ഇതാണ് എന്റെ നന്പർ; എന്തു സഹായത്തിനും വിളിച്ചോളൂ; ആരാധകനോട് മോഹൻലാൽ
Thursday, May 25, 2023 3:26 PM IST
രാജ്യത്തെ അറിയപ്പെടുന്ന സ്റ്റാൻഡ്അപ് കോമേഡിയൻമാരിൽ ഒരാളായ സക്കീർ ഹുസൈൻ നടൻ മോഹൻലാലിനെക്കുറിച്ച് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്.
മുംബൈ വിമാനത്താവളത്തിൽ വച്ചു മോഹൻലാലിനെ കണ്ടെന്നും അദ്ദേഹത്തിന്റെ അടുത്ത് പോയി സംസാരിച്ചതിനെക്കുറിച്ചുമാണ് സക്കീർ എഴുതിയിരിക്കുന്നത്.
കൊച്ചിയിൽ ഷോ അവതരിപ്പിക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ സ്വന്തം ഫോൺ നമ്പർ നൽകിയാണ് മോഹൻലാൽ ഞെട്ടിച്ചതെന്നും സക്കീർ പറയുന്നു.
സക്കീർ കുറിച്ച സംഭാഷണം ചുവടെ;
മോഹൻലാൽ: എവിടേക്കാണ് താങ്കളുടെ യാത്ര?
സക്കീർ: നാഗ്പുരിലേക്ക്
മോഹൻലാൽ: നിങ്ങൾ എന്തു ചെയ്യുന്നു?
സക്കീർ: സർ, ഞാനൊരു സ്റ്റാൻഡ്അപ് കൊമേഡിയനാണ്. ഷോകളുടെ ഭാഗമായി കുറച്ചു ദിവസങ്ങളായി യാത്രയിലാണ്.
മോഹൻലാൽ: താങ്കളും ഒരു കലാകാരൻ ആണെന്നറിഞ്ഞതിൽ സന്തോഷം
സക്കീർ: സർ, അങ്ങ് മുംബൈയിലാണോ താമസം?
മോഹൻലാൽ: അല്ല, ചെന്നൈയിലും കൊച്ചിയിലുമായാണ് ഞാൻ താമസിക്കുന്നത്. നിങ്ങൾ കൊച്ചിയില് പെർഫോം ചെയ്തിട്ടുണ്ടോ?
സക്കീർ: ഇല്ല, ഇതുവരെ ഇല്ല. പക്ഷേ അടുത്ത ആഴ്ച ഒരു ഷോ ആദ്യമായി അവിടെ ചെയ്യുന്നുണ്ട്.
മോഹൻലാൽ: (ആവേശഭരിതനായി) എവിടെ?
സക്കീർ: ആ ഓഡിറ്റോറിയത്തിന്റെ പേര് മറന്നുപോയി. രാജ്യത്തെ ഏറ്റവും പുതിയതും ഹൈ ടെക്കുമായ ഒരു സ്ഥലമാണത്.
മോഹൻലാൽ: എനിക്ക് ആ സ്ഥലം അറിയാമെന്നു തോന്നുന്നു
സക്കീർ: ഓ, അങ്ങനെയാണോ, നല്ലത്
മോഹൻലാൽ: അതെ, ഞാനാണ് ആ സ്ഥലത്തിന്റെ ഫൗണ്ടർ. ഇതാണ് എന്റെ നമ്പർ. എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കൂ.
സക്കീർ: (തലയിൽ കൂടി കിളി പോയ അവസ്ഥ) തീർച്ചയായും, വളരെ നന്ദി സർ.
മോഹൻലാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള തൃപ്പൂണിത്തുറയിലെ ജെറ്റി പെർഫോമിംഗ് ആർട്സിലാണ് സക്കീർ ഷോ അവതരിപ്പിക്കുന്നത്.