അല്ലുവിന്റെ മല്ലു വോയിസ്
Monday, December 9, 2024 9:36 AM IST
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന്നിങ്ങനെ പഞ്ച് ഡയലോഗുകള്‍ വാരിവിതറി അല്ലു അര്ജുന് വീണ്ടും മലയാളം പറയുമ്പോള്‍ അല്ലുവിനൊപ്പമുള്ള ജിസ് ജോയിയുടെ ഡബ്ബിംഗ് യാത്രകള്‍ക്കു പ്രായം രണ്ടു പതിറ്റാണ്ട്.
ആര്യ മുതല്‍ പുഷ്പ 2 വരെ ഇരുപതോളം അല്ലു അര്ജുന് സിനിമകളില്‍ അല്ലുവിനു മല്ലു ശബ്ദമായതു സണ്‍ഡേ ഹോളിഡേ മുതല്‍ തലവന്‍ വരെ സംവിധാനം ചെയ്ത ജിസ്ജോയി. ജിസ് ജോയി സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ആര്യയില്‍ തുടക്കം...
അല്ലു അര്‍ജുനു വേണ്ടി ആദ്യമായി ഡബ്ബ് ചെയ്ത പടം ആര്യയാണ്. അതിലേക്ക് അതിന്റെ മലയാളത്തിലെ നിര്‍മാതാവ് ഖാദര്‍ ഹസന് സാറാണ് എന്നെ വിളിച്ചത്. ആ സമയത്തു കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് സീരിയല്‍ ഞാന്‍ ഡബ്ബ് ചെയ്യുന്നുണ്ടായിരുന്നു.
അതില്‍ കൊച്ചുണ്ണിയുടെ ശബ്ദമായിരുന്നു എന്റേത്. ആ ശബ്ദം വേണമെന്നു പറഞ്ഞാണ് അദ്ദേഹം വിളിച്ചത്. അങ്ങനെയാണ് അല്ലു അര്‍ജുനുവേണ്ടി ആദ്യമായി ഡബ്ബ് ചെയ്യാന്‍ തിരുവനന്തപുരത്തേക്കു പോയത്. മൂന്നു ദിവസം കൊണ്ടാണ് ഡബ്ബ് ചെയ്തത്. ആര്യ വമ്പന്‍ ഹിറ്റായി. അതിനുശേഷം തുടരെത്തുടരെ വന്ന അദ്ദേഹത്തിന്റെ എല്ലാ സിനിമകള്‍ക്കും അവര്‍ എന്നെത്തന്നെ വിളിക്കുകയായിരുന്നു.
അല്ലുവിന്റെ ശബ്ദം
ആര്യ കഴിഞ്ഞ് അല്ലുവിന് ഹാപ്പി, ബണ്ണി, ഹീറോ തുടങ്ങിയ പടങ്ങള്‍ വന്നു. അതിലൂടെയൊക്കെയാണ് അല്ലുവിന്റെ ഡാന്‍സ് ഇഷ്ടപ്പെട്ടതും അല്ലുവിന് ഫാന്സുണ്ടാകുന്നതും. 2007ല്‍ ഞാന്‍ അല്ലുവിനു വേണ്ടി ഡബ്ബിംഗ് തുടങ്ങി. 2010 ആയപ്പോഴേക്കും എന്റെ വോയ്സ് അല്ലുവിന്റെ മുഖത്ത് എസ്റ്റാബ്ലിഷ്ഡ് ആയി. അല്ലുഅര്‍ജുനെ ഓര്‍ക്കുമ്പോള്‍ എന്റെ ശബ്ദം ഓര്‍മവരുന്നു അല്ലെങ്കില്‍ എന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അല്ലുവിന്റെ മുഖം ഓര്‍മവരുന്നു എന്ന അവസ്ഥയിലേക്ക് എത്തി. അങ്ങനെ അല്ലുവിന്റെ ശബ്ദത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിലും എനിക്ക് അങ്ങനെയൊരു ഐഡന്റിറ്റി കിട്ടിയതിലും ഏറെ സന്തോഷം.
എന്റർടെയ്ന്മെന്റ് പാക്കേജ്...
രവിതേജ, പ്രഭാസ്...അങ്ങനെ വേറെയും തെലുങ്കു നടന്മാര്ക്കു ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. പക്ഷേ, അല്ലുവിനുവേണ്ടി ഡബ്ബ് ചെയ്യാന്‍ തുടങ്ങിയശേഷം മറ്റു തെലുങ്കുനടന്മാര്ക്കു വേണ്ടി ചെയ്തിട്ടില്ല. അല്ലു അര്ജുന് എന്നത് ഒരു എന്റർടെയ്ന്മെന്റ് പാക്കേജാണ്.
