എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
ടി.ജി. ബൈജുനാഥ്
Monday, March 24, 2025 9:32 AM IST
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാപ്രയാണം. 27 മുതൽ ഐമാക്സ് സ്ക്രീനുകളിലുൾപ്പെടെ ആവേശത്തീയാകാൻ എന്പുരാനൊരുങ്ങി. നിര്‍മാണത്തില്‍ കൈകോര്‍ത്ത് ആശീര്‍വാദും ശ്രീഗോകുലവും ലൈക്കയും.
വിതരണത്തിനു ഹിന്ദിയില്‍ അനില്‍ തടാനിയുടെ എഎ ഫിലിംസ്, തെലുങ്കില്‍ എസ്വിസി, കന്നടയില്‍ ഹോംബാല, തമിഴില്‍ ശ്രീഗോകുലം മൂവീസ്. മുരളിഗോപിയുടെ തിരക്കഥയില്‍ സുജിത് വാ സുദേവിന്റെ വിസ്മയ ഫ്രെയിമുകളില്‍ പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ മോഹന്‍ലാല്‍ മാസ്ഫയര്. ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സ്റ്റീഫനിലുമധികമായി അബ്രാം ഖുറേഷിയിലേക്കാണോ ഫോക്കസ്..?
അബ്രാം ഖുറേഷിയെ നമുക്കു കൂടുതല്‍ പരിചയപ്പെടുത്തുന്നുണ്ട് ഈ മൂവിയിലൂടെ. എന്നാല്‍ സ്റ്റീഫനെ ഒട്ടും തഴയുന്നുമില്ല. എങ്ങനെയാണ് സ്റ്റീഫന്‍, എന്തായിരുന്നു സ്റ്റീഫന്‍, എന്താണ് അബ്രാം ഖുറേഷി, എങ്ങനെയാണ് അബ്രാം ഖുറേഷിയിലേക്കു നമ്മള് എത്തുന്നത്... അത്തരം കാര്യങ്ങള്‍ പൊതുവെ ചര്‍ച്ചയാകുന്നു.
സിനിമാറ്റോഗ്രഫറെന്ന നിലയില്‍ എമ്പുരാനിലെ അനുഭവം..?

ലൂസിഫര്‍ അക്കാലത്തെ സിനിമകളില്‍ നിന്നും വിഷ്വലി എത്രത്തോളം വേറിട്ടതായിരുന്നുവെന്നു നമ്മള് കണ്ടതാണ്. അതിന്റെ ഫ്രാഞ്ചൈസിയായി വരുന്ന ഈ സിനിമയും അതിനപ്പുറം വ്യത്യസ്തമാവണം എന്ന കൃത്യമായ ധാരണ ടെക്നിക്കല്‍ ക്രൂവിനിടയില്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചും സംവിധായകന് അതില്‍ നല്ല വ്യക്തതയുണ്ട്.
ഇന്ന ലൊക്കേഷനാണു വേണ്ടത്, ഇത്തരത്തിലാണ് ഇവിടെ സീന്‍ പ്രസന്റ് ചെയ്യപ്പെടേണ്ടത്, ഇത്തരം രീതിയിലാണ് ഇതു ഫീല്‍ ചെയ്യേണ്ടത്, ലൈറ്റ് സോഴ്സ് നല്ല ബ്രൈറ്റ് ആയിരിക്കണം, കുറച്ചു ഡാര്‍ക്കര്‍ സോണ്‍ വേണം...ഗ്രൂപ്പ് ചര്‍ച്ചകളില്‍ രൂപപ്പെട്ട അത്തരം ആശയങ്ങള്‍ സിനിമയുടെ ക്വാളിറ്റിക്കു ഗുണകരമായി. നല്ല സിനിമകള്‍ സംഭവിക്കുന്നത് ഈഗോയില്ലാത്ത, ആരോഗ്യകരമായ ചര്‍ച്ചകളിലൂടെയാണ്.
