ആശുപത്രിയിലാണെന്ന വാർത്ത വ്യാജം; പ്രതികരിച്ച് സുരേഷ് ഗോപി
Wednesday, May 24, 2023 12:25 PM IST
തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി.
ദൈവത്തിന്റെ അനുഗ്രഹത്താൽ തനിക്കൊരു കുഴപ്പവുമില്ലെന്നും ആലുവ യുസി കോളജിൽ ഗരുഡൻ സിനിമയുടെ ലൊക്കേഷനിലാണ് ഇപ്പോഴുള്ളതെന്നും സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
തന്റെ സുഖവിവരം അന്വേഷിച്ച് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തവര്‍ക്ക് നന്ദി പറയുന്നുവെന്നും സുരേഷ് ഗോപി കുറിച്ചു.
ഗരുഡൻ സിനിമയുടെ ഷൂട്ടിംഗിനിടെ സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത വന്നിരുന്നു. തുടർന്നാണ് വിശദ്ദീകരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയത്.
നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗരുഡൻ. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്.
ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്. ബിജു മേനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു താരങ്ങൾ.