അച്ഛനെ കണ്ട് കരച്ചിലടക്കാനാകാതെ മകൻ രാഹുൽ; നൊന്പരപ്പെടുത്തുന്ന നിമിഷങ്ങൾ; വീഡിയോ
Monday, June 5, 2023 3:08 PM IST
തന്റെ ചിറകായിരുന്ന അച്ഛൻ ഇനി ഇല്ല എന്നു വിശ്വസിക്കാനാകാതെ ചങ്കുപൊട്ടി കരയുന്ന മകൻ രാഹുലിന്റെ വീഡിയോ കാണുന്നവരുടെയെല്ലാം കണ്ണു നിറയ്ക്കും. ഇന്ന് പുലർച്ചെയുണ്ടായ വാഹനപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയെ കാണാൻ ആശുപത്രിയിലെത്തിയ മകന്റെ കരച്ചിൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി.
സുധിയുടെ സഹപ്രവർത്തകർക്കൊപ്പമാണ് രാഹുൽ ആശുപത്രിയിലേക്കുവന്നത്. അച്ഛനെ കണ്ട ശേഷം വിങ്ങിപ്പൊട്ടുന്ന രാഹുലിനെ വിഡിയോയിൽ കാണാം.
സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു. എന്നാൽ മകന് ഒന്നര വയസുള്ളപ്പോൾ സുധിയുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയി. ഏറെ വേദനയും കഷ്ടപ്പാടും സഹിച്ചാണ് സുധി രാഹുലിനെ വളർത്തിയത്.
മകനെയും കൊണ്ടായിരുന്നു സുധി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത്. സുധിയുടെ സന്തോഷത്തിലും ദുഃഖത്തിലും ഒന്നിച്ചുണ്ടായിരുന്ന മകനാണ് രാഹുൽ.
ഇന്നു പുലർച്ചെ 4.30-ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് സുധിയും സഹപ്രവർത്തകരും സഞ്ചരിച്ച വണ്ടി അപകടത്തിൽപെടുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു.