പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
Monday, February 3, 2025 10:13 AM IST
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാലെ കൂടിയതാണ് ആനന്ദ് മന്മഥന്. പ്രേക്ഷകശ്രദ്ധ നേടിയ ജയ ജയ ജയ ഹേ, അറ്റന്ഷന് പ്ലീസ് തുടങ്ങിയ സിനിമകളിലൂടെ തുടര്‍ന്ന അഭിനയവഴിയില്‍ ആദ്യ ഹിറ്റായത് സിഐഡി രാമചന്ദ്രന് റിട്ട. എസ്ഐയിലെ രഘുവെന്ന പ്രതിനായകവേഷം.
അതിനിടെ, സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ തിരക്കഥയെഴുത്തിലും പങ്കാളി. ജി.ആര്. ഇന്ദുഗോപന്റെ രചനയില്‍ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പൊന്മാനാണ് ആനന്ദിന്റെ പുത്തന്‍ റിലീസ്.
"ഏറെ കയറ്റിറക്കങ്ങളുള്ള, വലിയ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ബ്രൂണോ. അത്തരമൊരു വേഷം ഇപ്പോള്‍ മലയാള സിനിമയില്‍ കിട്ടുക എന്നതു ഭാഗ്യമാണ്.'-ആനന്ദ് മന്മഥന് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"വൈ'യില്‍ തുടക്കം...
സ്കൂള്‍ കലോത്സവങ്ങളിലെ നാടകം, മോണോആക്ട്...അങ്ങനെ തുടങ്ങി. എംബിഎ പഠനകാലത്ത്, 2012ല്‍ കൊല്ലത്തു നടന്ന കേരള സര്‍വകലാശാല കലോത്സവത്തില്‍ മോണോആക്ടിനു രണ്ടാം സമ്മാനം. മാതൃഭൂമി ഇവന്റ് മാനേജ്മെന്റ് ഡിവിഷനിലും ഫ്ളവേഴ്സില്‍ പ്രോഗ്രാം വിഭാഗത്തിലും ജോലിചെയ്തെങ്കിലും സിനിമ മാത്രമേ പറ്റുകയുള്ളൂവെന്ന അവസ്ഥയിലെത്തി.
പല ഓഡിഷനുകളിലും ഫൈനല്‍ റൗണ്ടിലെത്തിയെങ്കിലും ചാന്‍സ് കിട്ടിയില്ല. യൂ ട്യൂബില്‍ ഞാന്‍ അപ് ലോഡ് ചെയ്ത ഒരു വണ്ആക്ട് വീഡിയോ കണ്ടാണ് 2016ല്‍ സുനില്‍ ഇബ്രാഹിം സാര്‍ എന്നെ "വൈ' സിനിമയുടെ ഓഡിഷനു വിളിച്ചത്. അതാണ് എന്റെ ആദ്യ സിനിമ.
ജയ ഹേ ജയന്
പിന്നീട് ഹിമാലയത്തിലെ കശ്മലന്, സാജന് ബേക്കറി, സായാഹ്നവാര്‍ത്തകള്‍, അറ്റന്ഷന് പ്ലീസ്, 1744 വൈറ്റ് ആള്‍ട്ടോ. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച അറ്റന്ഷന് പ്ലീസ് പിന്നീടു കാര്‍ത്തിക് സുബ്ബരാജാണ് പ്രസന്റ് ചെയ്തത്. നെറ്റ്ഫ്ളിക്സിലും ചിത്രം വന്‍ ചര്‍ച്ചയായി.
ജയഹേയില്‍ ജയയുടെ സഹോദരന് ജയനായി സ്ക്രീനിലെത്തിയ ശേഷമാണ് ഞാന്‍ തിരിച്ചറിയപ്പെട്ടുതുടങ്ങിയത്. ജയഹേയ്ക്കു മുന്നേ ചെയ്ത 1744 വൈറ്റ് ആള്‍ട്ടോയിലെ കണ്ണന് എന്ന എന്റെ കഥാപാത്രം സിനിമയുടെ അവസാനം മാത്രമാണു സംസാരിക്കുന്നത്. ഡയലോഗുകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ സ്ക്രീനില്‍ എന്തൊക്കെ ചെയ്യാം എന്ന തരത്തില്‍ അതു ചലഞ്ചിംഗായി. സെന്നയുടെ തൊട്ടടുത്ത സിനിമ പദ്മിനിയില് ചാക്കോച്ചനൊപ്പം ത്രൂഔട്ട് വേഷത്തിലെത്തി.
സിഐഡി രാമചന്ദ്രന് റിട്ട. എസ്ഐ
വലിയ ആഗ്രഹമായിരുന്നു വില്ലന്‍വേഷം. സിഐഡി രാമചന്ദ്രനിലെ രഘു എന്ന വേഷം അങ്ങനെയൊരാവേശത്തിലാണു ചെയ്തത്. ഒടിടിയില്‍ വന്ന ശേഷമാണ് പടം ഹിറ്റായത്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നു.
ഷാജോണ്‍ ചേട്ടന്റെ ടൈറ്റില്‍ കഥാപാത്രം ഗ്രൗണ്ട് ലെവലില്‍നിന്ന് കേസ് അന്വേഷിക്കുന്ന, എവിടെയൊക്കെയോ നമ്മള് കണ്ടിട്ടുള്ള ഒരു പോലീസുകാരനാണ്. മൂന്നു സീനിലാണ് ഞങ്ങള്‍ ഒരുമിച്ചുള്ളത്. പുതിയ ആളെന്ന രീതിയിലല്ല അദ്ദേഹം എന്നോടു പെരുമാറിയത്. ഒരു കോ ആക്ടറിനുള്ള നല്ല ഇടവും പരിഗണനയും എനിക്കുതന്നു. അഭിനയിക്കുമ്പോഴും ആ കംഫര്‍ട്ട് തോന്നി. പ്രത്യേകിച്ചും, അവസാനത്തെ ചോദ്യംചെയ്യല്‍ സീനൊക്കെ രസകരമായി.
സ്താനാര്‍ത്തി ശ്രീക്കുട്ടന്
2024ലെ മറ്റൊരു സന്തോഷം ഞാനും കൂടി എഴുതിയ സിനിമ സ്താനാര്‍ത്തി ശ്രീക്കുട്ടന് റിലീസായി എന്നതാണ്. ചെറിയ സിനിമ ആയതിനാല്‍ വലിയ മാര്‍ക്കറ്റിംഗ് സാധ്യമായില്ല. പക്ഷേ, സിനിമ കണ്ടവരും റിവ്യൂവേഴ്സും നല്ല അഭിപ്രായം പറഞ്ഞു. ഒടിടി റിലീസിനു കാത്തിരിക്കുകയാണ്.
ഒരു സിനിമ പ്ലാന്‍ ചെയ്യുന്ന സമയം മുതല്‍ ഞങ്ങള്‍ ഒരു കൂട്ടമാളുകള്‍ ഒരുമിച്ചുണ്ടാവും, തിരുവനന്തപുരത്ത്. ആശയങ്ങള്‍ പങ്കുവച്ചുവന്നപ്പോള് ഞാന്‍കൂടി അതിന്റെ എഴുത്തില്‍ ഭാഗമായിപ്പോയതാണ്. പ്രൈമറി ഫോക്കസ് അഭിനയം തന്നെയാണ്. പക്ഷേ, സിനിമയുടെ എല്ലാ മേഖലകളിലും താത്പര്യമുണ്ട്.
പൊന്മാനിലെ ബ്രൂണോ
"നാലഞ്ചു ചെറുപ്പക്കാര്‍' സിനിമയായാല്‍ ഏതു കഥാപാത്രമാകും എനിക്കു പറ്റുക എന്നു നോവല്‍ വായിച്ചപ്പോള്‍ത്തന്നെ ചിന്തിച്ചിരുന്നു. മനസിലെത്തിയതു ബ്രൂണോ ആയിരുന്നു. അന്നത് ഒരാഗ്രഹം മാത്രമായിരുന്നു. അതു സഫലമാകാന്‍ കാരണമായത് ബേസിലാണ്. ഒരു ദിവസം സുഹൃത്ത് പവിശങ്കറുമൊത്ത് യാത്രചെയ്യുന്നതിനിടെ പവി ബേസിലിനെ വിളിച്ചു. ഞാനും ഒപ്പമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബേസില്‍ എന്റെ പ്രൊഫൈല്‍ വാങ്ങി ജ്യോതിഷേട്ടന് അയച്ചുകൊടുത്തു.
ജയഹേ കണ്ടതിനു ശേഷം ജ്യോതിഷേട്ടന് പൊൻമാനിലെ ബ്രൂണോയുടെ സാധ്യതാലിസ്റ്റില്‍ എന്നെയും ചേര്‍ത്തിരുന്നു. എല്ലാം ചേര്‍ന്നുവന്നപ്പോള്‍ ബ്രൂണോ എന്നിലെത്തി. ഏറെ പച്ചയായ ജീവിതമാണു സിനിമ പറയുന്നത്. എല്ലാം ലൈഫുള്ള കഥാപാത്രങ്ങള്‍. നായകനെന്നോ പ്രതിനായകനെന്നോ ഇല്ല. എല്ലാവര്ക്കും അവരുടേതായ ശരികളും തെറ്റുകളുമുണ്ട്. ബ്രൂണോയും അങ്ങനെതന്നെയാണ്. ആദ്യം നില്ക്കുന്നിടത്തല്ല അയാൾ അവസാനം നില്‍ക്കുന്നത്. ബേസില്‍, സജിന്‍, ലിജോമോള്‍... എല്ലാവരുമായും സ്ക്രീന്‍ സ്പേസുണ്ടായി.
കഥാപാത്രത്തിലേക്ക് എത്തുന്നത്..?
ഒരാളെ കാണുന്നതും ജീവിതസന്ദര്ഭങ്ങളുമൊക്കെ സിനിമാറ്റിക്കായി കാണുന്നു. ഇത് പിന്നീട് എവിടെയെങ്കിലും ഉപയോഗിക്കാം എന്ന രീതിയില്‍ ആളുകളെ വേറൊരു രീതിയില്‍കൂടി ശ്രദ്ധിക്കും. അതു മനസില്‍ എവിടെയെങ്കിലും കിടക്കും. ബ്രൂണോ എങ്ങനെയെന്നു നോവല്‍ വായിച്ചപ്പോള്‍മുതല്‍ മനസിലുണ്ട്. ജ്യോതിഷേട്ടന്റെയും കൂട്ടുകാരുടെയും ജീവിതത്തില്‍ നടന്ന കുറേ സന്ദര്‍ഭങ്ങളാണ് യഥാര്ഥകഥ. അദ്ദേഹത്തിന് ഈ സിനിമയെപ്പറ്റി നല്ല വ്യക്തതയുണ്ടായിരുന്നു.
കഥാപാത്രങ്ങളുടെ ഇമോഷനുകള്ക്കൊപ്പമാണ് അദ്ദേഹം എപ്പോഴും സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇതിലെ പല കഥാപാത്രങ്ങളും റിയല്‍ ലൈഫില്‍ ഉള്ളവരാണ്. മാത്രമല്ല, ഇതു കൊല്ലത്തിന്റെ കഥയാണ്. കൊല്ലം ആള്ക്കാര് എങ്ങനെയാണ് എന്നതും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൂടെ അടുത്തറിഞ്ഞു. ഇതിന്റെ ലൊക്കേഷനും ബ്രൂണോയിലേക്ക് എത്താന്‍ സഹായകമായി.
പുതിയ സിനിമകള്‍..?
ആസിഫലിയുടെ സുഹൃത്തായി വേഷമിട്ട ആഭ്യന്തര കുറ്റവാളി റിലീസിനൊരുങ്ങി. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പറയുന്ന സിനിമ. റോഷന് മാത്യു, സെറിന്‍ ഷിഹാബ്, നന്ദുചേട്ടന് എന്നിവര്‍ക്കൊപ്പം അഭിനയിച്ച പടമാണ് ഇത്തിരിനേരം.
സംവിധാനം പ്രശാന്ത് വിജയ്. ഒരു രാത്രി തുടങ്ങി പിറ്റേന്നു രാവിലെ വരെയുള്ള കഥ ഹ്യൂമറിലൂടെ പറയുന്നു. സുനില്‍ ഇബ്രാഹിമിന്റെ തേഡ് മര്‍ഡറില്‍ കഥയില്‍ പ്രാധാന്യമുള്ള ചെറിയ വേഷം. രണ്ടു വെബ്സീരിസുകള് റിലീസിനൊരുങ്ങുന്നു. ഹോട്ട്സ്റ്റാറില്‍ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി എന്നിവര്‍ക്കൊപ്പം. സോണി ലൈവില്‍ മനു അശോകന്റെ ഐസ്.
സെലക്ടീവാണോ..?
സിനിമയുടെ കഥയെന്താണ്, ആ കാരക്ടര്‍ എങ്ങനെയാണ്, എന്നെ എന്താണ് ആവേശംകൊള്ളിക്കുന്നത്...ഇതൊക്കെയാണു ശ്രദ്ധിക്കാറുള്ളത്. അല്ലാതെ, സിനിമ വലുതോ ചെറുതോ എന്നതല്ല. കൂടുതല്‍ സെലക്ടീവാകാനുള്ള സമയവും ആയിട്ടില്ല. വരുന്നതൊക്കെ ചെയ്യുക എന്നതു മാത്രമാണ് മുന്നിലുള്ള വഴി. ഞാന്‍ ഇപ്പോള്‍ തുടങ്ങിയ ഒരാക്ടറാണ്. എല്ലാത്തരത്തിലുള്ള നല്ല കഥാപാത്രങ്ങളിലേക്കും സിനിമകളിലേക്കും പോകാനാണ് എനിക്കിഷ്ടം. പൊന്മാന് ആ മാറ്റം കൊണ്ടുവരുമെന്നാണു പ്രതീക്ഷ.
ടി.ജി. ബൈജുനാഥ്