ജസ്റ്റ് കിഡിംഗ് സ്റ്റാർ
Monday, February 17, 2025 8:59 AM IST
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എന്ന ശ്യാം മോഹന്‍, ജെകെയെന്ന ജനപ്രിയ താരമായ കഥ. സോഷ്യല്‍ മീഡിയ കോമഡി വീഡിയോസില്‍ തുടങ്ങി നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട്ഫിലിം വഴി പ്രേമലുവെന്ന മെഗാഹിറ്റും കടന്ന് തെലുങ്കിലെ വമ്പന്‍ സര്‍പ്രൈസ് പ്രോജക്ടിന്റെ തിരക്കുകളിലാണ് ശ്യാം.
ബ്രോമാന്‍സും ഗെറ്റ് സെറ്റ് ബേബിയുമാണ് പുത്തന്‍ റിലീസുകള്‍. റിലീസിനൊരുങ്ങുകയാണ് ദ പെറ്റ് ഡിറ്റക്ടീവ്. ശ്യാം മോഹന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
കിലുക്കം ബോയ്!
അമ്മ നിമ്മി നാടകം ആര്‍ട്ടിസ്റ്റും അച്ഛന് മോഹന്‍ ഡ്രാമ മാനേജരും സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരുന്നു. 90കളില്‍ അമ്മ ദൂരദര്ശന് സീരിയലുകളിലും ചില സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചിരുന്നു. അന്നൊക്കെ ഞാന്‍ നാണംകുണുങ്ങിയാണ്. സൈലന്റായി എവിടെയെങ്കിലുമിരുന്നു പടം വരയ്ക്കും.
അവര്‍ക്ക് എന്നെ അഭിനയിപ്പിക്കണമെന്നോ എനിക്ക് സിനിമയിലെത്തണമെന്നോ ഇല്ലായിരുന്നു. അമ്മ കിലുക്കത്തില്‍ തിലകന്റെ ഭാര്യവേഷം ചെയ്യാന്‍ പോയപ്പോള്‍ ഒപ്പം ഞങ്ങളും പോയി. തിലകന്റെ ഫാമിലി വരുന്ന സീനില്‍ ഒരു കുട്ടിയെ ആവശ്യമായി വന്നപ്പോള്‍ എന്നെ പിടിച്ചിരുത്തി! അങ്ങനെ അവിചാരിത സിനിമാത്തുടക്കം. പിന്നീടാണ് അതിന്റെ മൂല്യമറിഞ്ഞത്. പത്തിലെത്തിയ കാലം സ്കൂളിലും വീടിനടുത്തെ അമ്പലത്തിലുമൊക്കെ മിമിക്രി ചെയ്തിരുന്നു. നാടകത്തിനു പോകുമ്പോഴൊക്കെ അച്ഛനും അമ്മയും എന്നെയും കൂടെക്കൂട്ടി. നാടകം, സ്റ്റേജ്, റിഹേഴ്സല്‍... പെര്‍ഫോമന്‍സ് അന്നേ മനസിലെത്തി.
മുംബൈ ടു കൊച്ചി
പത്താം ക്ലാസ് കഴിഞ്ഞ കാലം അച്ഛനെയും അമ്മയെയും നഷ്ടമായി. പിന്നീട് അമ്മാവനും വലിയച്ഛനും മറ്റുമാണ് തുണയായത്. വരയുടെ പിന്‍ബലത്തില്‍ അനിമേഷന്‍ പഠിച്ചു. സാമ്പത്തികമാന്ദ്യത്തോടെ അനിമേഷനില്‍ ജോലിസാധ്യത കുറയുമെന്നുകേട്ട് മുംബൈയില്‍ പോയി. അമ്മാവന് അവിടെയായിരുന്നു. അഞ്ച് വര്‍ഷം ടാറ്റ, സിറ്റി ബാങ്ക് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ ജോലി.

ക്രമേണ ഓഫീസ് ജീവിതം മടുപ്പായി. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് 2016ല്‍ കൊച്ചിയിലെത്തി. ഫിലിം പ്രമോഷന് ടീമില്‍ ചേര്‍ന്നു. സിനിമാക്കാരെ നേരില്‍ കാണാമല്ലോ! അക്കാലത്ത് സ്മ്യൂളില് എന്റെ പാട്ടുകള്‍ പോപ്പുലറായി. ഡബ്ബ്സ് സ്മാഷ്, മ്യൂസിക്കലി, ടിക് ടോക്ക് എന്നിവയില്‍ ഷോര്‍ട്ട്-കോമഡി വീഡിയോസ്. യൂ ട്യൂബിലെ പൊന്മുട്ട ചാനലില്‍ സ്ക്രിപ്റ്റെഴുത്ത്. ഒപ്പം സോഷ്യല്‍ മീഡിയയില്‍ മ്യൂസിക് റീല്‍സും. കോവിഡ്കാലത്ത് അതൊക്കെ വൈറലായതോടെ സിനിമയിലേക്കു വിളിവന്നു.
നൈറ്റ് കോള്‍
ഷറഫുദീനൊപ്പം പത്രോസിന്റെ പടപ്പുകളാണ് ആദ്യ സിനിമ. തുടര്‍ന്നു കരിക്കില്‍ ബെറ്റര്‍ ഹാഫ് എന്ന സീരീസ് എഴുതി, അതില്‍ അഭിനയിച്ചു. ഹെവനില്‍ സുരാജേട്ടനൊപ്പം കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ വേഷം. മിഥുന് മാനുവല്‍ തോമസ് നിര്‍മിച്ച നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിം ബ്രേക്കായി. സത്യന് അന്തിക്കാട് പടം ഹൃദയപൂര്വത്തിനു സ്ക്രിപ്റ്റെഴുതിയ ടി.പി. സോനുവാണ് അതിന്റെ സംവിധാനം.

അതിതീവ്രമായ, ഏറെ അടരുകളും ആഴവുമുള്ള വേഷം. വേറെ കഥാപാത്രങ്ങളില്ല. ഒരാള്‍ ഫോണ്‍ വിളിക്കുന്ന 23 മിനിറ്റുള്ള ഷോര്‍ട്ട് ഫിലിം. അതു റിലീസായതോടെ ആള്ക്കാര് ഒരാക്ടര്‍ എന്ന നിലയില്‍ എന്നോടു സംസാരിച്ചുതുടങ്ങി. ബെസ്റ്റ് ആക്ടറിനുള്ള പ്രേംനസീര്‍ ഫൗണ്ടേഷന് അവാര്‍ഡും അതിലൂടെയെത്തി. നൈറ്റ് കോള്‍ 18 പ്ലസിലേക്കു വഴിതുറന്നു. അതിലാണ് സിനിമയില്‍ ആദ്യമായി കിട്ടിയ നല്ല വേഷം.
പ്രേമലു ഡേയ്സ്
എന്റെ പഴയ യൂ ട്യൂബ് വീഡിയോകളുടെ റഫറന്‍സിലാണ് പ്രേമലു ഓഡിഷനു വിളിച്ചത്. വേഷം ഉറപ്പെന്ന് രണ്ടു ദിവസത്തിനകം അറിയിച്ചെങ്കിലും സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് പടത്തിന്റെ ഒരു ഭാഗം മുഴുവന്‍ കൊണ്ടുപോകുന്നത് ആദിയാണെന്നറിഞ്ഞത്.

ആദിയില്‍ എന്റേതായ ഒന്നും തന്നെയില്ല. ഞാന്‍ മലയാളം മീഡിയത്തില്‍ പഠിച്ചുവളര്ന്നയാള്. ആദിയാവട്ടെ മുംബൈയില്‍ ജനിച്ചുവളര്‍ന്ന, പണക്കാരനായ, അല്പം സങ്കീര്‍ണത തോന്നിക്കുന്നയാള്‍. സംസാരത്തിലും ശരീരഭാഷയിലുമെല്ലാം അതു വരണം. മുംബൈ കാലത്തു കോര്‍പ്പറേറ്റ് ലൈഫിലെ ആളുകളുടെ നടത്തവും ശരീരഭാഷയുമൊക്കെ ശ്രദ്ധിച്ചിരുന്നു. ആദി ചെയ്തപ്പോള്‍ അതും റഫറന്‍സായി.
ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞ് ലൊക്കേഷനിലെത്തിയപ്പോള്‍ പ്രൊഡക്ഷന്‍ ബോയ്സും മറ്റും എന്നെ നോക്കി കൈകൊണ്ട് ജസ്റ്റ് കിഡിംഗ് കാണിച്ചുതുടങ്ങി. ജസ്റ്റ് കിഡിംഗ് സ്ക്രിപ്റ്റിലുണ്ടായിരുന്നു. പക്ഷേ, വിരല്‍ കൊണ്ടുള്ള ആംഗ്യം ഗിരീഷിന്റെ സമ്മതത്തോടെ എന്റെ സംഭാവനയാണ്! അതിത്രയും ഹിറ്റാകുമെന്ന് കരുതിയില്ല.
ഹൈദരാബാദില്‍ രാജമൗലി സാര്‍ പടം കണ്ടിട്ട് തന്റെ പ്രിയ കഥാപാത്രം ആദിയെന്നു ട്വീറ്റ് ചെയ്തു. വിജയ്സേതുപതി സാര്‍ ഒരഭിമുഖത്തില്‍ ആദിയെ ഇഷ്ടമായെന്നു പറഞ്ഞു. നമ്മള് ഒരുപാട് ഇഷ്ടപ്പെടുന്ന പ്രതിഭകള്‍ നമ്മളെപ്പറ്റി പറയുന്നതും ഒരു കുഞ്ഞു മലയാളംപടം ചെയ്തതിന് അത്രമേല്‍ അംഗീകാരം കിട്ടുന്നതുമൊക്കെ അപ്രതീക്ഷിതം.
അമരന്
പ്രേമലുവിനു മുന്നേ അഭിനയിച്ച നുണക്കുഴിയും അമരനും പിന്നീടു ചെയ്ത ഇഡിയുമാണ് തുടര്‍ന്നു തിയറ്ററുകളിലെത്തിയത്. ഒടിടിയില്‍ "18 പ്ലസ്' കണ്ട് മലയാളി അസി. ഡയറക്ടര്‍ അഖിലയാണ് എന്നെ അമരനിലേക്കു റഫര്‍ ചെയ്തത്.
കുറച്ചു പ്രശ്നക്കാരനായ ഒരാങ്ങളയുടെ വേഷമാണ് 18 പ്ലസില്‍. അമരനിലെ ദീപുവും കുറച്ചു ദേഷ്യക്കാരനാണ്. പ്രേമലു ഹിറ്റടിച്ചതോടെ അമരന് പ്രമോഷനില്‍ ഞാന്‍ തിരിച്ചറിയപ്പെട്ടു തുടങ്ങിയിരുന്നു. അവിടെ എന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ ശിവകാര്ത്തികേയന് സാര്‍ ജസ്റ്റ് കിഡിംഗ് അനുകരിച്ചതും സര്‍പ്രൈസായി.
ബ്രോമാന്‍സ് ഷിന്റോ!
18 പ്ലസിന്റെ ഡയറക്ടര്‍ അരുണ്‍ ഡി. ജോസിനൊപ്പം ചെയ്ത രണ്ടാമത്തെ പടമാണ് ബ്രോമാന്‍സ്. പ്രേമലു കണ്ട് ഇഷ്ടമായപ്പോഴാണ് ഇതിലേക്കു വിളിച്ചത്. എന്റെ കഥാപാത്രം ഷിന്റോയെ കാണാതാകുന്നു.
ഷിന്റോയെ തേടി അനിയന് ബിന്റോയും ഷിന്റോയുടെ കുറേ കോമണ്‍ ഫ്രണ്ട്സും നടത്തുന്ന അന്വേഷണം, അതില്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, തുടര്‍സംഭവങ്ങള്‍...അതൊക്കെയാണു സിനിമ. സീരിയസ് അന്വേഷണമല്ല. ബിന്റോയായി മാത്യു തോമസ്. മറ്റുള്ളവരിലൂടെയാണ് ഷിന്റോയുടെ കഥ പുറത്തുവരുന്നത്. ഷിന്റോയെ ചുറ്റിപ്പറ്റിയാണു കഥാസഞ്ചാരം.
കോമഡിയോ നെഗറ്റീവോ ഇഷ്ടം..?
ചിരിപ്പിക്കുന്ന വേഷങ്ങള്‍ തന്നെയാണ് ഇഷ്ടം. കോമഡി വളരെ കംഫര്‍ട്ടബിളാണ്. ആദ്യമൊക്കെ നെഗറ്റീവ് ചെയ്യാനാകുമോ എന്നു സംശയമുണ്ടായി. കരിക്കില്‍ വൈഫുമായി വഴക്കിടുന്ന സീനെഴുതിയപ്പോള് എനിക്കത് അഭിനയിക്കാന്‍ പറ്റുമോ എന്ന സന്ദേഹമായിരുന്നു. കാരണം, റിയല്‍ ലൈഫില്‍ ഞാന്‍ ദേഷ്യപ്പെടുന്ന ആളല്ല. നൈറ്റ്കോളും 18 പ്ലസും ചെയ്തപ്പോഴാണ് അത്തരം ഷെയ്ഡും പറ്റുമെന്നറിഞ്ഞത്. മുമ്പു ചെയ്തവയുമായി സാദൃശ്യമില്ലാത്ത കഥകളും കഥാപാത്രങ്ങളുമാണു ഞാന്‍ ഇപ്പോള്‍ നോക്കുന്നത്.
അടുത്ത റിലീസുകള്‍..?
പ്രേമലുവിനു മുന്നേ അഭിനയിച്ച ഗെറ്റ് സെറ്റ് ബേബി 21നു തിയറ്ററുകളില്‍. അതില്‍ ഡോ. രഞ്ജിത് കരുണാകരന് എന്ന വേഷം. ഷറഫുദീന്‍ നിര്‍മാതാവും നായകനുമായ ഫണ്‍ സിനിമ ദ പെറ്റ് ഡിറ്റക്ടീവ് റിലീസിനൊരുങ്ങുന്നു. രചന ജയ്വിഷ്ണു, സംവിധാനം പ്രനീഷ് വിജയന്.

ഏറെ സംതൃപ്തി നല്കുന്ന വേഷമാണ് ഇപ്പോള്‍ തെലുങ്കില്‍ ചെയ്യുന്നത്. 18 പ്ലസാണ് ഇതിലേക്കും വഴിതുറന്നത്. ഇങ്ങനെ ഒരു വേഷം ഇനി കിട്ടാനിടയില്ല. പെര്‍ഫോമന്‍സിന് അത്രത്തോളം ഇടമുണ്ട്. അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദില്‍. ജൂണ്‍-ജൂലൈയില്‍ പ്രേമലു 2 ഷൂട്ടിംഗ്. ഫുള്‍ സ്ക്രിപ്റ്റ് വായിച്ചിട്ടില്ല. സര്‍പ്രൈസുകള്‍ക്കായി ഞാനും കാത്തിരിക്കുന്നു. ‘സിനര്‍ജി’ മറൈൻ ഗ്രൂപ്പി ൽ ജോലിയുള്ള ഭാര്യ ഗോപികയ്ക്കൊപ്പം ഇപ്പോള്‍ കൊച്ചിയിലാണു താമസം.
ടി.ജി. ബൈജുനാഥ്