സ്ക്രീനിൽ ചുംബിക്കില്ല എന്നു സൽമാൻ ഖാൻ പറഞ്ഞിട്ടുണ്ട്; അമീഷ പട്ടേൽ
Saturday, August 26, 2023 2:04 PM IST
ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു അമീഷ പട്ടേൽ. ഹൃത്വിക് റോഷന്റെ നായികയായി കഹോ ന പ്യാര് ഹേ എന്ന സിനിമയിലൂടെ ആയിരുന്നു അമീഷയുടെ അരങ്ങേറ്റം.
2000 ല്‍ പുറത്തിറങ്ങിയ സിനിമ വന്പൻ ഹിറ്റായതോടെ ഒറ്റ സിനിമ കൊണ്ട് അമീഷ ബോളിവുഡിലെ താരമായി. പിന്നീട് കൈനിറയെ അവസരങ്ങളാണ് അമീഷയെ തേടിയെത്തിയത്.
ഗദ്ദാര്‍, ഭൂല്‍ ഭുലയ്യ, റേസ് 2, തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളില്‍ അമീഷ അഭിനയിച്ചു. 2008 വരെ ബോളിവുഡിലെ സജീവ സാന്നിധ്യമായിരുന്ന അമീഷ ഇടക്കാലത്ത് ഒരു ഇടവേളയെടുക്കുകയും തിരികെ വരികയും ചെയ്തു.
വീണ്ടുമൊരു ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. സൂപ്പര്‍ ഹിറ്റായി മാറിയ ഗദ്ദാറിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് തിരിച്ചുവരവ്.
തിരിച്ചു വരവിലും ഗംഭീര പ്രകടനം നടത്തി കൈയടി നേടുകയാണ് അമീഷ. സണ്ണി ഡിയോൾ നായകനായ ചിത്രം ബോക്സ്ഓഫീസ് റിക്കാർഡുകൾ തകർത്ത് പ്രദർശനം തുടരുകയാണ്. രണ്ടാഴ്ചകൊണ്ട് ഇന്ത്യയിൽനിന്ന് മാത്രം ചിത്രം 400 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രം വലിയ വിജയമായതിന്റെ സന്തോഷത്തിലാണ് അമീഷ ഇപ്പോൾ. നിരവധി അഭിമുഖങ്ങളിലും മറ്റും താരം എത്തുന്നുണ്ട്. ഒരഭിമുഖത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് സംബന്ധിച്ച് അമീഷ പറഞ്ഞ വാക്കുകൾ ആരാധക ശ്രദ്ധനേടുകയാണ്.
തനിക്ക് കാമറയ്ക്ക് മുന്നിൽ ചെയ്യാൻ താല്പര്യമില്ലാത്ത, എതിർക്കുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു നടി. 'ഞാൻ സ്ക്രീനിൽ ചുംബിക്കില്ല' എന്ന് സൽമാൻ ഖാൻ എപ്പോഴും പറയും.
സണ്ണി ഡിയോളും അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ട്. അങ്ങനെയൊരു തീരുമാനം എനിക്കുമുണ്ട്. നമ്മൾ പേഴ്സണലി എത്രത്തോളം കംഫർട്ടബിൾ (സുഖപ്രദം) ആണെന്ന ഒരു ബൗണ്ടറി നമ്മൾ തന്നെ വയ്ക്കേണ്ടതുണ്ട്.
ഹോട്ടായി കാണപ്പെടുന്നതിൽ എനിക്ക് വിമുഖത ഇല്ല. എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുപോലെയുള്ള സീനുകൾ എനിക്ക് കംഫർട്ടബിൾ അല്ല.
പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കാണപ്പെടുന്നതിനോടും താൽപര്യമില്ല. സ്ക്രീനിൽ ഒരാളെ ഉപദ്രവിക്കുന്നതോ, അമ്മയെയും പെങ്ങളേയുമൊക്കെ ദ്രോഹിക്കുന്നതോ എനിക്ക് കംഫർട്ടബിൾ അല്ല. അതുപോലെയാണ് ചുംബിക്കുന്നതും-അമീഷ പട്ടേൽ പറഞ്ഞു.