ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
Monday, December 30, 2024 9:57 AM IST
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സി. അഭിലാഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘എ പാന്‍ ഇന്ത്യന്‍ സ്റ്റോറി’ റിലീസിനൊരുങ്ങുകയാണ്.
വിഷ്ണു ഉണ്ണികൃഷ്ണന് നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ ധര്മജന് ബോള്‍ഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു, ഡാവിഞ്ചി, വിസ്മയ ശശികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. ഐഎഫ്എഫ്കെ മലയാള സിനിമാ വിഭാഗത്തില്‍ പ്രദർശിപ്പിച്ച ചിത്രം ആവേശകരമായ വരവേൽപ്പു നേടി. വി.സി. അഭിലാഷ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഐഎഫ്എഫ്കെയില്...
സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടും ആളൊരുക്കം ഐഎഫ്എഫ്കെയില് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അന്ന് പ്രതിഷേധിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് ആലോചിക്കുമ്പോൾ അതൊക്കെ എന്റെ അപക്വത കൂടിയായിരുന്നുവെന്ന് തോന്നുന്നു.
സബാഷ് ചന്ദ്രബോസിനും ഐഎഫ്എഫ്കെയിൽ ഇടം കിട്ടിയില്ല. അത്തവണത്തെ ജൂറി ചെയർമാന് അക്കാര്യത്തിൽ ചില വ്യക്തി താൽപര്യങ്ങൾ ഉണ്ടായിരുന്നു എന്ന് അദ്ദേഹം തന്നെ ഒരിക്കൽ എന്നോട് മുഖത്തുനോക്കി പറയുന്നുണ്ട്. പക്ഷേ, ഞാനതിനെ വലിയ സമചിത്തതയോടെയാണ് സ്വീകരിച്ചത്.
അദ്ദേഹത്തിന് നിര്‍മാതാവുമായി തോന്നിയ അകല്‍ച്ചയുടെയോ വ്യക്തിവൈരാഗ്യത്തിന്റെയോ പേരിലായിരുന്നു ആ നിരാസമെന്നും പിന്നീട് അയാളിൽനിന്നുതന്നെ അറിയാനിടയായി. അപ്പോഴും പ്രതികരിച്ചില്ല. ജൂറിയുടെ തീരുമാനം ബഹുമാനിക്കണമെന്ന നിലപാടാണ് എപ്പോഴും സ്വീകരിക്കേണ്ടത്. പാന്‍ ഇന്ത്യന്‍ സ്റ്റോറിക്ക് ഐഎഫ്എഫ്കെ സെലക്ഷന് കിട്ടിയെന്നറിയുമ്പോള് ഉള്ള സന്തോഷവും അതുതന്നെ. ജൂറി ചെയര്മാന് ജിയോ ബേബിയും അംഗങ്ങളായ ദിവ്യപ്രഭയും ഫാസില്‍ റസാഖും ഫോണിലുടെയും നേരിട്ടും അഭിനന്ദിച്ചിരുന്നു.
ആളുകൾ എങ്ങനെയാണ് ഈ സിനിമയെ കാണാൻ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. പക്ഷേ, കൊമേഴ്സ്യലായിത്തന്നെ വിറ്റുപോകാന്‍ സാധ്യതയുള്ള സ്വീകാര്യത സിനിമയ്ക്കു കിട്ടി. എല്ലാ ഷോകളും ഹൗസ്ഫുള് ആയിരുന്നു. അതിനപ്പുറം ഒരോ ഷോയും കഴിയുമ്പോള്‍ ആളുകളുടെ ഹര്‍ഷാരവങ്ങളും പിന്നീടു പറഞ്ഞ അഭിപ്രായങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രകടിപ്പിച്ച വൈകാരികതയുമൊക്കെ ഈ ഐഎഫ്എഫ്കെയെ അവിസ്മരണീയമാക്കുന്നു.
കഥയ്ക്കു പിന്നില്‍..?
ഒരു വൈകുന്നേരം ഞാന്‍ വീടിന്റെ ഇറയത്തിരുന്ന് ഫോണിലൂടെ എന്റെ സ്കൂൾമേറ്റുകളുമായി സ്വകാര്യ സംഭാഷണം നടത്തുകയായിരുന്നു. അന്ന് മൂന്നു വയസുണ്ടായിരുന്ന എന്റെ മകന് ജുഗ്നു ഞാനിരുന്ന കസേരയുടെ പിറകിലുള്ള ചുമരിനപ്പുറത്തുനിന്ന് അതൊക്കെ കേള്‍ക്കുന്നുണ്ടായിരുന്നു. കൂട്ടുകാര്‍ പരസ്പരമുപയോഗിക്കുന്ന അഡല്റ്റായ ചില വാക്കുകൾ അവൻ കേൾക്കുകയും പിന്നീട് അവന് എനിക്കു നേരേതന്നെ അതു പ്രയോഗിക്കുകയും ചെയ്യുന്നിടത്താണ് ഈ സിനിമയുടെ കഥയുടെ ആശയം കിട്ടിയത്.
അതൊരു ചെറുകഥയായി അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ച് എഴുതിത്തുടങ്ങിയെങ്കിലും അതിന് ഏറ്റവും നല്ലത് സിനിമയാണെന്നു കണ്ട് അതിലേക്ക് എത്തുകയായിരുന്നു.
റിയല്‍ ലൈഫ് സ്റ്റോറിയാണോ? എത്രത്തോളമാണു ഫിക്ഷന്‍..?
റിയല്‍ ലൈഫ് സ്റ്റോറിയാണ്. പക്ഷേ, അത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു കുടുംബത്തിൽ മാത്രം നടക്കുന്നതോ അല്ല. ലോകത്തെവിടെയുമുള്ള സമൂഹങ്ങളിലെ എല്ലാ കുടുംബങ്ങളിലും സംഭവിക്കാവുന്ന കഥയാണ്. സിനിമ മുഴുവന്‍ ഫിക്ഷനാണ്. ഫിക്ഷനും ഫാന്റസിയുമെല്ലാം ചേര്‍ന്ന കഥപറച്ചില്‍ രീതിയും എനിക്കിഷ്ടമാണ്.
ടൈറ്റിലിനു പിന്നിൽ..?
വീടും സമൂഹവും സിനിമയ്ക്കുള്ളിലേക്കു കൊണ്ടുവരിക എന്നത് എന്റെ എക്കാലത്തെയും ദൗത്യമാണ്. കാരണം, വീടും സമൂഹവുമാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്. സമൂഹവും വീടും പരസ്പരം പലതും പ്രദാനം ചെയ്യുന്നുണ്ട്. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥ പറയുമ്പോള്‍ അത് ഇന്ത്യയിലെവിടെയും സംഭവിച്ചേക്കാം എന്ന നിലയിലാണ് എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയെന്നു പേരിട്ടത്. ആളുകള്‍ അത് എത്രത്തോളം സ്വീകരിക്കുമെന്ന ഭയമുണ്ടായിരുന്നു. പക്ഷേ, മേളയിൽ ഈ പടം കണ്ടവരുടെ വികാരത്തള്ളിച്ച ഈ പേരു കൂടി ബന്ധപ്പെടുത്തിയാണ്.
വീണ്ടും വിഷ്ണു ഉണ്ണികൃഷ്ണന്...
സബാഷ് ചന്ദ്രബോസിലാണ് വിഷ്ണു ആദ്യമായി പ്രധാന വേഷം ചെയ്തത്. അയാളില്‍ ജന്മനാ സിനിമയുണ്ട്. തന്നിലെ സിനിമാപ്രതിഭയെ ഓരോ പടത്തിലും അയാള്‍ മാറ്റുരച്ചുനോക്കുന്നുണ്ട്. നല്ല വേഷങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചാല്‍ മലയാളത്തില്‍നിന്ന് ഒരു നവാസുദീന്‍ സിദ്ദിഖിയാകാന് എല്ലാ ശേഷിയുമുള്ള നടനാണു വിഷ്ണുവെന്ന് ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി രണ്ടാം ദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു.
ഈ സിനിമയിലേക്ക് എത്തുമ്പോള്‍ വിഷ്ണു ഒരു നല്ല മനുഷ്യന് കൂടിയാണെന്ന് അതിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. ഇതില്‍ ഗസ്റ്റ് റോളിലേക്കാണു വിളിച്ചതെങ്കിലും മറ്റൊന്നും നോക്കാതെ മുരളിയെന്ന നായകവേഷം ചെയ്യാന്‍ തയാറായി. നമ്മള് വിളിക്കുമ്പോള്‍ വിഷ്ണു വരുന്നു എന്നത് വളരെ പ്രധാന കാര്യമാണ്. മറ്റൊന്ന് നമ്മുടെ സിനിമയോടുള്ള വിഷ്ണുവിന്റെ അര്‍പ്പണമനോഭാവം. കൊമേഴ്സ്യലായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന വിഷ്ണു തിരക്കുകള്‍ മാറ്റിവച്ച് പാന്‍ ഇന്ത്യന്‍ സ്റ്റോറിയുടെ മൂന്നു ഷോയിലും പങ്കെടുത്തെന്നു മാത്രമല്ല എട്ടു ദിവസവും ഐഎഫ്എഫ്കെയിലെ നിറസാന്നിധ്യവുമായി.
കേന്ദ്രകഥാപാത്രമായി ധർമജനെ പരിഗണിച്ചത്...?
2017ല്‍ ഞാന്‍ ആളൊരുക്കം ചെയ്യുമ്പോള്‍, അന്നോളം ഇന്ദ്രന്‍സ് എന്ന നടൻ ചെയ്തിരുന്നത് ഏറെയും ഹ്യൂമര്‍ വേഷങ്ങളായിരുന്നു. കോമാളി കണക്കെ ആളുകള്‍ കണ്ടിരുന്ന ഒരു നടൻ! അടൂർ, ടി.വി. ചന്ദ്രൻ, എം.പി. സുകുമാരന്‍ നായർ തുടങ്ങിയ ചില മഹാരഥൻമാരുടെ സിനിമകളില്‍ മാത്രമായിരുന്നു സീരിയസ് വേഷം. ഇന്ദ്രന്‍സിനു ഞാൻ മുഴുനീള സീരിയസ് വേഷം നല്‍കുകയും ആ സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് അങ്ങനെയൊന്ന് ചെയ്യാന്‍ പറ്റുമെന്ന് ചിലരെങ്കിലും മനസിലാക്കുന്നത്.
ആ മാറ്റം ഇന്ദ്രൻസിനെ സാമ്പത്തികവിജയം നേടാന്‍ പ്രാപ്തിയുള്ള സിനിമകളിലെ നായകനാക്കി. അദ്ദേഹത്തിന്റെ കരിയർതന്നെ ചേഞ്ച് ചെയ്യപ്പെട്ടു. അതുപോലെ നമുക്കുപയോഗിക്കാവുന്ന നടനാണ് ധര്മജന്. തന്റെ പൊളിറ്റിക്സ് നിരന്തരം പറഞ്ഞു വിവാദങ്ങളില്‍പ്പെടുകയും അനാവശ്യമായി അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളായതുകൊണ്ട് അദ്ദേഹം നല്ല നടന് അല്ലാതാകുന്നില്ല. ആ ബോധ്യത്തിലാണ് ഹരിയെന്ന പ്രധാന വേഷം ചെയ്യാന്‍ വിളിച്ചത്.
മൂന്നാം സിനിമയിലെത്തുമ്പോള്‍ മേക്കിംഗില്‍ വന്ന മാറ്റം?
ഒരാളുടെയും കൂടെനിന്ന് സംവിധാനം ഔദ്യോഗികമായി പഠിക്കാത്ത, ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോകാന്‍ അവസരം കിട്ടിയിട്ടില്ലാത്ത, ഒരു ഗുരുവും സ്വന്തമായി ഇല്ലാത്ത ഒരാളാണു ഞാന്‍. ആളൊരുക്കം ചെയ്യുമ്പോള്‍ സാങ്കേതിക കാര്യങ്ങളില്‍ ടെക്നീഷന്മാരുടെ അഭിപ്രായം ശ്രദ്ധിച്ച്, കാര്യങ്ങള്‍ മനസിലാക്കി പരിചയസമ്പത്തുള്ള ആളെപ്പോലെ അഭിനയിക്കുകയായിരുന്നു ആദ്യത്തെ രണ്ടു ദിവസം! വലിയ ആത്മവിശ്വാസവും കഠിനാധ്വാനവും ചെയ്യുന്ന കാര്യത്തോടുള്ള സത്യസന്ധതയും ഒന്നുചേര്‍ന്നപ്പോള്‍ ആളൊരുക്കം ഭംഗിയായി ചിത്രീകരിക്കാനായി. സിനിമയുടെ ടെക്നോളജി മനസിലാക്കിയാണ് സബാഷ് ചന്ദ്രബോസ് നിശ്ചയിച്ച ദിവസങ്ങൾക്കു മുന്നേ പൂർത്തിയാക്കിയത്.പാന്‍ ഇന്ത്യന്‍ സ്റ്റോറിയിലെത്തിയപ്പോൾ അത് ഏറ്റവും സുന്ദരമായി ചെയ്യാന്‍ ആവശ്യമായ പലതരം ശ്രദ്ധകള്‍ കൃത്യമായി പുലര്‍ത്തിയതിനാല്‍ നൂതന രീതിയില്‍ ചിത്രീകരിക്കാനായി.
നിര്‍മാതാക്കളുടെ സപ്പോര്‍ട്ട്..?
എന്റെ കരിയറിനെ മാറ്റിമറിച്ച സിനിമയാണ് ആളൊരുക്കം. ഇന്ദ്രന്‍സിനു സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. ഞാനും നിര്‍മാതാവ് ജോളി ലോനപ്പനും ദേശീയപുരസ്കാര ജേതാക്കളായി. തുടര്‍ന്നു കൊമേഴ്സ്യല്‍ പടം ചെയ്തപ്പോഴും നിര്‍മാതാവായത് അദ്ദേഹം തന്നെ. ഈ സിനിമയുടെ നിര്‍മാതാവായ ഫഹദിലേക്കെത്തുമ്പോൾ വലിയ വ്യത്യാസമുണ്ട്. ഈ ഇൻഡസ്ട്രി ഫഹദ് ഇപ്പോഴും മനസിലാക്കി വരുന്നതേയുള്ളൂ. അതുകൊണ്ട് ഞാൻ മികച്ച സപ്പോർട്ട് കൊടുക്കുന്നു. എപ്പോഴും നിര്‍മാതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് എന്റെ ആഗ്രഹം.
ഡാവിഞ്ചിയെ പരിഗണിച്ചത്..?
ഞങ്ങളുടെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാണ് പല്ലൊട്ടിയിലെ വേഷത്തിനു ഡാവിഞ്ചിക്കു ബാലതാരത്തിനുള്ള സംസ്ഥാനപുരസ്കാരം കിട്ടിയത്. ഈ കുട്ടി അധികം വൈകാതെ അവാര്‍ഡ് വാങ്ങുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്റെ സിനിമയില്‍ ഇയാളുടെ പെര്‍ഫോമന്‍സ് കണ്ട് അതിശയിച്ചിട്ടുണ്ട്. പല അന്വേഷണങ്ങൾക്കുമൊടുവിലാണ് ശങ്കരനായി ഡാവിഞ്ചിയെ കണ്ടെത്തിയത്.
സ്ത്രീകഥാപാത്രങ്ങള്ക്കു പ്രാധാന്യമുണ്ടോ..?
സ്ത്രീപ്രാധാന്യത്തിനപ്പുറം ജെന്‍ഡര്‍ ഇക്വാളിറ്റി ചര്‍ച്ച ചെയ്തതിനാല്‍ ആളൊരുക്കം സ്ത്രീകേന്ദ്രീകൃത സിനിമയായിരുന്നില്ല. സബാഷ് ചന്ദ്രബോസില്‍ സ്ത്രീകള്‍ ഒരുപാടുണ്ടായിരുന്നു. സിനിമയുടെ കഥ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇതിൽ കേന്ദ്രകഥാപാത്രങ്ങളായി സ്ത്രീകള്‍ വരുന്നത്. സബാഷ് ചന്ദ്രബോസില്‍ ഒരു പ്രധാന വേഷം ചെയ്ത, ബോണ്‍ ആക്ട്റസായ രമ്യ സുരേഷ്, നാടക അനുഭവം ധാരാളമുള്ള ശൈലജ പി. അമ്പു, പുതുമുഖപ്രതിഭ വിസ്മയ ശശികുമാർ എന്നിവരാണ് പ്രധാന സ്ത്രീ വേഷങ്ങളിൽ.