ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന ഒരോ തിയറ്ററിലും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടും
Tuesday, June 6, 2023 11:27 AM IST
പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററിലും ഒരു സീറ്റ് ഹനുമാന് വേണ്ടി മാറ്റിവയ്ക്കുമെന്ന് റിപ്പോർട്ടുകൾ.
ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. അവിടെ ഹനുമാന് ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്.
വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാന് രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിലും ഹനുമാന് എത്തുമെന്ന് അണിയറക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
500 കോടി മുതല്‍ മുടക്കിലാണ് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്. ഇതിൽ പ്രഭാസിന്റെ മാത്രം പ്രതിഫലം 120 കോടിയാണ്. പ്രീ ബിസിനസിലൂടെ ആദിപുരുഷ് 170 കോടി രൂപ ചിത്രം കരസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാന-ആന്ധ്രപ്രദേശ് തിയേറ്ററുകളിലെ വിതരണവകാശം മാത്രമാണിത്.
മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്റര്‍ വിതരണാവകാശം, ഒടിടി സാറ്റ്ലൈറ്റ് അവകാശം എന്നിവ കൂടിയാകുമ്പോള്‍ പ്രീ ബിസിനസ് നേട്ടം 500 കോടിയോട് അടുത്ത് എത്താനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയ്ലർ ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. വീണ്ടും വിഎഫ്എക്സില്‍ മാറ്റം വരുത്തി ഇറങ്ങിയ രണ്ടാമത്തെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെ ചിത്രത്തിന്മേലുള്ള ആരാധകരുടെ പ്രതീക്ഷയും വർധിച്ചിട്ടുണ്ട്.
ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.