പൃഥ്വിരാജിനൊപ്പമുള്ള കെമിസ്ട്രി..?

ഞങ്ങള്‍ പരസ്പരം നന്നായി മനസിലാക്കിയതുകൊണ്ടാണല്ലോ ലൂസിഫര്‍ ആളുകളിലേക്കു നന്നായി എത്തിയത്. ലൂസിഫറിനെ മനസിലാക്കിയ ടീം തന്നെയാണ് എമ്പുരാനിലും. ഇതില്‍ ചിന്തിക്കുന്ന കാര്യങ്ങളൊന്നും ഇതുവരെ മലയാളസിനിമയില്‍ ചെയ്തിട്ടില്ലാത്തതുകൊണ്ടുതന്നെ കുറേയധികം കാര്യങ്ങള്‍ നമുക്കു പുതുമകളാണ്. ആ പുതുമകളിലേക്ക് ഒരേ മനസോടെ എത്തിച്ചേരുക എന്നതായിരുന്നു ഇതില്‍ ഞങ്ങളുടെ ആദ്യത്തെ ധര്‍മം.
ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ എന്തു വേണം, എന്തു വേണ്ട എന്ന വ്യക്തത. ഇങ്ങനെയാണു ഞാന്‍ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, ഇതെല്ലാമാണ് എനിക്കു മൊത്തത്തില്‍ ആവശ്യമുള്ള കാര്യങ്ങള്‍ എന്നതിലുമുള്ള വ്യക്തത- ഇതൊക്കെയാണ് പൃഥ്വിരാജിന്റെ പ്ലസ് പോയന്റുകൾ. എല്ലാ ടെക്നീഷന്‍സിനും അവരുടേതായ ഇടം അദ്ദേഹം കൊടുത്തിരുന്നു.
ലൊക്കേഷൻ അന്വേഷണം...?
ലൊക്കേഷന്‍ അന്വേഷണത്തിലായിരുന്നു ഏറെ കഠിനാധ്വാനം. നിര്‍മല്‍ സഹദേവും പൃഥ്വിരാജും വിദേശത്തും കലാസംവിധായകന്‍ മോഹന്‍ദാസും വാവയും നാട്ടിലും ലൊക്കേഷനുകള്‍ കണ്ടെത്തി. ഓരോ ലൊക്കേഷന്റെയും പലതരം വീഡിയോ ഞങ്ങള്‍ക്ക് അയച്ചുതന്നു. അതില്‍ നമുക്ക് വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള ഒന്നോ രണ്ടോ ഇടങ്ങള്‍ നിശ്ചയിച്ച് എല്ലാ ക്രൂവും അവിടേയ്ക്കു പോയി.
പലപ്പോഴും വെര്‍ജിന്‍ ലാന്‍ഡുകള്‍ കണ്ടെത്തി ഷൂട്ടു ചെയ്തതുകൊണ്ടുതന്നെ ഈ സിനിമയുടെ കാഴ്ചകള്‍ വേറൊരു രീതിയിലേക്കു വളര്‍ന്നിട്ടുണ്ട്. ലോകത്തിന്റെ പലേടങ്ങളില്‍ പോയി ഷൂട്ട് ചെയ്യാനായത് പൃഥ്വിരാജിന്റെ പോലും ആദ്യത്തെ അനുഭവമാണ്. പുതിയ കാഴ്ചകളും പുതിയ സ്ഥലങ്ങളും കാണാനും ആസ്വദിക്കാനും പറ്റുന്ന വിധത്തിലാണു സിനിമ സെറ്റ് ചെയ്തിരിക്കുന്നത്.
ലൂസിഫറിന്റെ വിഷ്വല്‍ പാറ്റേണ്‍ തന്നെയാണോ എമ്പുരാനിലും..?

ലൂസിഫര്‍ സിനിമാത്രയത്തിന് പൊതുവായി 1:2.80 എന്ന ആസ്പക്റ്റ് റേഷ്യോയിലാണ് വിഷ്വല്‍ പാറ്റേണ്‍. വലിയ സ്ക്രീനില്‍ കാണുമ്പോള്‍ ടോപ്പും ബോട്ടവും അല്പം കട്ടായി കുറച്ചു ലംങ്തി ഫീലാവും പൊതുവേ സിനിമയ്ക്കുണ്ടാവുക. അനമോര്‍ഫിക് ലെന്‍സുകളും സ്ഫെറിക്കല്‍ ലെന്‍സുകളുമാണ് ഉപയോഗിച്ചത്.
മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍..?
ലാല്‍ സാറിന്റെ കൂടെയുള്ള ഓരോ ദിവസവും നമുക്ക് ഓരോരോ അനുഭവങ്ങളാണ്. ഞാന്‍ അദ്ദേഹത്തെ കണ്ടുതുടങ്ങിയ നാള് മുതല്‍ അദ്ദേഹം ഒരേതരത്തിലാണു പെരുമാറുന്നത്. എല്ലാവരോടും അത് അങ്ങനെതന്നെയാണ്. ജോലിയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തില്‍ അന്നും ഇന്നും ഒരുമാറ്റവുമില്ല. കടുത്ത പനിയാണെങ്കിലും പനിയുള്ള ലാല്‍ സാറാണു ലൊക്കേഷനില്‍ ഉള്ളതെന്നു നമുക്കു തിരിച്ചറിയാനാവില്ല. ഒരു കാര്യം എങ്ങനെ നന്നാക്കാം, അതിനു താന്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യണം എന്നതാണ് അദ്ദേഹത്തിന്റെ ചിന്ത.
വിദേശ ലൊക്കേഷനുകള്‍ ഫ്രഷ് അനുഭവമല്ലേ..?
ടെക്നിക്കല്‍ ക്രൂവിന് അതു പുത്തന്‍ അനുഭവമാണ്. വളരെ നേരത്തേ പോയി ലൊക്കേഷന്‍ കണ്ടു. ഇന്ന ദിവസം മേഘാവൃതമാണ്, ഇന്ന ദിവസം വെയിലുണ്ടാവും എന്നിങ്ങനെയുള്ള വിവരങ്ങള്‍ അവിടെ മുന്‍കൂട്ടി കിട്ടും. അതനനുസരിച്ചു സീന്‍ ചാര്ട്ട്ചെയ്തു. മറ്റു കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു. എന്നിട്ടും ചെറിയ തോതിലുണ്ടായ തടസങ്ങള്‍ മലയാളിയുടെ തനതായ ഇച്ഛാശക്തിയില്‍ ഞങ്ങള്‍ മറികടന്നു.
മുരളിഗോപിസ്ക്രിപ്റ്റിൽ വർക്ക് ചെയ്യുന്പോൾ..?
ലൂസിഫര്‍ പോലെതന്നെ വായനാസുഖമുള്ളതും ഷൂട്ടിംഗിനു സൗകര്യപ്രദവുമാണ് ഇതിന്റെയും തിരക്കഥ. അതിലുപരി, ഓരോ സീനിലും പ്രായോഗികമായി എന്താണു സംഭവിക്കാന്‍ പോകുന്നത് എന്ന അറിവാണ് ഒരു ടെക്നീഷനെ സംബന്ധിച്ചു പ്രധാനം. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജ് എല്ലാ ടെക്നീഷന്‍സിനും തുടക്കംമുതല്‍ അതു കൃത്യമായി എത്തിച്ചിരുന്നു. ലൊക്കേഷന്‍ കാണാന്‍ പോകുമ്പോഴും ഇന്നതുപോലെയുള്ള ഷോട്സാണ് നമുക്ക് ഇവിടെ വേണ്ടതെന്ന് പൃഥ്വിരാജ് കൃത്യമായി പറയാറുണ്ടായിരുന്നു.
അതിനാല്‍, ഇവിടെ എന്തു ചെയ്യുമെന്ന തരത്തില്‍ കണ്ഫ്യൂഷനായിട്ടില്ല. ഒരു സംവിധായകനു വേണ്ട രീതിയില്‍ എല്ലാ കാര്യങ്ങളും എത്തിക്കാന്‍ ഞങ്ങള്‍ ടെക്നീഷന്‍സ് - കലാസംവിധായകന്‍ മോഹന്‍ദാസ്, കോസ്റ്റ്യൂം ഡിസൈനര്‍ സുജിത് സുധാകര്‍, മേക്കപ്പ്മാന് ശ്രീജിത്ത് ഗുരുവായൂര്‍, ചീഫ് അസോ. ഡയറക്ടര്‍ വാവ കൊട്ടാരക്കര, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, എഡിറ്റര്‍ അഖിലേഷ് മോഹന്‍- സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്.
എമ്പുരാന് ഐമാക്സ് സ്ക്രീനുകളിൽ കാണുന്നതിന്റെ ഗുണം..?
ഐമാക്സിലെത്തുന്ന ആദ്യ മലയാള സിനിമയാണിത്. സ്ക്രീനുകളിലും വ്യത്യസ്ത വേരിയേഷനുകളുണ്ട്. 72 അടി നീളത്തിലും 50 അടി പൊക്കത്തിലുമാണ് ഐമാക്സ് സ്ക്രീന്‍. ഐമാക്സ് ആസ്പക്റ്റ് റേഷ്യോ1: 1.90 അല്ലെങ്കിൽ 1:1.43 ആണ്. അതിൽനിന്നു വ്യത്യസ്തമാണ് എമ്പുരാന്റെ ആസ്പക്റ്റ് റേഷ്യോ. അത് 1: 2.80 ആണ്. അതിനാൽ ഈ റേഷ്യോ ഐമാക്സിന്റെ വലുപ്പമേറിയ സ്ക്രീനിൽ കാണാനാകും. അപ്പോൾ സിനിമയുടെ കാഴ്ചാനുഭവവും വലുതാവും. ക്രിസ്റ്റല്‍ ക്ലിയര്‍ ക്ലാരിറ്റിയിലാവും അവിടെ സിനിമ പ്രൊജക്റ്റ് ചെയ്യപ്പെടുന്നത്.
ലൂസിഫര്‍ പോലെ മാസ് സീനുകളും ഫാമിലിചേരുവകളുമുള്ള പൊളിറ്റിക്കല്‍ ത്രില്ലറാണോ..?
ഇത്തവണയും അത്തരം കാര്യങ്ങളെല്ലാം സ്പര്‍ശിച്ചുതന്നെയാണ് സിനിമ സംഭവിക്കുന്നത്. ആള്‍ക്കൂട്ടമുള്ള സീക്വന്‍സുകള്‍ ഇതിലുമുണ്ട്. അത് ഏറിയും കുറഞ്ഞും അതിന്റേതായ ആവശ്യകതയ്ക്കുവേണ്ടിയാണ്. കേരള പൊളിറ്റിക്സ് തന്നെയാണ് കൂടുതലായി പറയുന്നത്. അതേസമയം, അബ്രാം ഖുറേഷി എന്താണെന്നും എങ്ങനെയാണെന്നും നമുക്കു കൃത്യമായി മനസിലാക്കിത്തരുന്നുമുണ്ട്. ട്രെയിലര്‍ കൂടി വന്നതോടെ ഇതു ചെറിയ പടമല്ലെന്ന് ആളുകള്‍ക്കു ധാരണയായി. റിലീസ്ദിവസം പടത്തില്‍ ചില സര്‍പ്രൈസ് ഫാക്ടറുകൾ കൂടി വരുന്പോഴാണല്ലോ ഫാന്‍സിനും സാധാരണ പ്രേക്ഷകര്‍ക്കും ഒരു വൗ ഫീല്‍ ഉണ്ടാകുന്നത്.