ആസ്വദിച്ച് അഭിനയ പൂജ
Monday, February 10, 2025 9:28 AM IST
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹന്‍രാജിന്റെ സിനിമായാത്രകള്‍. നാടകക്കളരിയില്നിന്നാണ് വരവ്. ഫ്രീഡം ഫൈറ്റിലെ "അസംഘടിതരാ'ണ് ആദ്യ ടേണിംഗ് പോയിന്റ്.
ചെറുതെങ്കിലും, പൂജ നിര്‍ണായക വേഷങ്ങളിലെത്തിയ രോമാഞ്ചത്തിലെ ഓജോ ബോര്‍ഡ് സീനും ആവേശത്തിലെ ഡം ഷെരാള്ഡ് സീനും ആ സിനിമകളുടെ കഥാഗതി മാറ്റിമറിച്ചു. തിയറ്റര്‍-ഓടിടി ഹിറ്റായ സൂക്ഷ്മദര്‍ശിനിയും തിയറ്റര്‍ വിജയം നേടിയ ഒരു ജാതി ജാതകവുമാണ് പൂജയുടെ പുത്തന്‍ വിശേഷങ്ങള്‍. പൂജ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
അസംഘടിതര്‍
എല്ലാവരോടും സംസാരിക്കാനുള്ള മടിയും നാണവും മാറ്റാനാണ് അമ്മ എന്നെ എറണാകുളത്തെ ലോകധര്‍മി നാടകഗ്രൂപ്പിന്റെ ചില്‍ഡ്രന്‍സ് തിയറ്റില്‍ ചേര്‍ത്തത്. ബിഎ ഇക്കണോമിക്സ് പഠനകാലത്ത് ഡല്‍ഹി ശ്രീറാം കോളജിലും പുറത്തും നാടകങ്ങള്‍ ചെയ്തിരുന്നു. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു തിയറ്റര്‍ ആര്‍ട്സില്‍ മാസ്റ്റേഴ്സ്.
സിംഗപ്പൂരിലെ ഇന്റര്‍ കള്‍ച്ചറല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുവര്‍ഷം ആക്ടിംഗ് പഠനം. തിരിച്ചു നാട്ടിലെത്തി നാടകങ്ങള്‍ ചെയ്തു. കോവിഡിനു ശേഷം ആക്ടിംഗ് വര്‍ക്ക്ഷോപ്പുകളില്‍ സജീവമായി. മമ്മൂട്ടിച്ചിത്രം വണ്ണിലൂടെ സിനിമയിലെത്തി. സുഹൃത്ത് നില്ജയാണ് കോള്ഡ്കേസിലെ പോലീസ് വേഷത്തിലേക്ക് എന്റെ പേരു നിര്‍ദേശിച്ചത്. ഫ്രീഡംഫൈറ്റില് കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത അസംഘടിതരിലെ സജ്ന എന്ന വേഷം രോമഞ്ചം, ഇരട്ട, നീലവെളിച്ചം എന്നിവയിലേക്കു വഴിതുറന്നു.
രോമാഞ്ചം
![](https://www.deepika.com/feature/poojaromacham.jpg)
ജിത്തു മാധവന്റെ രോമാഞ്ചത്തില്‍ ഒന്നരപ്പവന്‍ മാല മോഷ്ടിച്ചതാരെന്ന് അറിയാന്‍ ഓജോ ബോര്‍ഡ് പിള്ളേരുടെ വീട്ടിലേക്ക് എത്തുന്ന കഥാപാത്രം. അപ്പോൾ സ്വാഭാവികമായി തോന്നുന്നത് കഴിയുന്നത്ര ഉച്ചത്തില്‍ പറയണമെന്ന ജിത്തുവിന്റെ സപ്പോര്‍ട്ടിലായിരുന്നു എന്റെ ഡയലോഗ്. വണിനും കോള്ഡ്കേസിനും ശേഷമുള്ള പോലീസ് വേഷമാണ് ഇരട്ടയിലെ അമൃത. എന്റെ പൊക്കവും ശരീരപ്രകൃതിയുമാക്കെയാവണം അത്തരം വേഷങ്ങള്‍ എന്നിലെത്തിച്ചത്. നീലവെളിച്ചത്തില്‍ ഭാര്‍ഗവിയുടെ കൂട്ടുകാരി. ലതയെന്നാണു പേര്.
പുരുഷപ്രേതം, കാതല്‍
രോമാഞ്ചത്തിനു ശേഷമാണ് കൂടുതല്‍ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. കൃഷാന്തിന്റെ പുരുഷപ്രേതത്തില്‍ പ്രശാന്തേട്ടന്റെ അമ്മയെ ശുശ്രൂഷിക്കുന്ന ഹോം നഴ്സ്. ചെറിയ വേഷമാണെങ്കിലും കൃഷാന്തിന്റെ സിനിമയുടെ ഭാഗമാവണം എന്നുണ്ടായിരുന്നു. എല്ലാവരുടെയും ഇന്‍പുട്സ് എടുത്ത് സീന്‍ ചെയ്യുമ്പോള്‍ നമ്മള് പോലും ചിന്തിക്കാത്ത രീതിയില്‍ പുതുമയുള്ള ഔട്ട്പുട്ടാവും വരിക.
![](https://www.deepika.com/feature/poojakathal.jpg)
ജിയോബേബിയുടെ കാതലില്‍ തങ്കന്റെ സഹോദരി. കഥയിൽ തങ്കന് സഹോദരനാണ് ഉണ്ടായിരുന്നത്. പകരം, സഹോദരി വന്നാല്‍ കുറച്ചുകൂടി സൗമ്യതയും സ്നേഹവുമൊക്കെ ചേരുമെന്നും ഇമോഷണലി കൂടുതല്‍ വര്‍ക്കാകുമെന്നും ചിന്തയുണ്ടായി. ഷൂട്ടിംഗിന്റെ അവസാന ദിവസങ്ങളിലാണ് ആ സീനെടുത്തത്.
ആവേശം
രോമാഞ്ചത്തിലെയും ആവേശത്തിലെയും കഥാപാത്രങ്ങള്‍ക്കു സ്ക്രീന്‍ ടൈം കുറവാണെങ്കിലും അതിന്റെ സ്വാധീനം വലുതാണ്. രണ്ടു സിനിമകളിലും അധികം സ്ത്രീകളില്ല. പെട്ടെന്നൊരു സ്ത്രീ സ്ക്രീനിലെത്തുമ്പോള്‍ നേടുന്ന പ്രേക്ഷകശ്രദ്ധ. ആവേശത്തിലെ ഡം ഷെരാള്സ് സീനിലാണ് രംഗണ്ണന് ശരിക്കും ഗുണ്ടയാണെന്നു പിള്ളേര്‍ക്കു മനസിലാകുന്നത്.
![](https://www.deepika.com/feature/poojavaesham.jpg)
ഇയാളെക്കൊണ്ട് എന്തെങ്കിലും പറ്റുമോ എന്നതില്‍നിന്ന് ഇയാള്‍ ഇത്തിരി അപകടകാരിയെന്നു കോമിക്കലി കാണിക്കുന്ന സീന്‍. രോമാഞ്ചത്തിലാവട്ടെ, ആരാണ് എന്റെ കാമുകിയാവുക, ആദ്യത്തെ അക്ഷരം പറയൂ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അതുവരെ ഓജോ ബോര്‍ഡില്‍ ചോദിച്ചിരുന്നത്. അതിനിടെ ഒരു അപരിചിത വന്നു മാലയെടുത്തത് ആരെന്നു ചോദിക്കുന്നു. ഉത്തരം ശരിയാകുന്നു. അവിടെയാണു കഥ മാറുന്നത്.
സൂക്ഷ്മദര്‍ശിനി...
![](https://www.deepika.com/feature/poojasooshama.jpg)
വായിച്ചപ്പോള്‍ത്തന്നെ ഏറെ ഇഷ്ടപ്പെട്ട സ്ക്രിപ്റ്റാണ് സൂക്ഷ്മദര്‍ശിനിയുടേത്. അസ്മയെപ്പോലെ പലരെയും നമ്മള് അടുത്ത വീട്ടിലൊക്കെ കണ്ടിട്ടുണ്ടാവും. എല്ലാവരുടെയും പെര്‍ഫോമന്‍സ് എന്ജോയ് ചെയ്ത്, പരസ്പര പിന്തുണയിലാണ് അഭിനയിച്ചത്.
ആണുങ്ങളും കൂടിയുള്ളപ്പോള്‍ തട്ടമിടേണ്ട രീതി വേറെയാണ്, പെണ്ണുങ്ങള് മാത്രമുള്ളപ്പോള്‍ കുറച്ചു ലൂസായി ഇടാം എന്നിങ്ങനെ കോസ്റ്റ്യൂം ഡിസൈനര്‍ മസ്ഹര്‍ ഹംസയുടെ ഇൻപുട്സും സഹായകമായി. ബേസില്‍, നസ്രിയ, സിദ്ധാര്‍ഥ്, അഖില...എല്ലാവരുമായും ആത്മബന്ധമുണ്ടായി.
ഒരു ജാതി ജാതകം...
