പിക്നിക്ക് @ 50
ടി.ജി. ബൈജുനാഥ്
Monday, April 7, 2025 4:27 PM IST
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ്രേംനസീറും ലക്ഷ്മിയും നായികാനായകന്മാരായ ഈസ്റ്റ്മാന് കളര്‍ പടം പിക്നിക്ക് വെള്ളിത്തിരയിലെത്തിയ ദിവസം. എസ്എല്‍ പുരത്തിന്റെ തിരക്കഥയില്‍ ജെ. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രം പ്രേംനസീര്‍ ഹിറ്റുകളുടെ മുന്‍നിരയിലെത്തി. ശ്രീകുമാരന്‍തമ്പി-എം.കെ.അര്ജുനന് ടീമിന്റെ ഗാനങ്ങള്‍ അഞ്ച് പതിറ്റാണ്ടിനിപ്പുറവും ജനപ്രിയം.
ചങ്ങനാശേരി വാടയില് വി.എം.ചാണ്ടി, സുഹൃത്ത് സി.സി. ബേബി എന്നിവരുടെ എം.എസ്. പ്രൊഡക്ഷന്‍സായിരുന്നു നിർമാണം. വിതരണം വി. എം. ചാണ്ടിയുടെ മകന് ജോബോയി അലക്സാണ്ടറുടെ ജോളി ഫിലിംസ്. പിക്നിക് റിലീസിന്റെ അരനൂറ്റാണ്ട് ആഘോഷിക്കാനൊരുങ്ങുകയാണ് ചങ്ങനാശേരി സര്‍ഗക്ഷേത്ര. ആ സുവര്‍ണകാലത്തിന്റെ ഓര്‍മകളിലാണ് വി.എം. ചാണ്ടിയുടെ ഭാര്യ മേരി അലക്സാണ്ടറും കുടുംബവും. ഇളയ മകന് ചാന്സണും ഭാര്യ ശുഭയ്ക്കുമൊപ്പം ചെത്തിപ്പുഴയില്‍ കഴിയുന്ന മേരിയുടെ ഓര്മത്തിരശീലയില് ഇന്നും തെളിയുകയാണ് ഒളിമങ്ങാതെ ആ പിക്നിക് കാഴ്ചകൾ.
എംഎസ് പ്രൊഡക്ഷന്‍സ്
ജിയോ പിക്ചേഴ്സില്‍ ഫിലിം റെപ്രസന്റേറ്റീവായാണു വി.എം. ചാണ്ടിയുടെ സിനിമാപ്രവേശം. സ്വദേശം കുട്ടനാട് ചേന്നങ്കരി. പിന്നീടു ചാണ്ടി കുവൈറ്റിനു പോയി. അവിടെ ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗം. 62ല്‍ പി.ടി. സേവ്യറിനൊപ്പം ജോളി ഫിലിംസ് എന്ന വിതരണക്കമ്പനി തുടങ്ങി. വിജയ മൂവീസ് തുടങ്ങിയപ്പോള്‍ സേവ്യര്‍ ജോളിഫിലിംസ് വിട്ടു.
66ല്‍ ചാണ്ടിയും കുടുംബവും ചങ്ങനാശേരിയിലെത്തി. അതിനിടെ, ജിയോ പിക്ചേഴ്സിലും പിന്നീടു കുവൈറ്റിലും ഒപ്പമുണ്ടായിരുന്ന സി.സി. ബേബിക്കൊപ്പം ചാണ്ടി, എംഎസ് പ്രൊഡക്ഷന്‍സ് തുടങ്ങി. ആദ്യത്തെ മൂന്നു പടങ്ങള്‍...തെറ്റ്, ലൈന്‍ ബസ്, അച്ഛനും ബാപ്പയും-കെ. എസ്. സേതുമാധവനാണു സംവിധാനം ചെയ്തത്. വയലാറിനും യേശുദാസിനും ദേശീയ അവാര്‍ഡ് സമ്മാനിച്ച ‘മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു...’അച്ഛനും ബാപ്പയും സിനിമയിലേതാണ്. 72ല്‍ ചാണ്ടി നാട്ടില്‍ തിരിച്ചെത്തി സിനിമാനിര്‍മാണത്തില്‍ സജീവമായി. തുടര്‍ന്നു നിര്‍മിച്ച പഞ്ചവടിയും പത്മവ്യൂഹവും ഹിറ്റായി. ‘പുലിവാല്’ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു.
