കൊല്ലം സുധിക്ക് ആദരാഞ്ജലികൾ നേർന്ന് സിനിമ ലോകം; കണ്ണീരോടെ താരങ്ങൾ
Tuesday, June 6, 2023 8:34 AM IST
നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ നേർന്ന് മലയാളസിനിമ ലോകം. നടൻ സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, ഹൈബി ഈഡൻ തുടങ്ങി സിനിമാ–സാംസ്കാരിക മേഖലയിലെ നിരവധി ആളുകളാണ് പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.
കാക്കനാട് ആണ് മൃതദേഹം പൊതുദർശനത്തിനു വച്ചത്. ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി, ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. സുധിയുടെ സഹപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.
തിങ്കളാഴ്ച പുലർച്ചെ 4.30-ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് സുധിയും സഹപ്രവർത്തകരും സഞ്ചരിച്ച വണ്ടി അപകടത്തിൽപെടുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .