10 വർഷത്തിന് ശേഷം ഭാവന തമിഴിൽ; സംവിധാനം സഹോദരൻ; നിർമാണം ഭർത്താവ്
Tuesday, June 6, 2023 12:01 PM IST
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങി നടി ഭാവന. നടിയുടെ സഹോദരൻ ജയ്ദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദ ഡോർ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് താരത്തിന്റെ ഭർത്താവ് നവീൻ രാജാണ്.
ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഗംഭീരസമ്മാനം നൽകിയിരിക്കുകയാണ് നവീനും ജയദേവും.
ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ട് ആയിരിക്കും റിലീസിന് എത്തുക.
മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മലയാളത്തിൽ ഭാവന നായികയായെത്തിയ "ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’എന്ന ചിത്രം റിലീസ് ചെയ്തത്.
2013ൽ പുറത്തിറങ്ങിയ അസൽ എന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായിട്ടായിരുന്നു ഒടുവിൽ ഭാവന തമിഴിൽ പ്രത്യക്ഷപ്പെട്ടത്. ഷാജി കൈലാസിന്റെ ഹണ്ട്, ശങ്കർ രാമകൃഷ്ണന്റെ റാണി എന്നിവയാണ് ഭാവനയുടെ പുതിയ സിനിമകൾ.
പ്രശസ്ത സംവിധായകന് മിഷ്കിന്റെ അസോസിയേറ്റായിരുന്നു ഭാവനയുടെ സഹോദരൻ ജയദേവ്. കലൈയരശൻ നായകനായി എത്തി 2018 ൽ റിലീസ് ചെയ്ത പട്ടിണപാക്കം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജയദേവ് സംവിധാന രംഗത്തെത്തുന്നത്.