ഒസ്യത്തിന്റെ ശക്തി
സിജോ പൈനാടത്ത്
Tuesday, March 18, 2025 9:53 AM IST
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്. പടം കണ്ടവരുടെ നല്ല വാക്കുകള്‍, പ്രതീക്ഷ പകരുന്ന പ്രതികരണങ്ങള്‍... നടത്തിയ പരിശ്രമങ്ങളെയോര്ത്ത് ഇപ്പോള്‍ തികഞ്ഞ സംതൃപ്തി..
ഔസേപ്പിന്റെ ഒസ്യത്ത് എന്ന ശ്രദ്ധേയമായ സിനിമയുടെ സംവിധായകന് ആർ.ജെ. ശരത്ചന്ദ്രന് വലിയ സന്തോഷത്തിലാണ്. തന്റെ ആദ്യസിനിമയെ പ്രേക്ഷകര്‍ ഹൃദയപൂര്‍വം ഏറ്റെടുത്തതിന്റെ സന്തോഷം. നവാഗതനെങ്കിലും പരിചയസമ്പന്നനായ സംവിധായകനുള്ള പ്രതിഭാശേഷിയും കൈയടക്കവും ഔസേപ്പിന്റെ ഒസ്യത്തി'ല്‍ നിഴലിക്കുന്നുണ്ടെന്നു പലരും ചൂണ്ടിക്കാട്ടുന്നു.
കുടുംബബന്ധങ്ങളിലെ ഇഴയടുപ്പങ്ങളും അതിനിടയിലെ പൊരുത്തക്കേടുകളും പ്രമേയമാക്കി മലയാളത്തില്‍ സിനിമകളേറെയുണ്ടായിട്ടുണ്ട്. "ഔസേപ്പിന്റെ ഒസ്യത്ത്' പങ്കുവയ്ക്കുന്നതും ബന്ധങ്ങളുടെ സന്തോഷവും സങ്കീര്ണതകളുമെങ്കിലും കഥാഗതിയിലൊളിപ്പിച്ച ആകാംക്ഷയും ട്വിസ്റ്റുകളും സിനിമയെ വേറിട്ടതാക്കുന്നു. തന്റെ ആദ്യ സിനിമയെക്കുറിച്ചു ശരത്ചന്ദ്രന് സൺഡേ ദീപികയോട്.
ബന്ധങ്ങളുടെ കഥ
ഒരു മലയോര ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കാര്‍ക്കശ്യക്കാരനായ പിതാവും മക്കളുമാണ് പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ പേരു സൂചിപ്പിക്കും പോലെ ഔസേപ്പ് എന്ന പിതാവിന്റെ ഒസ്യത്തില്‍ (മരണപത്രം) പറയുന്ന സ്വത്തിനെയും പണത്തെയും സംബന്ധിച്ച അവകാശവാദങ്ങളും തര്‍ക്കങ്ങളും ആ കുടുംബത്തിലുണ്ടാക്കുന്ന കലഹങ്ങള്‍, വഴിത്തിരിവുകള്‍, കാര്‍ക്കശ്യക്കാരനായ പിതാവിനും മൂന്ന് ആണ്മക്കള്ക്കുമിടയിലുള്ള ജീവിതസംഘര്‍ഷങ്ങൾ... ഇവയെ പച്ചയായി ആവിഷ്കരിക്കാനായിരുന്നു സിനിമയുടെ ശ്രമം- ശരത് പറയുന്നു.
ഫസല്‍ ഹസന്റെ സ്ക്രിപ്റ്റ് വായിച്ചശേഷം കൃത്യമായി പറഞ്ഞാല്‍ രണ്ടു വര്‍ഷമെടുത്തു അതു സിനിമയായി തിയേറ്ററുകളിലെത്താന്‍. കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണത്തിനു 33 ദിവസമേ വേണ്ടിവന്നുള്ളൂ.
പക്ഷേ, അതിലേക്കുള്ള തയാറെടുപ്പുകള്‍ ദീര്‍ഘമായിരുന്നു. കുട്ടേട്ടന് (വിജയരാഘവന്) ഉള്‍പ്പടെ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു ഷൂട്ടിംഗ് ദിനങ്ങളില്‍. ഒരു പുതിയ സംവിധായകനെന്ന നിലയില്‍ എനിക്കു നല്ല പാഠങ്ങള്‍കൂടി പകര്‍ന്ന നാളുകളായിരുന്നു അത്. പ്രത്യേകിച്ച് കുട്ടേട്ടന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമെല്ലാം എനിക്കു വലിയ പ്രചോദനമായി.
