ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; ആരോഗ്യനിലയിൽ പുരോഗതി
Tuesday, June 6, 2023 10:43 AM IST
സിനിമ- ടെലിവിഷൻ താരം കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഉല്ലാസ് അരൂരിന്റെയും ആരോഗ്യനിലയിൽ പുരോഗതി.
നിലവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ബിനു അടിമാലി. താരം അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എല്ലിന് പൊട്ടലേറ്റ ഉല്ലാസ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷ് കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇവരുടെയും പരിക്കുകൾ ഗുരുതരമല്ല.
തിങ്കളാഴ്ച പുലർച്ചെ 4.30-ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് സുധിയും സഹപ്രവർത്തകരും സഞ്ചരിച്ച വണ്ടി അപകടത്തിൽപെടുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിലോറിയുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
കൊല്ലം പോളയത്തോട് ചായക്കടമുക്ക് പഴഞ്ഞിയിൽ പടിഞ്ഞാറ്റേതിൽ റവന്യു വിഭാഗം റിട്ട. ജീവനക്കാരൻ പരേതനായ ശിവദാസന്റെയും ഗോമതിയുടെയും മകനാണ്. ഭാര്യ: രേഷ്മ (രേണു). മക്കൾ: രാഹുൽ, ഋതുൽ.
മൃതദേഹം ഇന്നു രാവിലെ 7.30നു കോട്ടയം വാകത്താനം പൊങ്ങന്താനം പന്തിരുപറ കോളനിയിലെ വീട്ടിലെത്തിച്ചു. സംസ്കാരം രണ്ടിനു തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ.