ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
Monday, January 13, 2025 9:46 AM IST
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന്റിറ്റിയിലെ എസ്പി സജീവ്... ജനശ്രദ്ധ നേടിയ ഒരുപിടി വേഷങ്ങളിലൂടെ പുത്തന്‍ സിനിമയുടെ ഉയരങ്ങളിലേക്കു പതിയെ നടന്നുകയറുകയാണ് കോലിയക്കോട് സ്വദേശി ജിബിന്‍ ഗോപിനാഥ് എന്ന പോലീസുകാരന്.
മമ്മൂട്ടിക്കും വിനായകനുമൊപ്പം മമ്മൂട്ടിക്കമ്പനിയുടെ പുതിയ പടത്തില്‍ നിര്‍ണായകവേഷം. ദിലീപിനൊപ്പം ഭഭബ. സുരേഷ്ഗോപിക്കൊപ്പം ഒറ്റക്കൊമ്പന്. ഒരിക്കല്‍, അടുത്തുകാണാന്‍ കൊതിച്ചവര്ക്കൊപ്പം അഭിനയത്തിരക്കിൽ! ജിബിന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലെടുത്തേ..!
ടിവി കണ്ടു തുടങ്ങിയ കാലം മുതലേ സിനിമയോടു തന്നെയായിരുന്നു താത്പര്യം. നാലില്‍ പഠിക്കുമ്പോള്‍ പത്രപരസ്യം കണ്ട് അച്ഛനൊപ്പം ഒരു പടത്തിന്റെ ഓഡിഷനു പോയി. അതില്‍ സെലക്ടായി. ഒരു മാസത്തേക്കു സ്കൂളില്‍നിന്നു ലീവെടുക്കണം. എല്ലാം റെഡിയായിട്ടു നാട്ടുകാരറിഞ്ഞാല്‍ മതിയെന്ന് അച്ഛന് പറഞ്ഞിട്ടും ആ പ്രായത്തിന്റെ സന്തോഷത്തില്‍, സിനിമയിലെടുത്തെന്നു ഞാന്‍ പറഞ്ഞുനടന്നു. പക്ഷേ, ആ പടം നടന്നില്ല. അഭിനയിച്ചില്ലെങ്കിലും ഞാന്‍ നാട്ടില്‍ സിനിമാനടനായി!
കോലിയക്കോട് യുപി സ്കൂളിലെ നാടകക്കളരിയും നാടകങ്ങളും ഹരമായി. രംഗപ്രഭാതിലെ കൊച്ചുനാരായണപിള്ള സാറായിരുന്നു എന്റെ ആദ്യത്തെ ആശാന്. 10ാംക്ലാസ് കഴിഞ്ഞ സമയത്ത് റിജു മതിര സംവിധാനം ചെയ്ത ദൂരദര്ശന് ടെലിഫിലിമില്‍ നായകന്റെ കൂട്ടുകാരനായി വേഷമിട്ടു.
ശരിക്കും സിനിമയിലെടുത്തു
ഡിഗ്രിക്ക് എംജി കോളജിലെത്തിയതോടെയാണ് നഗരത്തിലെ ഷൂട്ടുകൾ, അവിടത്തെ സാധ്യതകൾ... മനസിലായത്. ക്ലാസ് കട്ട് ചെയ്തു സിനിമ കണ്ടുതുടങ്ങിയ കാലം! അക്കാലത്തു തിരുവനന്തപുരം സിറ്റിയില്‍ ചിത്രീകരിച്ച വക്കാലത്തു നാരായണന്‍കുട്ടി, ചതുരംഗം, താണ്ഡവം തുടങ്ങി നിരവധി പടങ്ങളിലെ ആള്‍ക്കൂട്ടത്തില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി ഞാനുണ്ട്.
താണ്ഡവത്തിന്റെ ലൊക്കേഷനില്‍ ലാലേട്ടനെ അടുത്തുകാണാന്‍ തള്ളിത്തള്ളി നില്ക്കുന്നതുകണ്ട് അസോ.ഡയറക്ടര്‍ എന്നെ അദ്ദേഹം വരുന്ന വഴിയോടു ചേര്‍ത്തുനിര്‍ത്തി. കൃത്യം ആ പോയന്റിലായിരുന്നു ലാലേട്ടൻ സ്ലോമോഷനില്‍ വന്നുനിന്നത്. ആദ്യ ഷോയ്ക്കു പോയ ഞാന്‍ അലറിവിളിച്ചു. വര്‍ണക്കടലാസുകള്‍ വാരിയെറിഞ്ഞു. എന്റെ മുഖം ആദ്യമായി വ്യക്തതയോടെ സ്ക്രീനില്‍! സങ്കടകരമായ സീനിലെ എന്റെ ആവേശത്തിൽ കാണികള്‍ അസ്വസ്ഥരായെങ്കിലും എനിക്കു കിട്ടിയ സന്തോഷം വേറെ ലെവലായിരുന്നു.
