കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
Monday, December 23, 2024 9:19 AM IST
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു കൊടിയനെന്നു കേട്ടാല്‍ ആരിലും ഒരു ചിരിവിടരും. ആമിനതാത്തയും ഉഷ ഉതുപ്പും വാജ്പേയിയുമൊക്കെ മനസില്‍ ചിരിച്ചുമിന്നും.
ഒരുപിടി സ്കിറ്റ് വേഷങ്ങളിലൂടെ സ്റ്റേജിലും ടെലിവിഷനിലും ചിരിക്കൊടി നാട്ടിയ സാജു കൊടിയനു വില്ലന്‍ വേഷത്തില്‍ കന്നട സിനിമയില്‍ അരങ്ങേറ്റം. സാന്‍വിക സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ജാവകോഫിയിലാണ് സാജുവിന്റെ കന്നട കൊടിയേറ്റം. നാടകം, മിമിക്രി, കാസറ്റ്, സിനിമാല, സിനിമ... ചിരിവഴിയിലൂടെ സണ്‍ഡേ ദീപികയ്ക്കൊപ്പം സാജു കൊടിയന്‍.
സാനിസയില്
നാടകത്തിലായിരുന്നു തുടക്കം. സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തില്‍ മണിയപ്പന് ആറന്മുള സംവിധാനം ചെയ്ത തൃശൂര്‍ അരങ്ങ് നാടകസംഘത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സംഘഗാനം ഒന്നാമതെത്തി. അതില്‍ തമ്പു എന്ന ഗെറില്ലാ നേതാവിന്റെ വേഷമായിരുന്നു എനിക്ക്.
സീരിയസ് കഥാപാത്രം. കേരളത്തിലെ എല്ലാ ജില്ലകളിലും ആ നാടകം കളിക്കാന്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കു സൗകര്യമൊരുക്കി. അത്തരം യാത്രകളില്‍ നേരംപോക്കിനു മിമിക്രി ചെയ്തിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന സൗണ്ട് റിക്കാഡിസ്റ്റ് സാജന് കുറുമശേരി പിന്നീടു കൊച്ചിന് സാനിസ എന്ന മിമിക്രി ട്രൂപ്പ് തുടങ്ങിയപ്പോള്‍ കോമഡി കളിക്കാന്‍ എന്നെ വിളിച്ചു.
കാസറ്റും താത്തയും
ട്രൂപ്പില്‍ മറ്റുള്ളവര്‍ നടന്മാരുടെ ശബ്ദം അനുകരിക്കുന്നതു കണ്ട് ഞാനും തിക്കുറിശി, ജഗതി എന്നിവരെ അനുകരിക്കാന്‍ ശ്രമിച്ചു. തോമസ് തോപ്പില്‍ക്കുടി വഴിയാണ് കാസറ്റ് രംഗത്തു വന്നത്. നാദിര്‍ഷ, ദിലീപ് തുടങ്ങിയവരുമായി അടുപ്പമായി. അവരുടെ കാസറ്റുകളില്‍ പങ്കെടുത്തു. അബ്ദുള്‍ ഖാദര്‍ നിര്‍മിച്ച കാസറ്റിലാണ് ഞാന്‍ ആദ്യമായി ആമിനത്താത്തയ്ക്കു ശബ്ദംകൊടുത്തത്. മുമ്പ് ജാഫര്‍ ഇടുക്കിയാണ് ആ ശബ്ദം ചെയ്തിരുന്നത്.
എഡിറ്റിംഗിനിടെയാണ് സ്പൂളില്‍ കുറേഭാഗത്തു താത്തയുടെ ശബ്ദം മാഞ്ഞുപോയെന്നു കണ്ടെത്തിയത്. പിറ്റേന്നു കാസറ്റ് റെഡിയാവണം. പലരും ശ്രമിച്ചിട്ടും ആ സൗണ്ട് കിട്ടിയില്ല. അങ്ങനെ ഞാന്‍ പറഞ്ഞുനോക്കി. അതു കൃത്യമായിരുന്നു.
പിന്നീടാണ് നാദിര്‍ഷയുടെ കാസറ്റിലുള്പ്പെടെ താത്തയ്ക്കു ശബ്ദംകൊടുത്തത്. വില്‍സണ്‍ ഓഡിയോസിന്റെ ടൈറ്റാന്‍ എനിക്ക് ഉള്‍പ്പെടെയുള്ള കാസറ്റുകള്‍ ഹിറ്റായി. ഒന്നര രണ്ടു ലക്ഷം കാസറ്റുകള്‍ വിറ്റുപോയി. ദേ മാവേലി കൊമ്പത്ത് കാസറ്റില്‍ 10 വര്‍ഷം പങ്കെടുത്തു.
സിനിമാലയില്‍
സലിം കുമാറാണ് താത്തയെ അവതരിപ്പിക്കാന്‍ എന്നെ ഏഷ്യാനെറ്റ് സിനിമാലയിലേക്കു വിളിച്ചത്. പിന്നീട് അതിന്റെ പ്രൊഡ്യൂസര്‍ ഡയാനയുടെ സംവിധാനത്തില്‍ എണ്ണൂറോളം എപ്പിസോഡുകള്‍ ചെയ്തു. ഞാൻ അല്ലെങ്കിൽ ജയരാജ്, ഷിനോദ്...അങ്ങനെ മാറിമാറി സ്ക്രിപ്റ്റ് എഴുതി. സ്പെഷല്‍ കാരക്ടറുകള്‍ വരുമ്പോള്‍, എന്റെ മുഖം പൊറോട്ടയ്ക്കു മാവു കുഴച്ചതുപോലെ ആയതുകൊണ്ട് ഏതു വശത്തേക്കു ഞെക്കിവച്ചാലും അങ്ങനെയാകുമെന്നും അതുകൊണ്ട് ഞാന്‍ ചെയ്താല്‍ ശരിയാകുമെന്നും ഡയാന പറഞ്ഞിട്ടുണ്ട്!
മജീഷ്യന്‍ സാമ്രാജ്, ഉഷ ഉതുപ്പ്, വാജ്പേയി, മാധവിക്കുട്ടി... മേയ്ക്കപ്പ്മാൻ സുധീർശാസ്ത്രികളുടെ കൈപ്പുണ്യവും കൂടിയായപ്പോൾ എല്ലാ കാരക്ടറുകളും ഹിറ്റായി. രമേഷ് പിഷാരടിയും സിനിമാലയില്‍ ഇടയ്ക്കു വന്നുപോകുമായിരുന്നു. പിഷാരടി പിന്നീട് സിനിമാലയിൽ സജീവമായി. 1,000 എപ്പിസോഡ് ആയപ്പോള്‍ സിനിമാല നിര്‍ത്തി. സ്വരം നന്നാകുമ്പോള്‍ പാട്ടു നിര്‍ത്തണമെന്നു പറയാറില്ലേ!
വാജ്പേയി, ഉഷാ ഉതുപ്പ്
വാജ്പേയിയും ഉഷാ ഉതുപ്പുമായിരുന്നു വന്‍ ഹിറ്റുകള്‍. അന്ന് വാജ്പേയി പ്രധാനമന്ത്രി. ഗൾഫ് ഷോസിലൊക്കെ വാജ്പേയി കൈയടി നേടി. അദ്ദേഹത്തെ നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. കുമരകത്തു വന്നപ്പോള്‍ അതിനുവേണ്ടി ശ്രമിച്ചെങ്കിലും നടന്നില്ല.
ഉഷാ ഉതുപ്പിനൊപ്പം ജര്‍മനിയില്‍ സ്റ്റേജ് ഷോയ്ക്കു പോയിട്ടുണ്ട്. അവര്‍ വളരെ കോപ്പറേറ്റീവാണ്. ഞാന്‍ സ്റ്റേജിനു പിന്നില്‍ മേക്കപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവിടേയ്ക്കു വന്നു. തന്റെ പൊട്ട് ഇതല്ല എന്നു പറഞ്ഞ് അതെടുത്തു മാറ്റി അവരുടെ നെറ്റിയിലെ വലിയ പൊട്ട് എനിക്ക് ഒട്ടിച്ചുതന്നു. പിന്നീട്, എന്റെ കേരളം എത്ര സുന്ദരമെന്നു പ്രിന്റ് ചെയ്ത കാഞ്ചീപുരം സാരി ഗിഫ്റ്റായി തന്നു. ഇപ്പോഴും നല്ല ബന്ധമാണ്. ഡയാന വഴി വിളിക്കാറുണ്ട്, സംസാരിക്കാറുണ്ട്.
സിനിമയില്‍
സിനിമാലയ്ക്കിടെയാണ് ലോഹിതദാസ് അരയന്നങ്ങളുടെ വീട് എന്ന സിനിമയിലെ ഒരു സീനുള്ള വേഷം ചെയ്യാന്‍ വിളിച്ചത്. പിന്നീട് ഇടയ്ക്കിടെ സിനിമകളില്‍ കോമഡിവേഷങ്ങള്‍. ഷാഫിയുടെ ദിലീപ് ചിത്രങ്ങളായ മേരിക്കുണ്ടൊരു കുഞ്ഞാട്, റിംഗ് മാസ്റ്റര്‍ തുടങ്ങിയവയില്‍ നല്ല വേഷങ്ങള്‍ കിട്ടി. 2005ല്‍ ഒരപകടത്തെത്തുടര്ന്ന് ഫീല്‍ഡില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവന്നു. സ്റ്റേജ്, മിമിക്രി, വിദേശരാജ്യങ്ങളിലെ ഷോസ്, ടെലിവിഷന്‍ പരിപാടികള്‍, അവാര്‍ഡ് നൈറ്റ് ഷോ...ഒപ്പം ഇടയ്ക്കിടെ സിനിമകളും. അങ്ങനെ മിക്സഡായിരുന്നു കരിയര്‍.
ടെലിവിഷന്‍ താരം
ടെലിവിഷനിലൂടെയാണു കൂടുതല്‍ സ്വീകാര്യത നേടിയത്. മഴവില്‍ ചാനലിന്റെ ചായക്കോപ്പയിലെ കൊടുങ്കാറ്റ്, ഏഷ്യാനെറ്റിന്റെ ഉര്‍വശി തിയറ്റേഴ്സ് എന്നിവയിലും പിന്നീടു സ്കിറ്റ് ചെയ്തു. അമൃതയില്‍ പിഷാരടിക്കൊപ്പം ഫണ്‍സ് അപ് ഓണ്‍ എ ടൈമില്‍ ജഡ്ജായി.
സിനിമാല താരങ്ങള്‍ അവതരിപ്പിക്കുന്നു എന്ന പേരില്‍ ഇപ്പോഴും സ്റ്റേജ് പരിപാടിയുണ്ട്. വിദേശത്തു വണ്മാന് ഷോയും. ഇപ്പോഴുമുണ്ട് ആമിനത്താത്ത. അതിനു പുതിയ ഉള്ളടക്കം കണ്ടെത്തും. ഉഷാ ഉതുപ്പും വാജ്പേയിയും ഇപ്പോള്‍ സ്റ്റേജില്‍ ചെയ്യുന്നില്ല. ഇന്‍ഡിഗോ വിഷയമുണ്ടായപ്പോള്‍ മഴവില്ലിനുവേണ്ടി ഇ.പി. ജയരാജനെ ബേസ് ചെയ്തു സ്കിറ്റ് ചെയ്തു.
തിരക്കഥ
മധുസാര്‍, അനൂപ് മേനോന്, സുരാജ് തുടങ്ങിയവര്‍ വേഷമിട്ട ലക്കി ജോക്കേഴ്സ്, നാട്ടരങ്ങ്, ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച, ലവ് എഫ്എം എന്നീ പടങ്ങള്‍ക്കു തിരക്കഥയെഴുതി. സുനില്‍ സംവിധാനം ചെയ്ത കേക്ക് സ്റ്റോറി, സീറോ പോയിന്റ് എയ്റ്റ്, മേഘനാദന് അവസാനമായി ഹീറോവേഷം ചെയ്ത കനോലി ബാന്‍ഡ് എന്നിവയാണ് അടുത്ത മലയാളം റിലീസുകള്‍. കേക്ക് സ്റ്റോറിയില്‍ ഷെഫാണ്. കനോലി ബാന്‍ഡില്‍ എസ്ഐ വേഷം. ജനുവരിയിലാണ് അടുത്ത മലയാള പടത്തിന്റെ ഷൂട്ടിംഗ്.
ജാവ കോഫി
മലയാളിയായ സാന്‍വിക കഥയെഴുതി സംവിധാനം ചെയ്യുന്ന കന്നടചിത്രം ജാവകോഫിയില് വില്ലനിസമുള്ള സൗക്കര്‍ വേഷം. സംവിധായകന് വിജി തമ്പി, ജ്യോതിഷ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം. പ്രോജക്ട് ഡിസൈനറായ സുഹൃത്ത് ജയന്ത് മാഹിയാണ് ഇതിലേക്കു വിളിച്ചത്. പത്തു സീനുകളുണ്ട്. അജയ് വര്ധനാണു നായകന്. കന്നട ഡയലോഗുകള്‍ മലയാളത്തില്‍ എഴുതിത്തന്നു.
പ്രോംപ്റ്റിംഗ് ഉണ്ടായിരുന്നുവെങ്കിലും ഡയലോഗ് കാണാതെപഠിച്ചു പറഞ്ഞു. പാന്‍ ഇന്ത്യന്‍ സിനിമയാണ്. മലയാളം വേര്‍ഷനില്‍ എന്റെ വോയ്സാണ്. ബംഗളൂരു, കുടക്, വയനാട് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. ബംഗളൂരുവില്‍ ഒരു ദിവസത്തെ ക്ലൈമാക്സ് ഷൂട്ട് കൂടി ബാക്കിയുണ്ട്. ഫെബ്രുവരിയില്‍ റിലീസുണ്ടാവും.
ഏറ്റവും വലിയ ആഗ്രഹം..?
മമ്മൂട്ടിയുടെ ബൈക്കിനു പിറകിലിരിക്കുന്ന സീൻ ചെയ്യണം. കാരണം, മമ്മൂട്ടിയുടെ ബൈക്കിനു പിന്നിലിരിന്നിട്ടുള്ള എല്ലാവരും ഹിറ്റായിട്ടുണ്ട്.
ടി.ജി. ബൈജുനാഥ്