സംവിധാനം ജ്യോതിഷ് ശങ്കര്‍!
Sunday, January 26, 2025 3:56 PM IST
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി, ജോസഫ്, കാര്‍ബണ്‍, ഭ്രമയുഗം തുടങ്ങി അമ്പതില്പരം സിനിമകളുടെ കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ സംവിധായകനാകുന്ന "പൊന്മാന്' റിലീസിനൊരുങ്ങി. ജി.ആര്. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിന്റെ സിനിമാരൂപാന്തരം. ബേസില്‍ ജോസഫും ലിജോമോളും സജിൻ ഗോപുവും പ്രധാന വേഷങ്ങളില്‍.
"കൊല്ലം കടപ്പുറത്തെ സ്റ്റെഫിയെന്ന പെണ്‍കുട്ടിയുടെ കല്യാണവീട്ടിലേക്ക് അജേഷ് എന്ന ജ്വല്ലറി ഏജന്റ് പൊന്നുമായി എത്തുന്നതും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങളുമാണ് സിനിമ. സാധാരണ മനുഷ്യ രുടെ ജീവനുള്ള സിനിമ.
സ്ത്രീകളെ കൂടുതല്‍ സ്പര്‍ശിക്കുന്ന ഇമോഷണല്‍ ചിത്രമാണിത്. കുടുംബപ്രേക്ഷകര്‍ക്കു ഫീല്‍ഗുഡ് അനുഭവമാകുമെന്നാണു പ്രതീക്ഷ'- ജ്യോതിഷ് ശങ്കര്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെത്തിയത്....
മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്സ് കോളജിലായിരുന്നു കലാപഠനം. വീട് ആലപ്പുഴയാണെങ്കിലും പിന്നീട് കൊല്ലമായി എന്റെ തട്ടകം. അവിടെ "മോന്തായം' എന്ന കലാകാരന്മാരുടെ സുഹൃദ് കൂട്ടായ്മയില്‍ കലാപ്രവര്‍ത്തനങ്ങള്‍. സംവിധായകനാകണമെന്ന മോഹവുമായി താന്തോന്നി എന്ന സിനിമയില്‍ ആര്‍ട്ട് ഡയറക്ടര്‍ സാലു കെ. ജോര്‍ജിന്റെ അസിസ്റ്റന്റായി തുടക്കം. ഒന്നുരണ്ടു പടങ്ങളില്‍ കൂടി അദ്ദേഹത്തിന്റെ സഹായിയായി.
സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന് അബുവിലൂടെ സ്വതന്ത്ര കലാസംവിധായകനായി. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളിലും ഞാനായിരുന്നു കലാസംവിധായകന്‍. പിന്നീടു ലോര്‍ഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി, തൊണ്ടിമുതലും ദൃക്സാക്ഷിയും, മലയന്‍കുഞ്ഞ്...അങ്ങനെ നിരവധി സിനിമകള്‍. 2019ല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, കുമ്പളങ്ങി നൈറ്റ്സ് എന്നിവയിലെയും 2022ല്‍ ന്നാ താന്‍ കേസ് കൊട് സിനിമയിലെയും കലാസംവിധാനത്തിനു സംസ്ഥാന പുരസ്കാരം.
പൊന്മാന്
കൊല്ലത്തു സംഭവിക്കുന്ന ഒരു കഥയാണ് ജി.ആര്. ഇന്ദുഗോപന് "നാലഞ്ചു ചെറുപ്പക്കാര്‍' എന്ന നോവലാക്കിയത്. ചെറുപ്പക്കാരുടെ ഇടയിലെ അനുഭവങ്ങള്‍. അതു വായിച്ചപ്പോള്‍ സിനിമയാക്കണമെന്നു തോന്നി. ഇന്ദുഗോപനും ജസ്റ്റിന് മാത്യുവുമാണു തിരക്കഥയൊരുക്കിയത്.
സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥകളിലൂടെ പറഞ്ഞുപോകുന്ന കുടുംബകഥ. നോവലില്‍ പറയുംപോലെ വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയേയുള്ളൂ എന്നതാണ് ഇതിന്റെ തീം. അജേഷായി ബേസിലും സ്റ്റെഫിയായി ലിജോമോളും. സ്റ്റെഫിയുടെ സഹോദരന് ബ്രൂണോയുടെ വേഷത്തില്‍ ആനന്ദ് മന്മഥന്. മരിയാനോ എന്ന കഥാപാത്രമായി സജിന്‍ ഗോപു.
പിന്നണിയില്‍...
കൊല്ലം വാടി കടപ്പുറത്തും മണ്ട്രോത്തുരുത്തിലുമായി 60 ദിവസത്തെ ഷൂട്ടിംഗ്. സിനിമയിലേക്ക് എത്തുമ്പോള്‍ സാങ്കേതികമായി ചില കാര്യങ്ങള്‍ മാറുമെന്നതൊഴിച്ചാല് നോവല്‍പോലെ തന്നെയാണു സിനിമ ചെയ്തിരിക്കുന്നത്.
പിന്നെ, തിരക്കഥയാകുമ്പൊഴും ചെറിയ മാറ്റങ്ങള്‍ സ്വാഭാവികം. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്. അദ്ദേഹം സംവിധാനം ചെയ്ത "ആര്‍ക്കറിയാം' സിനിമയില്‍ ഞാനായിരുന്നു കലാസംവിധായകന്‍. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, അറിയിപ്പ് സിനിമകളില്‍ അദ്ദേഹമാണ് കാമറ ചെയ്തത്. ആ പരിചയമുണ്ട്. ഈ കഥയോടുള്ള ഇഷ്ടത്തിലാണ് അദ്ദേഹം വന്നത്. മ്യൂസിക് ജസ്റ്റിന് വര്‍ഗീസ്. എഡിറ്റിംഗ് ഫാലിമി ഫെയിം നിധിന്‍രാജ്. കലാസംവിധാനം കൃപേഷ് അയ്യപ്പന്‍കുട്ടി.
ബേസില്‍
അജേഷെന്ന കഥാപാത്രത്തിനു പറ്റിയ നടന് ബേസിലാണെന്നു തോന്നി. വളരെ ബുദ്ധിമാനായ ഒരു ചെറുപ്പക്കാരന്. "ന്നാ താന്‍ കേസ് കൊട്' സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴുള്ള പരിചയം മാത്രമാണ് എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. നടന് എന്നതിലുപരി മൂന്നു സിനിമകള്‍ ഹിറ്റാക്കിയ സംവിധായകന്.
നമ്മള് ഒരു കാര്യം അങ്ങോട്ടു പറയുമ്പോള്‍ ബേസില്‍ ഒരു കാഴ്ച കാണുന്നുണ്ടായിരിക്കും. ആ കാഴ്ചയെപ്പറ്റി ഞങ്ങള്‍ സംസാരിച്ചിരുന്നു. നിങ്ങളുടെ കാഴ്ചയാണ് നിങ്ങളുടെ സിനിമ എന്നാണ് അദ്ദേഹം പറയാറുള്ളത്. നമ്മള് പറയുന്നതനുസരിച്ച് നമ്മുടെ കാഴ്ചയിലേക്കു വന്നു നമ്മുടെ കൂടെനിന്നു സിനിമ ചെയ്തയാളാണ് ബേസില്‍. ബേസിലുമായുള്ള സംസാരവും ഇടപെടലും ഈ സിനിമയ്ക്കു വളരെ ഗുണകരമായി. സിനിമയെന്നത് ഒരുകൂട്ടം ആളുകളുടെ കലയാണ്.
അല്ലാതെ, ഒരാളുടെ സ്വേച്ഛാധിപത്യമല്ല. സിനിമ സംവിധായകന്റെ മാത്രം കലയാണെന്നു പറയുന്നതിനോടും അത്ര യോജിപ്പില്ല. സംവിധായകന് തന്നെയാണു കപ്പിത്താന്. പക്ഷേ, മറ്റുള്ളവര്‍ പറയുന്നതും കേള്‍ക്കണം. നമുക്ക് ഇഷ്ടമുണ്ടെങ്കില്‍ അതു സ്വീകരിക്കാം.
ലിജോമോള്‍
സ്റ്റെഫിയായി പരിഗണിച്ച മൂന്നു പേരില്‍ ഒരാളായിരുന്നു ലിജോമോള്‍. കൊല്ലത്തെത്തി കഥ കേട്ട് അഞ്ചു മിനിറ്റിനു ശേഷം ഈ സിനിമ ചെയ്യാന്‍ ലിജോമോള്‍ സമ്മതിച്ചു. പിന്നീടു പത്തുപതിനഞ്ചു ദിവസം കൊല്ലത്തു താമസിച്ച് അവിടത്തെ പല സ്ഥലങ്ങളില്‍ പോയി പല ആളുകളുമായി ഇടപഴകി. അങ്ങനെയാണ് സ്റ്റെഫിയിലേക്ക് എത്തിയത്.
പിന്നീട് ഞങ്ങളുടെ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു. ഷൂട്ടിംഗ് തീരുന്നതുവരെ ഞങ്ങള്‍ക്കൊപ്പം കൊല്ലത്തുണ്ടായിരുന്നു. സജിനും 10 ദിവസം മുന്നേ സെറ്റിലെത്തി വള്ളം തുഴയാന്‍ പഠിച്ചു. കായലിലെ മീന്‍പിടിത്തം, ചെമ്മീന്‍കെട്ടിലെ കാര്യങ്ങൾ എന്നിവയെപ്പറ്റി അവിടത്തെ ആളുകള്‍ക്കൊപ്പം നടന്നുപഠിച്ചു. കൊല്ലത്തുള്ള പുതിയ നടന്മാരും സെറ്റിൽത്തന്നെ ഉണ്ടായിരുന്നു. അത്തരം കൂട്ടായ്മയിലാണ് ഈ സിനിമയുണ്ടായത്.
സംവിധാനം പഠിച്ചത്..?
നിരവധി സംവിധായകര്‍ക്കൊപ്പം കലാസംവിധായകനായി വര്‍ക്ക് ചെയ്തപ്പോള്‍ വാസ്തവത്തില്‍ ഞാന്‍ സംവിധാനം പഠിക്കുകയായിരുന്നു. സലിം അഹമ്മദ്, ആഷിക് അബു, ദിലീഷ് പോത്തന്, രതീഷ് ബാലകൃഷ്ണ പൊതുവാള്, മഹേഷ് നാരായണന്, എം. പദ്മകുമാര്‍, അനില്‍ രാധാകൃഷ്ണ മേനോന്, ഭ്രമയുഗം ചെയ്ത രാഹുല്‍ സദാശിവന്... ഇവര്‍ക്കൊപ്പമുള്ള ഓരോ സിനിമയും ഓരോ അനുഭവമാണ്, ഓരോ പാഠമാണ്. സിനിമ സംവിധാനം ചെയ്യുന്നത് അവനവന്റെ ബുദ്ധിയില്‍നിന്നാണ്. മറ്റുള്ളവരെ അനുകരിച്ചിട്ടു കാര്യമില്ല. നമ്മള് അതില്‍ പുതിയ കാഴ്ച കാണണം. അപ്പോഴേ അതു നമ്മുടെ സിനിമയായി തോന്നുകയുള്ളൂ.
പ്രധാന വെല്ലുവിളി..?
ഒരു മാസ്മരിക ലോകമാണല്ലോ സിനിമ. അതു ഷൂട്ട് ചെയ്തു കൊണ്ടുവന്ന് ഒരു ഉത്പന്നമാക്കി തിയറ്ററില്‍ ജനത്തെ കാണിക്കണം. ജനത്തിനതു രസിക്കണം. അതാണു ചലഞ്ച്. ആസ്വാദകര്‍ നമ്മുടെ കല കണ്ട് ഇഷ്ടപ്പെടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ഇതുവരെയുള്ള സിനിമാ അനുഭവങ്ങളും ബന്ധങ്ങളും കുറച്ചു സഹായമായി എന്നതൊഴിച്ചാല്‍ ഒരു പുതുമുഖ സംവിധായകന് അഭിമുഖീകരിക്കാറുള്ള എല്ലാത്തരം ബുദ്ധിമുട്ടുകളും അനുഭവിച്ചുതന്നെയാണ് ഈ സിനിമയൊരുക്കിയത്.
ടി.ജി. ബൈജുനാഥ്