ബിനുവിന് മുഖത്ത് ചെറിയ പൊട്ടലുകൾ ഉണ്ട്; ഗുരുതര പ്രശ്നങ്ങളില്ല: കലാഭവൻ പ്രസാദ്
Monday, June 5, 2023 12:39 PM IST
കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട ബിനു അടിമാലി, മഹേഷ് എന്നിവർ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരമെന്ന് സഹപ്രവർത്തകൻ കലാഭവൻ പ്രസാദ്. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
‘‘സുധിയുടെ കാര്യത്തിലാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ദുഃഖം. എന്റെ ട്രൂപ്പിൽ ഉണ്ടായിരുന്ന ആളാണ്. വിദേശ ഷോകളിലെല്ലാം ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെയും ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്നാണ് അറിയാൻ സാധിച്ചത്.
മഹേഷിന്റെ കാര്യം ഒന്നും അറിഞ്ഞിട്ടില്ല. കാരണം സ്കാൻ ചെയ്തതിന്റെ റിസൾട്ട് വന്നിട്ടില്ല. ബിനു അടിമാലിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ല. ബ്ലീഡിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇല്ല. അതുണ്ടെങ്കിലേ നമ്മൾ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെ ഉണ്ടെന്ന് പറഞ്ഞു. വിശ്രമിച്ചാൽ മാറാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. ആശുപത്രിയിൽ നിന്നും കലാഭവൻ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് സുധിയും സഹപ്രവർത്തകരും സഞ്ചരിച്ച വണ്ടി അപകടത്തിൽപെടുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു.