ട്രിപ്പ് പ്രദർശനത്തിനൊരുങ്ങുന്നു
Saturday, February 15, 2020 9:41 AM IST
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്രിയേഷൻസിന്റെ ബാനറിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാല നിർമിച്ച രണ്ടാമത്തെ ഫീച്ചർ ചലച്ചിത്രമായ ട്രിപ്പ് ഫെബ്രുവരി 24 നു പ്രദർശനത്തിനെത്തുന്നു. അൻവർ അബ്ദുള്ള, എം.ആർ.ഉണ്ണി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. എം.ആർ. ഉണ്ണിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് അൻവർ അബ്ദുള്ള ആണ്.
സർക്കാരിന്റെയും വിവിധ സർവകലാശാലകളുടെയും സഹകരണത്തോടെയാണ് ചിത്രം ഒരുക്കിയത്. അധ്യാപകരും വിദ്യാർത്ഥികളും യൂണിവേഴ്സിറ്റി ജീവനക്കാരും ഈ സിനിമയിൽ അഭിനേതാക്കളായും അണിയറക്കാരായും സഹകരിച്ചിട്ടുണ്ട്.
കണ്ണൂർ മുതൽ വർക്കല വരെയുള്ള കേരളത്തിന്റെ തീരപ്രദേശത്തുകൂടിയുള്ള യാത്രയായാണ് ഈ ട്രാവൽ മൂവിയുടെ കഥ മുന്നോട്ട് പോകുന്നത്. കോട്ടയം, കണ്ണൂർ, മുഴുപ്പിലങ്ങാട്, കോഴിക്കോട്, ചമ്രവട്ടം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ആര്യ രമേഷ്, കല്ല്യാണ്‍ ഖന്ന, റെജിൻ രാജ്, മാസ്റ്റർ ഗൗതം, കെ.ടി.സി അബ്ദുള്ള, ഗിരീഷ് രാംകുമാർ, ശിവഗംഗ നാഥ്, രാജീവൻ വെള്ളൂർ, പി.കെ.ഹരികുമാർ, രാജീവ് മോഹൻ, അൻവർ അബ്ദുള്ള, ജി.ശ്രീകുമാർ, അനീഷ് ഗോപാൽ, ജ്യൂവൽ ബേബി എന്നിവരുൾപ്പെടെ മുപ്പതോളം താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കെ.ടി.സി അബ്ദുള്ള അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.