കങ്കണ റണൗത്ത് പ്രധാന വേഷത്തിലെത്തുന്ന "എമർജൻസി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിൽ കങ്കണയെ അവതരിപ്പിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഓഫീസിൽ നിന്ന് "മാഡം' എന്ന അഭിസംബോധനയുമായി എത്തുന്ന ഫോണ്‍കോൾ കാട്ടിയാണ് ടീസർ തുടങ്ങുന്നത്. തന്നെ ഏവരും "സർ' എന്ന് സംബോധന ചെയ്യണമെന്ന് കങ്കണയുടെ കഥാപാത്രം പറയുന്നതും ടീസറിൽ കാണാം.



മണികർണിക ഫിലിംസിന്‍റെ ബാനറിൽ കങ്കണ നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധാനവും താരം നിർവഹിക്കുന്നു. റിതേഷ് ഷായുടേതാണ് തിരക്കഥ. ഓസ്കർ പുരസ്കാര ജേതാവായ ഡേവിഡ് മലിനോസ്കിയാണ് കങ്കണയെ പ്രോസ്തെറ്റിക് മേക്കപ്പിലൂടെ ഇന്ദിരയായി മാറ്റുന്നത്.

റിതേഷ് ഷായുടെ രചനയിൽ പുറത്തിറങ്ങിയ കങ്കണയുടെ അവസാന ചിത്രം "ധാക്കഡ്' ബോകസ് ഓഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. 85 കോടി ചിലവിട്ട് നിർമിച്ച ചിത്രം തീയറ്ററുകളിൽ നിന്ന് നേടിയത് 2.58 കോടി മാത്രമാണ്.