ഇന്നലെ ഒരുമിച്ചായിരുന്നു; പിരിയുന്നതിന് മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു: ടിനി ടോം
Monday, June 5, 2023 9:44 AM IST
അന്തരിച്ച നടൻ കൊല്ലം സുധിക്കൊപ്പമുള്ള അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് ടിനി ടോം. ഞായറാഴ്ച തങ്ങൾ ഒരേ വേദിയിലായിരുന്നു ഉണ്ടായിരുന്നതെന്നും വിശ്വസിക്കാനാകുന്നില്ലെന്നും ടിനി ടോം കുറിച്ചു.
ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല, ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങൾ തിരിച്ചത്, പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു, ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ......ആദരാഞ്ജലികൾ മുത്തേ. ടിനി ടോം കുറിച്ചു.
ഞായാറാഴ്ച വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു കൊല്ലം സുധി അടക്കമുള്ള താരങ്ങൾ. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഒപ്പമുണ്ടായിരുന്ന ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു.
2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അദ്ദേഹം, കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.