അതിശയിപ്പിച്ച് ഔസേപ്പ്

കിഷ്കിന്ധാകാണ്ഡത്തിനു ശേഷം തിയേറ്ററുകളിലെത്തുന്ന, വിജയരാഘവന്റെ മികച്ച കഥാപാത്രമാണ് എണ്‍പതുകാരനായ ഔസേപ്പ്. മലയോരത്ത് മണ്ണിനോടും വന്യജീവികളോടും പ്രതിസന്ധിനിറഞ്ഞ സാഹചര്യങ്ങളോടുമെല്ലാം പോരാടി നേടിയ ജീവിതാന്തസാണു യൗസേപ്പിന്റെ പ്രധാന കൈമുതല്‍. അധ്വാനിച്ചു നേടിയ സമ്പത്തും ആവോളം.
കാര്‍ക്കശ്യക്കാരനായ, കുടുംബത്തിന്റെയും മക്കളുടെയും കാര്യങ്ങളില്‍ ചില പിടിവാശികളുള്ള ഒൗസേപ്പ്. മക്കളോടു വലിയ സ്നേഹമെങ്കിലും, അതു പുറത്തുകാട്ടാന്‍ മടികാണിക്കുന്നയാള്. വിജയരാഘവന്റെ അച്ഛന് എന്‍.എന്‍. പിള്ള അനശ്വരമാക്കിയ ഗോഡ്ഫാദറിലെ അഞ്ഞൂറാനെ, ഒൗസേപ്പ് ഓര്‍മിപ്പിച്ചേക്കും. വിജയരാഘവന് ഒൗസേപ്പിനെ മികച്ചതാക്കി.
കുട്ടേട്ടനൊപ്പമുള്ള ഷൂട്ടിംഗ് ദിനങ്ങള്‍ എന്റെ സിനിമാ ജീവിതത്തിലെ വലിയ മുതല്‍ക്കൂട്ടായിരുന്നു. യൗസേപ്പിനെ മികച്ചതാക്കാനുള്ള അധ്വാനം മാത്രമായിരുന്നില്ല, അദ്ദേഹത്തില്‍നിന്നുണ്ടായത്. സിനിമാലോകത്തെക്കുറിച്ചു നവീനമായ അറിവുകള്‍, അനുഭവങ്ങള്‍, ഓര്മപ്പെടുത്തലുകള്... അദ്ദേഹം പങ്കുവച്ചതത്രയും സിനിമാരംഗത്തെ ഓരോ ചുവടുവയ്പിലും ഓര്‍ക്കേണ്ട കാര്യങ്ങളായിരുന്നു.

ഔസേപ്പിന്റെ മക്കളായി അഭിനയിച്ച ദിലീഷ് പോത്തന് (മൈക്കിള്‍), ഷാജോണ്‍ (ജോര്‍ജ്), ഹേമന്ത് മേനോന് (റോയ്) എന്നിവരും സിനിമയെ മികവിലേക്കു കൈപിടിച്ചു. ലെന, അഞ്ജലി, കനി കുസൃതി, സെറിന്‍ ഷിഹാബ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കി. മെയ്ഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് അന്തോണിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
വഴിത്തിരിവായ വില്ലന്‍
മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ കഥ പറയുന്ന "വില്ലന്‍' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കി നേരത്തേതന്നെ കൈയടി നേടിയ സംവിധായകനാണു ആർ.ജെ.ശരത് ചന്ദ്രന്. പഴയകാല നടന് രാഘവനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ "വില്ലന്‍', ജി.ആര്. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് തയാറാക്കിയത്.
തിരുവനന്തപുരം സ്വദേശിയായ ശരത്ചന്ദ്രന് ഇപ്പോള്‍ കൊച്ചിയിലാണു താമസം. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജില്‍ കലാപഠനം പൂര്‍ത്തിയാക്കിയ ശരത്ചന്ദ്രന് പരസ്യചിത്രം, ഫോട്ടോഗ്രഫി മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. പുതിയ സിനിമയുടെ ആലോചനകള്‍ പുരോഗമിക്കുകയാണെന്നും ശരത് ചന്ദ്രന് പറഞ്ഞു.