കോമഡി, ഇമോഷന്, വെല്ലുവിളി, ആക്ഷന്‍...അങ്ങനെ ഒത്തിരി മുഹൂര്‍ത്തങ്ങളിലൂടെയാണ് ഓരോ അല്ലു അര്ജുന് സിനിമയും കടന്നുപോകുന്നത്. അതില്‍ റോമിയോ ആന്‍ഡ് ജൂലിയറ്റ് പോലെ റൊമാന്‍സ് ഒരുപാടുള്ള സിനിമകള്‍ ചെയ്തിട്ടുണ്ട്. അന്ന് വൈകുണ്ഠപുരത്ത് എന്നതു ടിപ്പിക്കല്‍ ഡ്രാമ മൂവിയാണ്. പുഷ്പ 1 മാസ് പടമാണ്. പുഷ്പ 2 കുറേക്കൂടി ഫാമിലി ഇമോഷനുകളും ഡ്രാമയുമൊക്കെ ചേര്‍ന്ന പടമാണ്.
തയാറെടുപ്പുകള്‍...
ഡബ്ബിംഗ് തുടങ്ങുന്നതിനുമുമ്പ് എന്താണു കഥാപാത്രമെന്നു ചോദിച്ചു മനസിലാക്കാറുണ്ട്. പറഞ്ഞുതരാനായി അവിടെ അഞ്ചാറ് ആളുകളുണ്ടാവും. എങ്ങനെയാണ്, എന്തു മൂഡിലാണ് ഡബ്ബ് ചെയ്യേണ്ടതെന്ന് അവര്‍ കൃത്യമായി പറഞ്ഞുതരും. ഇപ്പോള്‍ കേരളത്തിലാണു ഡബ്ബ് ചെയ്യുന്നതെങ്കിലും ഹൈദരാബാദില്‍നിന്ന് ഒരു അസി. ഡയറക്ടര്‍ കൂടിയുണ്ടാവും.
നമ്മള് എന്തെങ്കിലും മാറ്റിപ്പറയുന്നുണ്ടോ എന്നൊക്കെ നോക്കാനായി അവര്‍ കൃത്യമായി ഇംഗ്ലീഷ് സ്ക്രിപ്റ്റ് ഫോളോ ചെയ്യും. അസി. ഡയറക്ടർമാരും റിക്കാര്ഡിസ്റ്റുമുള്പ്പെടെ പലരുടെയും അഭിപ്രായങ്ങളില്‍ നല്ലതു സ്വീകരിക്കാറുണ്ട്. പക്ഷേ, കൂടുതലും സ്വന്തമായിത്തന്നെ അല്ലുവിനുവേണ്ടി ഡയലോഗ് പറയാനുള്ള സ്വാതന്ത്ര്യം അതിന്റെ എഴുത്തുകാർ തരാറുണ്ട്.
അല്ലുവിനു ഡബ്ബ് ചെയ്യുമ്പോള്‍...
അല്ലുവിനു വേണ്ടി ഒരു സിനിമ ഡബ്ബ് ചെയ്യുക എന്നത് ഏറെ എനര്‍ജി ആവശ്യമുള്ള കാര്യമാണ്. അത്രയും ഹൈ വോള്‍ട്ടേജിലാണ് അല്ലു പലപ്പോഴും സംസാരിക്കുന്നതും പെരുമാറുന്നതും. ബോഡി ലാംഗ്വേജൊക്കെ അങ്ങനെയാണ്. അതിനുവേണ്ടി ചില തയാറെടുപ്പുകള്‍ വേണം. ആ ഒരു എനര്‍ജിയുമായി തുല്യതപ്പെടാന് ഏറെ ശ്രമിക്കാറുണ്ട്. കാരണം, അല്ലുവിന്റെ സംസാരം പൊതുവെ ഇത്തിരി വേഗത്തിലാണ്. വേഗത്തില്‍ ഡബ്ബ് ചെയ്യുമ്പൊഴും ലിപ് ഔട്ട് ആവാതെ കൊണ്ടുപോകണം. അതിന്റെ ഇമോഷന് ചോര്‍ന്നുപോകാനും പാടില്ല. തെലുങ്കില്‍ പറഞ്ഞിരിക്കുന്നത് അവരുടെ സ്റ്റൈലിലാണ്. ആ സ്റ്റൈല്‍ പാടേ കട്ട് ചെയ്തശേഷം കേരളത്തിന്റെ സ്റ്റൈലില്‍, മലയാളികളുടെ സമീപനത്തിനു മാച്ച് ചെയ്യുന്ന രീതിയില്‍ വേണം അതു ഡബ്ബ് ചെയ്യാന്‍.
ചലഞ്ചും അഭിനന്ദനവും...
