അന്നു ടെസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ അത് കാൻസറായി മാറുമായിരുന്നു: ചിരഞ്ജീവി
Sunday, June 4, 2023 12:51 PM IST
തനിക്ക് കാൻസർ ബാധിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നടൻ ചിരഞ്ജീവി. നാളുകൾക്ക് മുൻപ് കാൻസർ അല്ലാത്ത പോളിപ്സ് കണ്ടെത്തിയിരുന്നുവെന്നും ആദ്യമേ ടെസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ അത് കാൻസറായി മാറുവായിരുന്നുവെന്നും താൻ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു എന്നും ട്വീറ്റിൽ ചിരഞ്ജീവി വ്യക്തമാക്കി.
കുറച്ചു കാലം മുമ്പ് ഒരു കാൻസർ സെന്റർ ഉദ്ഘാടനം ചെയ്യുമ്പോള്‍ കാൻസറിനെ കുറിച്ച് അവബോധം വളർത്തേണ്ടതിനെക്കുറിച്ച് ഞാൻ സംസാരിച്ചു. നിങ്ങൾ പതിവായി മെഡിക്കല്‍ പരിശോധന നടത്തിയാൽ നിങ്ങൾക്ക് കാൻസറിനെ പ്രതിരോധിക്കാം എന്ന് ഞാൻ മുന്നറിയിപ്പ് നൽകി.
ഒപ്പം തന്നെ ഞാന്‍ കോളൻ സ്കോപ്പ് ടെസ്റ്റ് നടത്തിയിരുന്നുവെന്നും കാന്‍സര്‍ അല്ലാത്ത പോളിപ്സ് കണ്ടെത്തി അത് നീക്കം ചെയ്തുവെന്നും പറഞ്ഞു. 'ആദ്യം ടെസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ അത് കാന്‍സറായി മാറുമായിരുന്നു' എന്നാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് തന്നെ എല്ലാവരും മുൻകരുതലുകൾ എടുത്ത് മെഡിക്കൽ ടെസ്റ്റ്/സ്ക്രീനിംഗ് നടത്തണം എന്നും പറഞ്ഞിരുന്നു.
എന്നാൽ ചില മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞത് മനസിലാക്കാതെ "എനിക്ക് കാൻസർ വന്നു', 'ചികിത്സ കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്' എന്നൊക്കെ പറഞ്ഞ് വാർത്തകൾ എഴുതിവിട്ടു. ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായി.
നിരവധിപേർ എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുന്നു. അവർക്കെല്ലാം വേണ്ടിയാണ് ഈക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. അത്തരം മാധ്യമങ്ങളോട് ഒരു അഭ്യർത്ഥന കൂടി. വിഷയം മനസ്സിലാക്കാതെ അസംബന്ധങ്ങൾ എഴുതരുത്. ഇക്കാരണത്താൽ പലരും ഭയപ്പെടുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്. ചിരഞ്ജീവി ട്വീറ്റ് ചെയ്തു.