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗൾഫിൽ കാവൽ റിലീസിനോടനുബന്ധിച്ച് ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിയറ്ററിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അത് താഴേത്തട്ടിലുള്ള ജോലിക്കാർക്ക് മുതൽ തിയറ്റർ ഉടമകൾക്ക് വരെ ഗുണകരമാകുന്നു. ഒടിടിക്ക് വേണ്ടി നിർമിക്കുന്ന ചിത്രങ്ങൾ അത്തരത്തിലുള്ള സാമ്പത്തിക ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടുള്ളവയാണ്. തിയറ്ററുകളോടൊപ്പം ഒടിടിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കാവൽ ഒരു ഫാമിലി ഡ്രാമ–ആക്ഷൻ ചിത്രമാണ്. ആക്ഷൻ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ നിതിൻ രൺജി പണിക്കർ പറഞ്ഞു. കേരളത്തോടൊപ്പം വ്യാഴാഴ്ചയാണ് കാവൽ ഗൾഫിലും റിലീസാവുക.