അല്ലുവിനുവേണ്ടി ഡബ്ബ് ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടു തോന്നിയത് ബദ്രിനാഥ് എന്ന സിനിമയാണ്. അതില്‍ ഹെവി ആക്ഷന്‍ സീക്വന്‍സുകളായിരുന്നു. മാത്രമല്ല അതിന്റെ ഡബ്ബിംഗ് ഹൈദരാബാദിലായിരുന്നു. അവിടെവച്ച് എനിക്കു പനി പിടിപെട്ടു. എന്റെ വോയ്സ് നഷ്ടപ്പെട്ടു. അങ്ങനെ ഏഴെട്ടു ദിവസം ഹോട്ടല്‍ റൂമില്‍ത്തന്നെ കിടന്നു.
അല്പമെങ്കിലും ഭേദപ്പെട്ട ഒരവസ്ഥയിലെത്തിയപ്പോഴാണ് അവര്‍ ഡബ്ബ് ചെയ്യാനായി എന്നെ സ്റ്റുഡിയോയിലേക്കു കൊണ്ടുപോയത്. ഇപ്പോഴും ആ സിനിമ കാണുമ്പോള്‍ പേടിപ്പെടുത്തുന്ന ഓര്‍മകളാണ്. അത്രയും സ്ട്രഗിള്‍ ചെയ്താണ് ആ സിനിമയുടെ ഡബ്ബിംഗ് ഞാന്‍ പൂര്‍ത്തിയാക്കിയത്.
ആര്യ, ഹാപ്പി, ബണ്ണി തുടങ്ങിയ സിനിമകളിലെ ഡബ്ബിംഗിന് ആ സമയത്ത് അഭിനനന്ദനം കിട്ടിയിരുന്നു. കാലം ഇങ്ങോട്ടു സഞ്ചരിച്ചു വന്നപ്പോള്‍ അങ്ങ് വൈകുണ്ഠപുരത്ത് എന്ന സിനിമയ്ക്കും. ടൈറ്റില്‍ കാരക്ടറിന്റെ ശബ്ദം എന്ന രീതിയില്‍ പുഷ്പയുടെ ഡബ്ബിംഗിനാണ് ഏറ്റവും കൂടുതല്‍ അഭിനന്ദനം കിട്ടിയത്. തെലുങ്കില്‍ കാണണമെന്നു പറഞ്ഞു തിയറ്ററില്‍ പോയി പകുതിക്കു നിര്‍ത്തി ഞങ്ങള്‍ മലയാളം കണ്ടോളാമെന്നു തീരുമാനിച്ച് ഇറങ്ങിവന്നവര്‍ വരെയുണ്ട്. അവരൊക്കെ നമ്മളെ ഫോണ്‍ വിളിച്ചു പറയുമ്പോള്‍ സന്തോഷമുണ്ടാകാറുണ്ട്.
പുഷ്പ ഡബ്ബിംഗ്....
പഞ്ച് ഡയലോഗുകള്‍ ഇഷ്ടംപോലെയുള്ള സിനിമയാണ് പുഷ്പ 2. പുഷ്പ 1 ചെയ്യുമ്പോള്‍ "പുഷ്പയെന്നാല്‍ ഫ്ളവറല്ലെടാ ഫയറാ' പോലത്തെ ഡയലോഗുകളൊക്കെ ഇത്ര വലിയ ഹിറ്റാകുമെന്നോ ആളുകള്‍ അതൊക്കെ ഏറ്റെടുക്കുമെന്നൊ അറിയില്ലായിരുന്നു. ചലഞ്ച് അല്പം കുറവുള്ള സിനിമയായിരുന്നു പുഷ്പ 2. കാരണം, ഇതില്‍ അല്ലുവിന്റെ സംസാരത്തിന്റെ സ്ളാംഗും ഭാഷാ റെന്ഡറിംഗുമൊക്കെ പതുക്കെപ്പതുക്കെയാണ്.
മൊത്തത്തില്‍ ആ താളം കുറച്ചൊന്നു സ്ളോ ആയിട്ടുണ്ട്. കഥാപാത്രത്തിന്റെ മെച്വരിറ്റി അനുസരിച്ചു സംസാരിക്കുന്ന രീതിയൊക്കെ ഇത്തിരി താളത്തിലാക്കി. അതൊക്കെ എനിക്കു പുഷ്പ 2ല്‍ ഗുണംചെയ്തു. പലതരം വേരിയേഷനുകള്‍ ചെയ്യണം എന്നല്ലാതെ എനിക്കു ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ രണ്ടോ മൂന്നോ നാലോ ടേക്കിനപ്പുറം പോകുന്ന സംഭാഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എനിക്കു പ്രായം കൂടുകയാണ്, അല്ലുവിനും.
അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ മോഡുലേഷനിലും ശബ്ദത്തിലുമൊക്കെ സംഭവിക്കുന്നുണ്ട്. അല്ലു അര്ജുന് റൊമാന്റിക് ഹീറോയില്‍നിന്നു പുഷ്പ 2ലെ കഥാപാത്രത്തിലേക്ക് എത്തുമ്പോള്‍ ബേസ് വോയ്സിലാണ് മൊത്തം ഡബ്ബ് ചെയ്തിരിക്കുന്നത്.
അല്ലുവുമായി സൗഹൃദം...
അല്ലു നേരിട്ട് ഫോണ്‍ വിളിച്ചു പറയുകയോ എനിക്കു മെസേജ് ചെയ്ത് അഭിനന്ദിക്കുകയോ ഉണ്ടായിട്ടില്ല. പക്ഷേ, ഒരു ടിവി ഇന്റര്‍വ്യൂവില്‍ അദ്ദേഹത്തിന് എന്നെയറിയാമെന്നും ഇതരഭാഷാ ഡബ്ബിംഗുകളില് മലയാളം കേള്‍ക്കാനാണ് തനിക്കിഷ്ടമെന്നും കാരണം മലയാളവും കേരളവും തന്റെ രണ്ടാം വീടാണെന്നും ഞാന്‍ ഡബ്ബ് ചെയ്യുന്നത് ഇഷ്ടമാണെന്നുമൊക്കെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ഓരോ സിനിമ കഴിയുമ്പൊഴും പടം എങ്ങനെയുണ്ടെന്നു തിരക്കി അദ്ദേഹത്തിന്റെ മാനേജര്‍ വിളിക്കാറുണ്ട്. അതിനു ഞാന്‍ കൊടുക്കുന്ന കൃത്യമായ മറുപടി അവര്‍ അല്ലുവിനെ അറിയിക്കാറുണ്ട്. അത്തരം ചില അടുപ്പങ്ങള്‍ മാത്രം.
അല്ലു ഫാന്‍സിന്റെ സപ്പോര്‍ട്ട്...
അല്ലുവിനും അദ്ദേഹത്തിന്റെ ഫാന്‍സിനും എന്നെ ഇഷ്ടമാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന പടങ്ങള്ക്കുപോലും അവര്‍ തരുന്ന സ്നേഹവും സപ്പോർട്ടും വളരെ വലുതാണ്. ഞാന്‍ സണ്‍ഡേ ഹോളിഡേ എന്ന പടം ചെയ്തപ്പോള്‍ അല്ലുവിന്റെ പടങ്ങള്‍ എഴുതുന്ന ആളായിട്ടാണ് സിദ്ദിഖിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതില്‍ അല്ലുവിന്റെ ഒരു പാട്ടുസീനും ഉപയോഗിച്ചു. ഓരോ സിനിമ കഴിയുമ്പോഴും ഫാന്‍സ് അസോസിയേഷന് വിളിച്ച് അപ്ഡേറ്റ്സ് എടുക്കാറുണ്ട്. നമ്മളിടുന്ന ഓരോ പോസ്റ്റും അവര്‍ ഷെയര്‍ ചെയ്യാറുണ്ട്.
അല്ലുവിനെ സ്റ്റാറാക്കിയത്....
അല്ലു അര്ജുന് ഇന്നത്തെ അല്ലു അര്ജുനായപ്പോള് അല്ലുവും ഞാനും അദ്ദേഹത്തെ സ്റ്റാറായി കാണുന്ന ഫാന്‍സും ഒരിക്കലും മറക്കരുതാത്ത പേരാണ് ഖാദര്‍ ഹസന്റേത്.
ഒരു മലയാള സിനിമ മാര്‍ക്കറ്റ് ചെയ്യുന്നതില്‍നിന്നു ഗംഭീരമായി വലിയ പോസ്റ്ററുകളും ഹോര്‍ഡിംഗ്സുമൊക്കെ വച്ച് അല്ലുവിന്റെ സിനിമകളെ വലിയ രീതിയില്‍ കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്തതും അല്ലുവിനെ ഇവിടെ കൊണ്ടുവന്ന് സ്റ്റാറാക്കിയതും മലയാളിയായ ഖാദര്‍ ഹസനും അദ്ദേഹത്തിന്റെ രഥക് ആര്‍ട്സ് എന്ന കമ്പനിയുമാണ്. അല്ലുവിന്റെ ആദ്യത്തെ പത്തു പന്ത്രണ്ടു പടങ്ങളും ഏറ്റവുമൊടുവില്‍ അങ്ങ് വൈകുണ്ഠപുരത്തും കേരളത്തില്‍ വിതരണം നടത്തിയത് അദ്ദേഹമാണ്.
ടി.ജി. ബൈജുനാഥ്