ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
Monday, January 20, 2025 10:27 AM IST
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീവിത’മെന്നു വിശ്വസിക്കുന്ന തൃശൂരുകാരി. ഭരതനാട്യം പെര്‍ഫോമന്‍സും അധ്യാപനവും സിനിമയും ഇഴചേരുന്ന കലാജീവിതം.
ജൂണ്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, ജനമൈത്രി, ഇരട്ട, കുറുക്കന് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരം. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഫാമിലി ഡ്രാമ ത്രില്ലര്‍ അംഅഃയിലെ ജിന്‍സിയാണ് ശ്രുതിയുടെ പുതിയ വിശേഷം. ഏറെ അടരുകളും ആഴവുമുള്ള കഥാപാത്രം.
"അധികം ഉപയോഗിക്കാത്ത അക്ഷരങ്ങളാണ് അം, അഃ. അതു കൂട്ടിവായിക്കുമ്പോള്‍ അമ്മ എന്നാണല്ലോ. അതിന്റെ പൊരുള്‍ സിനിമ കണ്ടുതന്നെയറിയണം. കഥ തീരുമ്പോള്‍ ആരും ജിന്‍സിയെ മറക്കില്ല. കഥയുടെ കാതലാണത്. ഈ കഥാപാത്രത്തിന് എന്നില്‍നിന്നുള്ള ദൂരം ഏറെയാണ്'-ശ്രുതി സണ്‍ഡേ ദീപികയോടു പറഞ്ഞു.
അങ്കമാലിയില്‍
ചെന്നൈ കലാക്ഷേത്രയിലായിരുന്നു നൃത്തപഠനം. അവിടെ അധ്യാപികയുമായിരുന്നു. ഇപ്പോള്‍ എറണാകുളത്ത് രാജശ്യാമ എന്ന നൃത്തവിദ്യാലയമുണ്ട്. അപ്രതീക്ഷിതമായിരുന്നു സിനിമാപ്രവേശം. നൃത്തത്തിന്റെ അടിസ്ഥാനത്തിലല്ല സിനിമയിലെത്തിയത്.
എന്റെ ഒരു സുഹൃത്തു വഴി ഫോട്ടോ അയച്ചുകൊടുത്തപ്പോള്‍ അങ്കമാലി ഡയറീസിന്റെ ഓഡീഷനു വിളിക്കുകയായിരുന്നു. തുടര്‍ന്നു പൈപ്പിന് ചുവട്ടിലെ പ്രണയം, നിത്യഹരിത നായകന്. ജൂണിലാണ് ആളുകള്‍ ആദ്യമായി തിരിച്ചറിഞ്ഞ കഥാപാത്രം, മായ ടീച്ചർ. തുടര്‍ന്നു കാണെക്കാണെ, ഹെവന്‍, കൊറോണ ധവാന്... കുറേ നല്ല കാരക്ടര്‍ വേഷങ്ങള്‍.
അംഅഃ
ഇടുക്കിയിലെ കവന്ത എന്ന സ്ഥലം...അവിടത്തെ പ്രകൃതി, മനുഷ്യര്‍, അവരുടെ ജീവിതരീതി ഇതെല്ലാം ഉള്‍ച്ചേര്‍ന്ന സിനിമയാണ് അംഅഃ. തമിഴ് നടി ദേവദര്ശിനിയാണു ലീഡ് വേഷത്തില്‍. ആ കഥാപാത്രത്തില്‍ ഒതുങ്ങിനില്ക്കുന്ന സിനിമയല്ല. ഏറെ കഥാപാത്രങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയുമുള്ള കഥാസഞ്ചാരം. ഒരു ഗ്രാമത്തിലെ യഥാര്‍ഥ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരുപാടു മനുഷ്യര്‍, ആ സ്ഥലം, അവിടത്തെ സംസ്കാരം...ഇതെല്ലാം കൂടിച്ചേര്‍ന്ന കഥാന്തരീക്ഷം. എന്റെ കഥാപാത്രം സിനിമയുടെ രണ്ടാംപകുതിയിലാണ്.
വേദനിപ്പിച്ച് ജിന്‍സി
കഥാപാത്രമാകാന്‍ ഞാന്‍ അമിതമായ തയാറെടുപ്പുകള്‍ ചെയ്യാറില്ല. കഥ കേള്‍ക്കുമ്പോള്‍ ഉള്ളിലുണ്ടാകുന്ന ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കുമൊക്കെ എന്റേതായ ഉത്തരം കണ്ടെത്തി സംവിധായകനോടു ചോദിക്കും. തിരക്കഥാകൃത്തുമായി സംസാരിക്കും. കഥാപാത്രസ്വഭാവം പഠിക്കും. ഒരു ഹോംവര്‍ക്ക് പോലെ ഉള്ളില്‍ ആ കഥാപാത്രമുണ്ടാവും. പക്ഷേ, ഞാന്‍ വളരെ കൂളായിരിക്കും. എനിക്കങ്ങനെ വളരെ കൂളായിട്ടേ ഒരു വേഷം ചെയ്യാന്‍ പറ്റുകയുള്ളൂ.
പക്ഷേ, ഇതിലെ ജിന്സിയാവുക എന്നതു ശരിക്കും ചലഞ്ചിംഗായിരുന്നു. നമ്മളെ വൈകാരികമായി യാത്ര ചെയ്യിപ്പിക്കുന്ന കഥാപാത്രം. കഥാപാത്രത്തിന്റെ ഉള്ളിലൂടെ കടന്നുപോകേണ്ടതായ സന്ദര്‍ഭങ്ങള്‍. വൈകാരികമായി ആഘാതമേല്‍പ്പിക്കുന്ന ഏറെ മുഹൂര്‍ത്തങ്ങള്‍. ഒരു പ്രത്യേക സീന്‍ എനിക്കു വളരെ വേദനാജനകമായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അതു ഷൂട്ട് ചെയ്തത്. ഇപ്പോഴും ആ സന്ദര്‍ഭം പറയുമ്പോള്‍ വലിയ വേദനയുണ്ടാക്കുന്ന കഥാപാത്രം. ഏറെ ലെയേഴ്സും ഷേഡ്സുമുള്ള വേഷം. ശരിക്കും കഠിനമായിരുന്നു ആ യാത്ര.
ദേവദര്‍ശിനി, അനുരൂപ്
ഇടുക്കി മൂലമറ്റത്തും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. എന്റെ സീക്വന്സെല്ലാം ഒരു വീടിനെ ചുറ്റിപ്പറ്റിയാണ്. ദേവദര്‍ശനി, അനുരൂപ് എന്നിവര്‍ക്കൊപ്പമാണ് എന്റെ സീനുകള്‍. സംവിധായകൻ തോമസ് സെബാസ്റ്റ്യന്‍, തിരക്കഥാകൃത്ത് കവിപ്രസാദ് ഗോപിനാഥ്, സിനിമാറ്റോഗ്രഫര്‍ അനീഷ്ലാല്‍...എല്ലാവരുമായും തുറന്നു സംസാരിക്കാനും കാര്യങ്ങള്‍ ചോദിക്കാനുമുള്ള ഇടവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ശാന്തമായ വര്‍ക്കിംഗ് അന്തരീക്ഷം.
ഇപ്പോഴത്തെ പല വര്‍ക്കുകളിലും ഇമോഷന്‍സ് പെട്ടെന്നു കട്ട് ചെയ്തുകളയും. ഇമോഷന്‍സ് നില്ക്കണമെങ്കില് ആര്‍ട്ടിസ്റ്റിന് ഒരു ആക്റ്റ് തുടങ്ങി അത് അവസാനിപ്പിക്കാനുള്ള സമയം കൂടി കൊടുക്കണം. ഇവിടെ, കാമറാമാനും സംവിധായകനും അതിനുള്ള ഇടം തന്നു. പെര്‍ഫോം ചെയ്യാന്‍ അനുവദിച്ചു.
ഞാനും കഥാപാത്രങ്ങളും
എല്ലാ കഥാപാത്രങ്ങളും ഞാന്‍ ഇഷ്ടപ്പെട്ടു തന്നെ ചെയ്യുന്നതാണ്. എല്ലാറ്റിനും പിന്നിൽ എന്റെ പരിശ്രമമുണ്ട്. നമ്മള് മാനസികമായി വേറെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്. ആ ക്രിയേറ്റിവിറ്റിയാണ് എന്റെ പരിശ്രമം. ഏതു കഥാപാത്രവും വളരെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ നൃത്തപരിചയം തുണയ്ക്കുന്നു. ആത്മവിശ്വാസം കൂടി. ഭയമൊഴിഞ്ഞു. നൃത്തപശ്ചാത്തലമുള്ള വേഷങ്ങള്‍ താത്പര്യമുണ്ട്. പക്ഷേ, ഇവിടെ പുരാണ, ചരിത്ര സിനിമകള്‍ കുറവല്ലേ.
ഇനി തെലുങ്കിലോ മറ്റോ അത്തരം വേഷങ്ങള്‍ കിട്ടിയാലും ഹാപ്പി. ഇന്ന കഥാപാത്രം ചെയ്യണം എന്നൊന്നും ആഗ്രഹിക്കുന്നില്ല. ആക്ടറിന് ഏതു വേഷവും ചെയ്യാനാവണം. ജലം ഒഴിക്കുന്ന പാത്രത്തിന്റെ രൂപത്തിലാകുന്നതുപോലെ. എനിക്കു ചേരുന്ന കഥാപാത്രങ്ങള്‍ ഞാന്‍ എടുക്കും. നമ്മുടെ മനസും ശരീരവും അതിനുവേണ്ടി ഒരുക്കിവയ്ക്കുക എന്നതാണു പ്രധാനം.
സിനിമ, വെബ്സീരീസ്
ആവര്‍ത്തന സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ ചിലതു വേണ്ടെന്നുവയ്ക്കാറുണ്ട്. പക്ഷേ, എനിക്കു പെര്‍ഫോം ചെയ്യാന്‍ ഇടംകിട്ടുന്ന വേഷങ്ങളൊന്നും വിടാറില്ല. മൂന്നു സിനിമകളില്‍ പോലീസ് വേഷം ചെയ്തു. ഇനി ചെയ്യുന്നതും പോലീസ് വേഷമാണ്. പക്ഷേ, അതു വേറിട്ടതാണ്. കഥയില്‍ പ്രാധാന്യമുള്ള വേഷമാണോ എന്നു ശ്രദ്ധിക്കാറുണ്ട്. എപ്പോഴും എന്റേതായ ഒരിടം കണ്ടെത്താനാണ് ഇഷ്ടം. ഏറെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന ഒരാളും കൂടിയാണു ഞാന്‍.
അത് ഒഴിവാക്കണമെന്നും ആഗ്രഹമുണ്ട്. മലയാളത്തില്‍ ഹോട്ട് സ്റ്റാറിന്റെ ഫാര്‍മ, ഹിന്ദിയില്‍ ട്രയല്‍ ഓഫ് ആന്‍ അസാസിന് എന്നീ വെബ് സീരീസുകള്‍ റിലീസിനൊരുങ്ങുന്നു. തെലുങ്കില്‍ ഒരു വെബ് സീരിസ് ചെയ്യുന്നു. വിനോദ് രാമന് നായര്‍ സംവിധാനം ചെയ്യുന്ന മ്ലേച്ഛന്‍ എന്ന മലയാളം പടം ഷൂട്ടിംഗിലാണ്. കൂടുതല്‍ പ്രാധാന്യമേറിയ വേഷങ്ങള്‍ ചെയ്യണം. വലിയ സിനിമകളുടെ ഭാഗമാകണം. നായികാവേഷവും പ്രതീക്ഷിക്കുന്നു.
ടി.ജി. ബൈജുനാഥ്