ഒരു പോലീസുകാരന്റെ മരണം: സംവിധായികയായി രമ്യ അരവിന്ദിന്റെ അരങ്ങേറ്റം
Thursday, November 25, 2021 4:06 PM IST
സംവിധാന രംഗത്ത് പുതിയ സ്ത്രീ സാന്നിധ്യമായി രമ്യ അരവിന്ദ്. "ഒരു പോലീസുകാരന്റെ മരണം' എന്ന മർഡർ മിസ്റ്ററി ചിത്രത്തിലൂടെയാണ് രമ്യയുടെ കടന്നുവരവ്. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു.
സംവിധായിക തന്നെയാണ് ചിത്രത്തിന് തിരക്കഥയുമൊരുക്കിയത്. ഉർവശിയും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു.
ഉർവശി ആദ്യമായി പോലീസ് വേഷം കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൗബിനും പോലീസ് വേഷത്തിലാണെത്തുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതവും ഷഹ്നാദ് ജലാൽ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ജനുവരിയിൽ വാഗമണ്ണിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും.
പൂന യുണിവേഴ്സിറ്റിയിൽ നിന്നും ഫിലിം മേക്കിംഗ് കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ശ്യാമപ്രസാദിന്റെ സംവിധാന സഹായിയായാണ് രമ്യയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലീഷ്, ആർട്ടിസ്റ്റ് എന്നീ ചിത്രങ്ങളിൽ ശ്യാമപ്രസാദിനൊപ്പം പ്രവർത്തിച്ചു.
പിന്നീട് അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചതിനു ശേഷമാണ് സ്വന്തം സിനിമയിലേക്കു തിരിയുന്നത്.