ആദ്യബന്ധം തകർന്നെങ്കിലും സുധി തളർന്നില്ല; രേണു വന്നതോടെ ജീവിതം മാറി
Monday, June 5, 2023 11:13 AM IST
സിനിമാതാരവും ടെലിവിഷൻ- മിമിക്രി ആര്‍ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗത്തിന്റെ വേദനയിലാണ് പ്രിയപ്പെട്ടവർ. പ്രതിസന്ധികൾ താണ്ടി കരുത്തോടെ അതിനെയെല്ലാം അതിജീവിച്ച സുധിയുടെ ജീവിതകഥയും ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്.
വേദിയിൽ ചിരിപൂരമൊരുക്കുന്ന സുധി ജീവിതത്തിൽ താൻ താണ്ടിയ സങ്കടക്കടലുകളെക്കുറിച്ച് മുൻപ് ഒരു ചാനൽ ഷോയിൽ തുറന്നു പറഞ്ഞത് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.
ഒന്നരവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ആദ്യ ഭാര്യ മറ്റൊരാളുടെ കൂടെ പോയപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന സുധിയുടെ ജീവിതത്തിലേക്ക് രേണു വന്നതാണ് ആ കഥയുടെ ഏറ്റവും മനോഹരമായ ഭാഗം.
2020-ൽ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സുധി തന്റെ കഷ്ടപാടുകളെക്കുറിച്ചും അനുഭവിച്ച വേദനകളെക്കുറിച്ചും പറഞ്ഞിരുന്നു.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ
ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്.
രണ്ടാഴ്ച മുമ്പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളായിരുന്നത്രേ കാരണം. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്. ആരോടും പരാതിയോ പരിഭവമോ ഇല്ല.
ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ.

രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.
എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. എന്റെ വളർച്ചയിൽ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്നുവരും മുൻപ്, ഒന്നര വയസുള്ള കാലം മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്റ്റേജ് ഷോകൾക്ക് പോയിരുന്നത്.

ഞാൻ സ്റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസൊക്കെ ആയപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി.
പതിനാറോ പതിനേഴോ വയസില്‍ തുടങ്ങിയതാണ് മിമിക്രി. ഇപ്പോള്‍ ഞാന്‍ മിമിക്രിയിലേക്ക് വന്നിട്ട് മുപ്പത് വര്‍ഷമായി. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിത്തിരിച്ചത്. അമ്മയ്ക്ക് ഞാന്‍ പാടുന്നത് വലിയ ഇഷ്ടമായിരുന്നു.
മിമിക്രിയില്‍ ആദ്യ കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് മുണ്ടക്കല്‍ വിനോദ്, ഷോബി തിലകന്, ഷമ്മി തിലകന് എന്നിങ്ങനെയുള്ളവരുടെ ടീമിലാണ്. തുടക്ക കാലത്ത് സുരേഷ് ഗോപിയെയും പിന്നീട് ജഗദീഷേട്ടനെയും അനുകരിച്ചു. ഇതിനോടകം നാല്പത് സിനിമകള്‍ ചെയ്തു.
ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് സുധിയും സഹപ്രവർത്തകരും സഞ്ചരിച്ച വണ്ടി അപകടത്തിൽപെടുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു.