സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
ടി.ജി. ബൈജുനാഥ്
Tuesday, April 15, 2025 10:05 AM IST
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.പി. ഖാലിദ് എന്ന അച്ഛന്. ഹൃദയം തൊടുന്ന നിരവധി സിനിമകള്‍ക്കു കാമറ ചലിപ്പിച്ച മക്കള്‍, ഷൈജു ഖാലിദും ജിംഷി ഖാലിദും.
അനുരാഗകരിക്കിന്‍ വെള്ളത്തിലൂടെ സ്വതന്ത്ര സംവിധായകനായ ഇളയ മകന് ഖാലിദ് റഹ്മാൻ. ഖാലിദ് ആദ്യമായി സിനിമയുടെ രുചിക്കൂട്ടറിഞ്ഞത് അന്‍വര്‍ റഷീദിന്റെ സഹായിയായി, ഉസ്താദ് ഹോട്ടലില്‍. 2016ല്‍ തിയറ്ററുകളിലെത്തിയ അനുരാഗ കരിക്കിന്വെള്ളത്തിനുശേഷം ഉണ്ട, ലവ്, തല്ലുമാല...വേറിട്ട കഥകളിലൂടെ പുതുനിരയില്‍ ചുവടുറപ്പിച്ചു. നസ്ലനെ നായകനാക്കി സംവിധാനം ചെയ്ത സ്പോര്‍ട്സ് കോമഡി ആലപ്പുഴ ജിംഖാനയാണ് ഖാലിദിന്റെ പുത്തൻപടം. ഖാലിദ് റഹ്മാൻ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ആലപ്പുഴ ജിംഖാന പറയുന്നത്..?

ഇപ്പോഴത്തെ ടീനേജ് പിള്ളേര് ഓരോ കാര്യങ്ങളിലേക്ക് ഇറങ്ങി പുറപ്പെടുന്നത് അവരുടെ ലൈഫ് സ്റ്റൈലില്‍ പറഞ്ഞുപോകുന്നു. ഒപ്പം, ഫാമിലിക്കും സിനിമയില്‍ അത്രമേല്‍ സാന്നിധ്യമുണ്ട്. 2000നുശേഷമുള്ള ടീനേജുപിള്ളേരെ പല പേരുകളും വിളിച്ചു കളിയാക്കുന്ന രീതി ഇപ്പോഴുണ്ടല്ലോ. അവരെന്തോ തെറ്റുചെയ്തു എന്ന മട്ടിലുള്ള തോന്നലിലേക്കാണ് അത് അവരെ എത്തിക്കുന്നത്. വാസ്തവത്തിൽ വലിയൊരു വിഭാഗം സ്പോര്‍ട്സ്, ആര്‍ട്സ് എന്നിങ്ങനെ നല്ല രീതിയിലാണു പോകുന്നത്. ചെറിയൊരു ശതമാനം ചെയ്യുന്ന തെറ്റുകളുടെ പേരില്‍ ഒരു ജനറേഷനെ ഒന്നടങ്കം ആക്ഷേപിക്കുന്നതു ശരിയല്ലല്ലോ. അത്തരം കാര്യങ്ങൾ കൂടി പറയുന്ന ഫാമിലി ഫീല്‍ഗുഡ് പടമാണിത്.
ബോക്സിംഗ് കഥാപശ്ചാത്തലമാകുന്നത്..?
പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്കു പോകാന്‍ നില്ക്കുന്ന കുട്ടികളുടെ കഥയാണിത്. പ്ലസ്ടു പരീക്ഷയില്‍ ഇവര്‍ക്കു കൃത്യമായ മാര്‍ക്ക് കിട്ടിയില്ല. സ്പോര്‍ട്സ് ക്വാട്ടാ വഴി പോയാല്‍ കോളജ് അഡ്മിഷന് കിട്ടുമെന്നറിയുന്നു. അതിനുള്ള എളുപ്പവഴിയാണു ബോക്സിംഗ് എന്നുകണ്ട് അവർ ഇറങ്ങിത്തിരിക്കുകയാണ്. യഥാര്‍ഥ കഥയില്‍നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ സിനിമയാണിത്. കുട്ടിക്കാലത്തു ഞാന്‍ ബോക്സിംഗ് പരിശീലിച്ചിട്ടുണ്ട്. ഏറെ ഇഷ്ടമുള്ള ഒരു സ്പോര്ട്സായതിനാല് സുഹൃത്തുക്കള്‍ക്കൊപ്പം അതില്‍ സമയം ചെലവഴിച്ചിട്ടുമുണ്ട്.
നസ്ലനെ നായകനായി പരിഗണിച്ചത്..?

കഥയുടെ ആശയം റെഡിയായപ്പോള്‍ അത് ജോജോ ജോണ്സണ് എന്ന കഥാപാത്രത്തിലൂടെ പറഞ്ഞുപോകേണ്ടതാണെന്നു ബോധ്യമായി. മനസിലുണ്ടായിരുന്ന ഫീച്ചറുകൾക്കും ആക്ടിംഗ് പ്രോഗ്രാമുകള്ക്കുമനുസരിച്ച് നമ്മള് ഒരാളിലേക്ക് എത്തി. ആദ്യ ചോയ്സ് ആയി നസ്ലന്. സിനിമയ്ക്കു വേണ്ടി എന്തു ചെയ്യാനും നസ്ലന് ഒരുക്കമായിരുന്നു. ആറു മാസം ട്രെയിനിംഗ് കോച്ചുമാര്‍ ബോക്സിംഗ് പരിശീലനം നല്കി. ഷൂട്ടിംഗ് സമയത്ത് അതനുസരിച്ചു നസ്ലന്റെ സ്കില്‍ ഉപയോഗിക്കുക മാത്രമാണു ചെയ്തത്.
പ്രേമലുവിലെ സച്ചിനില്‍നിന്ന് എത്രത്തോളം വേറിട്ടതാണ് ജോജോ ജോൺസൺ..?
നസ്ലൻ ഇതുവരെ ചെയ്തിട്ടുള്ള ടൈപ്പ് കഥാപാത്രമല്ല ഇതിലെ ജോജോ. പുതിയ കഥാപാത്രവും കഥയും നസ്ലൻ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് കൗതുകമുണര്‍ത്തും. കാര്യങ്ങള്‍ പറഞ്ഞാല്‍ നസ്ലനു പെട്ടെന്നു മനസിലാകും. അതനുസരിച്ചു പ്രതികരിക്കും.
മേക്കിംഗിലെ വെല്ലുവിളി..?
ഈ സിനിമയുടെ നിര്‍വഹണ ഘട്ടമായിരുന്നു ചലഞ്ചിംഗ്. ഇത്രയധികം ആര്‍ട്ടിസ്റ്റുകളെ നമ്മള് ഒന്നിച്ചുകൊണ്ടുപോകണം. അവരാരും ഇതിനുമുമ്പ് ബോക്സിംഗ് ചെയ്ത് അത്തരം ശരീരപ്രകൃതിയും കായികശേഷിയും ഉള്ളവരല്ലല്ലോ. അവരെവച്ച് ഇതു ഷൂട്ട് ചെയ്തെടുക്കുക ചലഞ്ചായിരുന്നു.
ജിംഖാനയില്‍ ആരാണ് നായിക..?
ഇതില്‍ ഹീറോയിന് കഥാപാത്രമില്ല. നടൻ നിഷാന്ത് സാഗറിന്റെ മകൾ നന്ദ നിഷാന്ത്, അനഘ രവി, നോയ്ല എന്നിരാണ് പ്രധാന പെണ്‍വേഷങ്ങളില്‍.
കാമറയില്‍ ഷൈജുവും ജിംഷിയും. ഖാലിദിനു സംവിധാനമായിരുന്നോ ആഗ്രഹം..?

സിനിമയുടെ ഏതു മേഖലയിൽ വർക്ക് ചെയ്യാനും പണ്ടേ ഇഷ്ടമാണ്. പക്ഷേ, ഡയറക്ടറാവണം എന്നതു തന്നെയായിരുന്നു എന്റെ ആഗ്രഹം. ഉസ്താദ് ഹോട്ടലിനു ശേഷം മാര്ട്ടിന് പ്രക്കാട്ട്, അനില്‍ രാധാകൃഷ്ണമേനോന് എന്നിങ്ങനെ പല സംവിധായകർക്കൊപ്പം സംവിധാന സഹായിയായി. അവർ മനസില്‍ സിനിമയ്ക്കും കഥയ്ക്കും രൂപംനല്കിയപ്പോൾ അതിൽ സ്വീകരിച്ച വ്യത്യസ്ത സമീപനരീതികള്‍ അടുത്തറിയാനായി. ഷൈജു ഖാലിദ് അക്കാലത്തുതന്നെ ഛായാഗ്രാഹകനാണ്. ജിംഷി പിന്നീടാണു വന്നത്. തല്ലുമാലയിലും ജിംഖാനയിലും ജിംഷിയാണ് കാമറ.
മഞ്ഞുമ്മലിലെ പ്രസാദ് ശ്രദ്ധിക്കപ്പെട്ടു. നോര്‍ത്ത് 24 കാതത്തിലല്ലേ അഭിനയത്തുടക്കം..?
അപ്പോഴത്തെ ആവശ്യം പ്രമാണിച്ച് ആ സമയത്തു സീന്‍ ഷൂട്ടിംഗ് സാധ്യമാകുന്നതിനാണ് പല പടങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തത്. മഞ്ഞുമ്മലിന്റെ തിരക്കഥ ചര്‍ച്ച ചെയ്തപ്പോള്‍ ഗണപതിയാണ് പ്രസാദ് എന്ന വേഷത്തിലേക്ക് നിര്‍ദേശിച്ചത്. പിന്നീടു പ്രൊഡ്യൂസര്‍ കൂടിയായ സൗബിനും വിളിച്ചു. അതിന്റെ ക്രൂ ഉള്‍പ്പെടെ ആ ടീമിലെ എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. എനിക്ക് സുഹൃത്തുക്കളാണ് എല്ലാം. അങ്ങനെ അതു ചെയ്തു. അല്ലാതെ നടനാകാനുള്ള ശ്രമം ഒരു ഘട്ടത്തിലുമുണ്ടായിട്ടില്ല.
ജിംഖാനയില്‍ ഗണപതിയുമുണ്ടല്ലോ. സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നതാണോ കംഫർട്ട്..?
കംഫര്‍ട്ട് സോണ്‍ എന്ന നിലയിലല്ല അത്. സുഹൃത്തുക്കൾക്കൊപ്പം ഷൂട്ടിംഗ് ദിനങ്ങളിൽ സമയം ചെലവഴിക്കാം എന്നതുകൂടിയുണ്ട് അതില്‍. അതൊക്കെ എന്ജോയ് ചെയ്ത് ആ ഒരു മൂഡില്‍ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്ത് അങ്ങനെ പോകും. ഗണപതിക്കും ലുക്ക്മാനും ഇതില്‍ പ്രധാന വേഷമാണ്.
അനുരാഗ കരിക്കിന്‍വെള്ളത്തില്‍ പ്രണയം. ഉണ്ടയില്‍ പോലീസ് സ്റ്റോറി. ലവില്‍ വയലന്‍സ്. തല്ലുമാലയില്‍ വിനോദസിനിമയുടെ മറ്റൊരന്തരീക്ഷം.
ഓരോതരം ജോണര്‍ തെരഞ്ഞെടുക്കുന്നതാണോ..?
ഒന്നും അത്തരം നിര്‍ബന്ധത്തില്‍ ചെയ്യുന്നതല്ല. നമുക്കിഷ്ടപ്പെടുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്നു തോന്നുന്ന ചിന്തകള്‍ക്കനുസരിച്ചു വര്‍ക്ക് ചെയ്യുന്നു എന്നേയുള്ളൂ. കഥയിലേക്കും കഥാപാത്രങ്ങളിലും എത്തിക്കഴിഞ്ഞാല്‍ എങ്ങനെ ഏതു മൂഡില്‍ ആ കഥ പറയണമെന്നു നോക്കും.
ജിംഖാനയിലുള്പ്പെടെ എഴുത്തിലും പങ്കാളിയാണല്ലോ..?
എന്തിനാണ് നമ്മള് മാത്രമായി ഒരു സ്ക്രിപ്റ്റ് ചെയ്യുന്നത്. ഒന്നും എന്റെ മാത്രം ക്രെഡിറ്റിലല്ല. എല്ലാവരും പരസ്പരം സഹായിക്കും. അപ്പോള്‍ സിനിമ അത്രയും നന്നാവും. അതാണു സുഹൃത്തുക്കൾക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴുള്ള ഗുണം.