ഏഴ് മുടക്കി, കിട്ടിയത്....
എംഎസ് പ്രൊഡക്ഷന്‍സിന്റെ ഏഴാമത്തെ പടമാണു പിക്നിക്. കേരളത്തിലെ വിവിധ അണക്കെട്ടുകള്‍ സന്ദര്‍ശിക്കുന്ന എന്‍ജിനിയറിംഗ് കോളജ് പഠനസംഘത്തിലെ അംഗമാണ് പ്രേംനസീറിന്റെ കഥാപാത്രം രാജഗോപാല്‍. പുലിക്കണ്ണന്‍ ഡാമിലെത്തുമ്പോള്‍ വാച്ചര്‍ ശങ്കരപ്പിള്ള രാജഗോപാലിനോടു വെളിപ്പെടുത്തുന്ന ചില രഹസ്യങ്ങളിലൂടെയാണു കഥാസഞ്ചാരം. ഛായാഗ്രഹണം ജെ.ജി. വിജയം. അന്നു ഫിലിമിനു ചെലവേറും.

നെഗറ്റീവെടുക്കാനും പിന്നെ അതു പോസിറ്റീവാക്കാനുമൊക്കെ. വി.പി.കൃഷ്ണനായിരുന്നു പടത്തിന്റെ എഡിറ്റര്‍. ഈസ്റ്റര്‍-വിഷു റിലീസായതിനാല്‍ 14 പ്രിന്റുണ്ടായിരുന്നു. അന്നൊക്കെ രണ്ടാഴ്ച ഓടിയാല്‍ ബജറ്റ് മുതലാകും. തിരുവനന്തപുരം ശക്തിയില്‍ പടം 50 ദിവസത്തിലേറെ ഓടി. കോട്ടയത്ത് റിലീസ് രാജ്മഹാളില്‍. ഏഴു ലക്ഷമായിരുന്നു ബജറ്റ്. 16 ലക്ഷം നേടിയ പിക്നിക്ക് ചട്ടക്കാരിയുടെയും ചട്ടമ്പിക്കല്യാണിയുടെയും കളക്ഷന്‍ റിക്കാര്‍ഡ് തകര്‍ത്തു. എല്ലാ റിലീസ് കേന്ദ്രങ്ങളിലും പടം 25ാം ദിവസം ആഘോഷിച്ചു.
ഭാസിക്കു ചിക്കന്‍പോക്സ്!

പ്രേംനസീര്‍, ലക്ഷ്മി, ഉണ്ണിമേരി, അടൂര്‍ ഭാസി, ജോസ് പ്രകാശ്, ബഹദൂര്‍, കടുവാക്കുളം ആന്റണി, എം.ജി. സോമന്, ശ്രീലത നമ്പൂതിരി, മീന, വിന്‍സെന്റ്, മണവാളന് ജോസഫ്, അബ്ബാസ്, രാധാമണി തുടങ്ങിയവര്‍ക്കൊപ്പം വിവിധ കോളജുകളിലെ വിദ്യാര്‍ഥികളും അഭിനേതാക്കളായി. നസീറും അടൂര്‍ഭാസിയും ഡബിള്‍ റോളിലായിരുന്നു കഥ. ഷൂട്ടിംഗിനിടെ ഭാസിക്കു ചിക്കന്‍പോക്സായി. കഥയില്‍ മാറ്റംവരുത്തി. ഭാസിയുടെ ഡബിള്‍ റോള്‍ മാറ്റി. പഞ്ചവടിയിലും പത്മവ്യൂഹത്തിലും വിജയശ്രീയായിരുന്നു നായിക. പിക്നിക്ക് ആയപ്പോഴേക്കും വിജയശ്രീ മരിച്ചതിനാല്‍ ജൂണിയര്‍ പത്മിനിയെ കാസ്റ്റ് ചെയ്തു. വാച്ചര്‍ ശങ്കരപ്പിള്ളയായി ശ്രീമൂലനഗരം വിജയനും പ്രഫസറുടെ വേഷത്തില്‍ ചങ്ങനാശേരിയിലെ ബോസ്കോ ബസ് സര്‍വീസ് ഉടമയായ ടോം ജോണും സ്ക്രീനിലെത്തി.
