അമ്മ സംഘടനയില്‍ തനിക്ക് മമ്മൂട്ടി മൊമന്‍റോ നല്‍കിയപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയെന്ന് നാടക രച‍യിതാവും ചലച്ചിത്ര നടനുമായ ഇബ്രാഹിം വേങ്ങര. നാടക കലാകാരന്‍മാര്‍ക്ക് നല്‍കുന്ന എസ്.എൽ പുരം സദാനന്ദന്‍ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു അദ്ദേഹം.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അമ്മ സംഘടനയുടെ വാര്‍ഷികയോഗമായിരുന്നു 26-6-2022ന്. അമ്മ വാര്‍ഷിക സംഗമത്തില്‍ ഇതേവരെ പങ്കെടുക്കാതിരുന്നിട്ടില്ല. കാരണം, കേരളത്തിന്‍റെ തമിഴ് ഊരുകളിലെ കലാകാരന്മാരുടെ ഒത്തുകുടലാണ് ജുണ്‍ മാസത്തിലെ അവസാന ഞായറാഴ്ച.

ഇന്നലത്തെ മീറ്റിംഗില്‍ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം ഉണ്ടായി. സിനിമ ജീവിതത്തില്‍ ആടിത്തളര്‍ന്ന് ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാരെ ഒന്നിച്ചു ചേര്‍ത്തു നിര്‍ത്താന്‍ ഒരു കേന്ദ്രം സ്ഥാപിക്കാന്‍ പോകുന്നു. പ്രശസ്ത സിനിമ നടന്‍ ശ്രീ സുരേഷ് ഗോപിയുടെ ജന്മദിനം അമ്മ കൊണ്ടാടി.

ഒരു നാടക കലാകാരന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ എസ്.എല്‍ പുരം സദാനന്ദന്‍ പുരസ്കാരം -2020- കേരള സംഗീത നാടക അക്കാദമിയും, കേരള സാംസ്കാരിക വകുപ്പും ചേര്‍ന്നുനല്‍കുന്ന -പുരസ്കാരം ലഭിച്ചതിന്‍റെ പേരില്‍ അമ്മ എനിക്ക് നല്‍കിയ ആദരവിന്‍റെ വലിപ്പം, മാറ്റ്, മൂല്യമളക്കാന്‍ എനിക്ക് സാധ്യമല്ല.

സമ്മാനം ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് ക്ഷണിച്ച എനിക്ക് ആര് മൊമന്‍റോ നല്‍കും എന്ന സംശയം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ അഭിനയചക്രവര്‍ത്തി ശ്രീ മമ്മൂട്ടി സദസില്‍നിന്നു ചോദിച്ചു: "എന്നെപ്പറ്റുമോ?'. വേദിയും, സദസും ഹര്‍ഷാരവം മുഴക്കി.

ശ്രീ മമ്മൂട്ടി എന്നോടു ചോദിച്ചു- സന്തോഷമായോ? മറുപടിപറയാന്‍ കഴിയാതെ എന്‍റെ കണ്ണുനിറഞ്ഞു. ഞാന്‍ എത്ര ഭാഗ്യവാന്‍.