![](https://www.deepika.com/feature/poojaorujathi.jpg)
ആവേശവും ഒരു ജാതി ജാതകവും ഒരേസമയം ഷൂട്ട് ചെയ്തതാണ്. അസ്മയുടെ നേര്‍വിപരീത കഥാപാത്രമാണു ലത. വേറെ ലുക്ക്, വേറെ ഭാഷ. അതിന്റെ രസമുള്ള കഥാപാത്രം. രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി കുറിതൊട്ട് നല്ല സാരിയൊക്കെ ധരിച്ചു വീടും തറവാടുമൊക്കെയായി കഴിയുന്ന തലശേരി വീട്ടമ്മ. അച്ഛന്, അമ്മ, അച്ഛമ്മ, മകള്‍... എല്ലാവരുമായി ഒരു വീട്ടില്‍. കണ്ണൂരിലെ എന്റെ ബന്ധുവീട്ടിലാണ് തറവാടുസീനുകള് ചിത്രീകരിച്ചത്.
കരിയറിലെ മാറ്റം..?
പല പ്രായങ്ങളിലെ വേഷങ്ങള്‍ വരുന്നുണ്ട്. ഇപ്പോഴാണ് കഥാപാത്രം നോക്കി അഭിനയിക്കാന്‍ തുടങ്ങിയത്. ആവര്‍ത്തനസ്വഭാവമുള്ള വേഷങ്ങള്‍ ചെയ്യുന്നില്ല. പക്ഷേ, നല്ല കഥയും നല്ല ടീമും രസമുള്ള സിനിമയുമാണെങ്കില്‍ എന്റെ വേഷം നോക്കാറില്ല. അങ്ങനെ ചെയ്തതാണ് മഞ്ഞുമ്മല്‍ ബോയ്സ്.
അടുത്ത റിലീസുകൾ...?
ബേസില്‍ നായകനായ മരണമാസ്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍, ഫാലിമി സന്ദീപ് എന്നിവര്‍ക്കൊപ്പം പടക്കളം. രത്തീന സംവിധാനം ചെയ്ത പാതിരാത്രി. അതില്‍ നവ്യനായര്‍, സൗബിന് എന്നിവര്‍ക്കൊപ്പം ചെറിയവേഷം.
യഷ്രാജ് ഫിലിംസിന്റെ അക്ക എന്ന ഹിന്ദി വെബ്സീരീസും റിലീസിനൊരുങ്ങി. 80കളിലെ മുംബൈ പശ്ചാത്തലം. രാധിക ആപ്തെ, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കൊപ്പം. അതില്‍ ഞാന്‍ കീര്‍ത്തിയുടെ ബോഡിഗാര്‍ഡാണ്. ഏറെ പാവവും അതേസമയം, ഡെയിഞ്ചറസുമായ കഥാപാത്രം. ഏറെ വ്യത്യസ്തമായ ലുക്കിനുവേണ്ടി ബോഡി ബില്‍ഡിംഗ് വേണ്ടിവന്നു. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ "ഒരു ദുരൂഹ സാഹചര്യത്തില്‍' ഷൂട്ടിംഗ് കഴിഞ്ഞു.
നാടകവും സിനിമയും തമ്മില്‍..?
ഏറ്റവും കൂടുതല്‍ അഭിനയം പഠിച്ചതു നാടകത്തിൽ നിന്നാണ്. സിനിമയാകുമ്പോള്‍ നിഗൂഢമായി അഭിനയിക്കണം എന്നില്ലല്ലോ. രോമാഞ്ചത്തിലും ആവേശത്തിലുമൊക്കെ ഏറെ ലൗഡായി അഭിനയിക്കേണ്ട സന്ദര്‍ഭമാണ്. കാതല്‍, സൂക്ഷ്മദര്‍ശിനി, ഒരു ജാതി ജാതകം എന്നിവയില്‍ കുറേക്കൂടി ഒതുക്കി, ചില സന്ദര്‍ഭങ്ങളില്‍ മാത്രം ലൗഡ് ആവുകയും പൊതുവെ സ്വാഭാവികമായുമാണ് അഭിനയം. നാടകമാവട്ടെ, സിനിമയാവട്ടെ സന്ദര്‍ഭം ആവശ്യപ്പെടുംപോലെ മാറിമാറി പെര്‍ഫോം ചെയ്യാനാവണം.
ഇനി ഏതുതരം വേഷങ്ങള്‍..?
കെപിഎസി ലളിതച്ചേച്ചി, സുകുമാരിയമ്മ, കല്പന, ഉര്‍വശി തുടങ്ങിയവരൊക്കെ ഏതുതരം വേഷവും ചെയ്തിരുന്നു. അതുപോലെ രസകരമായ കുറേ വേഷങ്ങള്‍. അല്ലാതെ ഇങ്ങനെയേ ചെയ്യൂ, എല്ലാ സിനിമകളിലും എന്നെക്കാണാന്‍ നല്ല ഭംഗിയുണ്ടാവണം...അത്തരം ചിന്തകളില്ല. പക്ഷേ, എനിക്കതില്‍ ചെയ്യാന്‍ എന്തെങ്കിലുമുണ്ടാവണം. എന്റെ കഥാപാത്രം എനിക്ക് ആസ്വദിച്ചു ചെയ്യാനാവണം.
ടി.ജി. ബൈജുനാഥ്