വൈ
2007ല്‍ പോലീസിലെത്തി തിരുവനന്തപുരം എസ്എപി ക്യാമ്പിലുള്ളപ്പോള്‍ കുറെ പടങ്ങളില്‍ പോലീസുകാരനായി നില്ക്കാന് പോയിട്ടുണ്ട്. ഫീസ് വാങ്ങി ഷൂട്ടിംഗിനു പോലീസുകാരെ കടംകൊടുക്കുന്ന ഒരു സിസ്റ്റമുണ്ട്, അന്നേ. എആര്‍ ക്യാമ്പിലെത്തിയ ശേഷം അജിത് കുമാര്‍, മനോജ് ഏബ്രഹാം എന്നിവരുടെ ഗണ്മാനായപ്പോള് കമ്മീഷണര്‍ ഓഫീസിലായിരുന്നു ജോലി.
സിറ്റിയിലെ സിനിമാ ഷൂട്ടിംഗിന് അനുമതി കമ്മീഷണര്‍ ഓഫീസ് വഴിയായിരുന്നു. അങ്ങനെ ധാരാളം കണ്‍ട്രോളര്‍മാരെയും ടി.കെ. രാജീവ്കുമാര്‍, രാജീവ് രവി തുടങ്ങിയ സംവിധായകരെയും പരിചയപ്പെട്ടു. ഞാനൊരിക്കലും വേഷം ചോദിച്ചിട്ടില്ല. സിനിമയ്ക്കുവേണ്ടി എന്തു സഹായം ചെയ്യാന്‍ പറ്റുമോ അതു ചെയ്യണമെന്ന് ആഗ്രഹിച്ചു. അപ്പോഴേക്കും അവരുമായി നല്ല ബന്ധങ്ങള്‍ രൂപപ്പെട്ടു. അങ്ങനെ ചെറിയ വേഷങ്ങള്‍ ചെയ്തുപോകുന്നതിനിടെ സുനില്‍ ഇബ്രാഹിമിന്റെ വൈ എന്ന പടത്തില്‍ ഫ്രോഡായ ഒരു ഓട്ടോക്കാരന്റെ വേഷം ഓഡീഷനിലൂടെ കിട്ടി. എന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ വലിയ വേഷം.
കിഷ്കിന്ധാകാണ്ഡം, വാഴ
ഞാന്‍ എസ്ഐ വേഷം ചെയ്ത പടയോട്ടത്തിന്റെ തിരക്കഥാകൃത്ത് അരുണ്‍ അനിരുദ്ധനിലൂടെയാണ് മിന്നല്‍ മുരളിയില്‍ ബൈജു ചേട്ടനും രാജേഷ് മാധവനുമൊപ്പമുള്ള പോലീസ് വേഷത്തിലെത്തിയത്. അങ്ങനെ ബേസിലുമായും ബന്ധമുണ്ടായി. അതിന്റെ സെറ്റില്‍ ജൂഡ് ആന്റണിയുമായുണ്ടായ അടുപ്പം 2018 സിനിമയിലെ ബാസ്റ്റിന് എന്ന വേഷത്തിലേക്ക് എത്തിച്ചു.
തുടര്‍ന്നു ജീത്തുജോസഫിനൊപ്പം ട്വല്‍ത് മാന്‍. കോവിഡ് കാലത്ത് മനോജ് ഏബ്രഹാമിന്റെ പിന്തുണയോടെ പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ ബി.റ്റി. അരുണ്‍ എന്നെവച്ചു ചിത്രീകരിച്ച ഭയം വേണ്ട ജാഗ്രത മതി എന്ന ബോധവത്കരണ വീഡിയോ ഹിറ്റായി. കുട്ടന്‍പിള്ള സ്പീക്കിംഗ് സീരീസും ചര്‍ച്ചയായി. അതെല്ലാം എന്നെ കൂടുതല്‍ സിനിമാക്കാരിലേക്ക് എത്തിച്ചു.
തുടര്‍ന്നാണ് ദുല്‍ഖറിനും സമന്തയ്ക്കുമൊപ്പമുള്ള ഫോണ്‍ പേയുടെ പരസ്യചിത്രത്തിലേക്ക് സെലക്ടായത്. ഐപിഎല്‍ കാലത്തു വന്ന ആ പരസ്യത്തിലൂടെ എന്റെ മുഖം കൂടുതല്‍ റീച്ചായി. അവിടംതൊട്ട് വീണ്ടുമൊരു ജീവിതം കിട്ടിയതുപോലെ നിരന്തരം സിനിമകള്‍.
പോയവര്‍ഷം 10 സിനിമകളാണ് എന്റേതായി റിലീസായത്. കിഷ്കിന്ധാകാണ്ഡവും വാഴയും വമ്പന്‍ ഹിറ്റുകള്‍. രതീഷ് രഘുനന്ദന്റെ തങ്കമണിയില്‍ ദിലീപിനൊപ്പം വേഷം. സജീവ് പാഴൂര്‍ എഴുതിയ പഞ്ചവത്സരപദ്ധതി, ഹെര്‍, അന്ധനായ അച്ഛന്‍വേഷം ചെയ്ത ഹൊഡു, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ചിത്തിനി, ഒരു കട്ടില് ഒരു മുറി, സ്താനാര്‍ത്തി ശ്രീക്കുട്ടന് എന്നിവയിലും പ്രധാന വേഷങ്ങള്‍.
മമ്മൂട്ടിക്കമ്പനിയില്‍
മമ്മൂട്ടിക്കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍ സെവന് നാഗര്‍കോവിലിലും കൊച്ചിയിലുമായി ഷൂട്ടിംഗ് കഴിഞ്ഞു. മമ്മൂക്ക നിർമിക്കുന്ന പടം. അതാണ് ഏറ്റവും വലിയ സന്തോഷം. കണ്ണൂര്‍ സ്ക്വാഡില്‍ അദ്ദേഹവുമായുണ്ടായ ബന്ധം ഇതില്‍ സഹായകമായി. സംവിധാനം ജിതിന് കെ. ജോസ്. രചന ജിഷ്ണു. മമ്മൂക്കയുടെയും വിനായകന്റെയും പെര്‍ഫോമന്‍സിനു പ്രാധാന്യമുള്ള പടം.
ഭഭബ, ഒറ്റക്കൊമ്പന്
ഗോകുലം നിര്‍മിച്ച് ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ഭഭബയില്‍ ദിലീപിനും വിനീത് ശ്രീനിവാസനുമൊപ്പം വേറിട്ട വേഷം. ധ്യാന്‍ ശ്രീനിവാസന്, അശോകന് തുടങ്ങിയവരുമുണ്ട്. ഫാഹിമും നൂറിനുമാണ് രചന. ഗോകുലം നിര്‍മിച്ചു മാത്യൂസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനില്‍ ആദ്യമായി സുരേഷ് ഗോപിക്കൊപ്പം.
യൂണിഫോം വേഷമാണ്. പക്ഷേ, പോലീസല്ല! ഐഎഫ്എഫ്കെ പുരസ്കാരം നേടിയ തടവ് സിനിമയുടെ സംവിധായകന് ഫാസില്‍ റസാക്കും വിനായക് സുതനും സംവിധാനം ചെയ്യുന്ന ത്രില്ലറില്‍ നായകവേഷം. ചട്ടമ്പീസ് പ്രൊഡക്ഷൻസിന്റെ അനീഷ് സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമയില്‍ ഞാനും അഞ്ജലി നായരുമാണ് പ്രധാന വേഷങ്ങളില്‍.
അനില്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തിലും നായകവേഷം. സുനില്‍ ഇബ്രാഹിമിന്റെ തേഡ് മര്‍ഡര്‍ റിലീസിനൊരുങ്ങുന്നു. ലിയോണയ്ക്കൊപ്പം ഞാന്‍ പ്രധാന വേഷം ചെയ്ത മിഥുന് മാനുവല്‍ തോമസിന്റെ ആദ്യത്തെ ഹോട്ട്സ്റ്റാര്‍ വെബ് സീരീസ് അണലി വൈകാതെയെത്തും.
പോലീസ് സപ്പോര്‍ട്ട്
ഇതുവരെ അഭിനയിച്ചതില്‍ പകുതി പോലീസ് വേഷങ്ങളാണ്. ഇനി, പോലീസ് വേഷം ചെയ്യില്ല എന്നൊന്നുമില്ല. കാരണം, എനിക്കു തുടര്‍ച്ചയായി സിനിമ വേണം. എല്ലാവരുടെയും കൂടെ അഭിനയിക്കണം. ഏതു വേഷവും ചെയ്യാൻ തയാറാണ്. ഓഫീസേഴ്സിന്റെയും ഒപ്പമുള്ള പോലീസുകാരുടെയും വലിയ പിന്തുണയുണ്ട്. ട്രെയിനിംഗ് കാലത്തും ഞാന്‍ ഓഡിഷനു പോയ കഥ അവര്‍ക്കറിയാം! എന്റെ ലക്ഷ്യം സിനിമയാണെന്ന ബോധ്യം അവര്‍ക്കുമുണ്ടായിരുന്നു. 2007 മുതല്‍ 2023 വരെയും എന്റെ ജീവിതവും ആഹാരവും പോലീസ് ശമ്പളമാണ്. ഇപ്പോള്‍ അഭിനയത്തിനായി അഞ്ച് വര്‍ഷം ലീവിലാണ്.
ടി.ജി. ബൈജുനാഥ്