തെന്മലയിലും നെയ്യാറിലും
തെന്മലയിലും നെയ്യാര്‍ ഡാമിലുമായിരുന്നു ഷൂട്ടിംഗ്. കല്ലറ ഇറിഗേഷന്‍ പ്രോജക്ടിന്റെ തുടക്കകാലത്തായിരുന്നു തെന്മലയില് ഷൂട്ടിംഗ്. ഷൂട്ടിംഗിനുശേഷം നസീര്‍ പുനലൂരുള്ള മകളുടെ വീട്ടിൽ പോകുമായിരുന്നു. മറ്റുള്ളവര്‍ ഷൂട്ടിംഗ് ലൊക്കേഷനിൽ തന്നെയായിരുന്നു താമസം.
അക്കാലത്തു പ്രൊഡ്യൂസര്‍ ഫുള്‍ടൈം സെറ്റിലുണ്ടാവും. എല്ലാം പ്രൊഡ്യൂസര്‍ തീരുമാനിച്ചിരുന്ന കാലം; പിന്നേയുള്ളൂ ഡയറക്ടര്‍. ആര്‍ട്ടിസ്റ്റുകള്‍ക്കു പ്രതിഫലം കുറവായിരുന്നു. 25,000 രൂപയാണ് അന്നു ലക്ഷ്മി വാങ്ങിയത്. ശ്രീകുമാരന്‍ തമ്പി, യേശുദാസ്, കണ്ണൂര്‍ ശ്രീലത, ഉണ്ണിമേരി, പ്രൊഡക്ഷന്‍ കണ്ട്രോളര് മാത്യു ജെ. നേര്യംപറമ്പില്‍, സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്, നസീറിന്റെ കുട്ടിക്കാലം അവതരിപ്പി ച്ച ദീപക് ജെ. മാത്യു തുടങ്ങിയവരാണ് പിക്നിക്ക് ഫാമിലിയില്‍ ഇന്നുള്ളത്. ജോബോയിയുടെ കസിന്റെ മകനായ ദീപക് ഇപ്പോള്‍ യുഎസ് ഫോക്സ് ആർമി ഹെൽത് സെന്ററിൽ കമാന്‍ഡർ- ലെഫ്റ്റനന്റ് കേണലാണ്.
ഒടുവില്‍ അഭിനിവേശം!
1977ലാണ് എംഎസ് പ്രൊഡക്ഷന്‍സിന്റെ അവസാന ചിത്രം, ഐ.വി. ശശി സംവിധാനം ചെയ്ത അഭിനിവേശം റിലീസായത്. രവികുമാറും പത്മപ്രിയയും സുമിത്രയും സോമനും തിരശീലയിൽ. മൊത്തം കൂട്ടിക്കിഴിച്ചാല്‍ ലാഭവഴിയിലായിരുന്നു 11 പടങ്ങള്‍ നിര്‍മിച്ച എംഎസ് പ്രൊഡക്ഷന്‍സ്. വി.എം.ചാണ്ടി 1998ലും സി.സി.ബേബി 2008 ലും മണ്മറഞ്ഞു. രണ്ടായിരത്തോടെ ജോളി ഫിലിംസ് വിതരണരംഗത്തുനിന്നു പിന്‍വാങ്ങിയപ്പോൾ ജോബോയിയുടെയും സിനിമാജീവിതത്തിനു തിരശീലവീണു.