വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
Monday, December 2, 2024 10:08 AM IST
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇതെല്ലാം കോര്‍ത്തിണക്കി പുതുമുഖ സംവിധായകന് വിനേഷ് വിശ്വനാഥ് ഒരുക്കിയ 'സ്താനാര്‍ത്തി ശ്രീക്കുട്ടന്' തിയറ്ററുകളില്‍. ടൈറ്റില്‍ വേഷത്തില്‍ ശ്രീരംഗ് ഷൈന്‍. ദര്ശന്, ഹരികൃഷ്ണന്, ബോധിക്, കാര്‍ത്തിക് എന്നിവരും പ്രധാന വേഷങ്ങളില്‍. സംവിധായകനൊപ്പം മുരളികൃഷ്ണന്, കൈലാഷ് എസ്. ഭവന്, ആനന്ദ് മന്മഥന് എന്നിവരുടെ തിരക്കഥ.
‘സംവിധായകന് സ്പില്‍ബര്‍ഗിനോട് ആരോ പറഞ്ഞിട്ടുണ്ടത്രേ, കുട്ടികളുമായും മൃഗങ്ങളുമായും ആദ്യ പടം വര്‍ക്ക് ചെയ്യരുതെന്ന്! എന്റെ ആദ്യ പടംതന്നെ കുട്ടികളുമായാണ്. തുടക്കത്തില്‍ ആ പേടിയുണ്ടായിരുന്നു. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സ്വാഭാവികമായിത്തന്നെ അതു മാറി. എല്ലാവരും ടാലന്റുകൊണ്ട് വിസ്മയിപ്പിച്ചു'- വിനേഷ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
അന്വേഷണം കഴിഞ്ഞ്...
‘ഒരുപാടു താമസിക്കും ഒരുപാട്' എന്ന ഷോര്‍ട്ട് ഫിലിമിലാണു തുടക്കം, 2014ല്‍. തുടര്‍ന്നു ചെയ്ത പൊട്ടക്കിണര്‍, കയോസ് തിയറി, ടുമാറോ ലാന്‍ഡ് എന്നിവയും ശ്രദ്ധിക്കപ്പെട്ടു. ഷോര്‍ട്ട് ഫിലിമില്നിന്നു സിനിമയിലേക്കു കൃത്യം 10 വര്‍ഷം. ഇന്‍ഡസ്ട്രിയില്‍ ഗോഡ്ഫാദർമാരില്ലാതെ വരുന്നവരുടെ സ്ഥിരം കഥ തന്നെയാണ് എന്റേതും.
ഇക്കാലയളവില്‍ ഷോര്‍ട്ട് ഫിലിംസും ഡോക്യുമെന്ററിയും ചെയ്ത് എന്റെ ക്രാഫ്റ്റിലെ കുറവുകള്‍ അതു കാണുന്നവരിലൂടെ കണ്ടുപിടിച്ചു നികത്താനായിരുന്നു ശ്രമം. ഞാന്‍ സംവിധാനം ചെയ്ത "ഈ ഭൂമീന്റെ പേര്' എന്ന ഡോക്യുമെന്ററി ഐഡിഎസ്എഫ്എഫ്കെ മത്സരവിഭാഗത്തിലെത്തി. തുടര്‍ന്ന് പ്രശോഭ് വിജയന് സംവിധാനം ചെയ്ത അന്വേഷണം എന്ന സിനിമയില്‍ അസിസ്റ്റന്റായി.
കഥയുണ്ടായത്...
ഈ കഥ മനസിലെത്തിയപ്പോള്‍ ഷോര്‍ട്ട് ഫിലിമായി ചെയ്യാനായിരുന്നു പ്ലാന്‍. സംവിധായകന് ജെനിത് കാച്ചപ്പിള്ളിയാണ് ഇതിലൊരു സിനിമയുണ്ടെന്നു പറഞ്ഞത്. ഞാനും ഇതിന്റെ എഴുത്തുകാരുമായുള്ള തുടരാലോചനകളില് ഞങ്ങളുടെ കുട്ടിക്കാല അനുഭവങ്ങള്‍ ചര്‍ച്ചയായി. അതിലെ ചില കഥാപാത്രങ്ങളില്നിന്നുള്ള പ്രചോദനത്തിലാണ് ഇതിലെ കഥാപാത്രങ്ങളെ മെനഞ്ഞെടുത്തത്.
2018ലാണ് എഴുതിത്തുടങ്ങിയത്. ഭൂരിഭാഗം സീനുകളും ക്ലാസ്മുറികളിലാണ്. നിറയെ കുട്ടികളുള്ള സീനുകള്‍. ലോക്ഡൗണിനു ശേഷമുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ പരിമിതികള്‍ ധാരാളം. പല നിര്‍മാതാക്കളും മാറിനിന്നു. അപ്പോഴാണ് ഇപ്പോഴത്തെ നിര്‍മാതാക്കളായ നിഷാന്ത് കെ. പിള്ളയും മുഹമ്മദ് റാഫിയും സപ്പോര്‍ട്ടായി വന്നത്.
സിനിമ പറയുന്നത്
സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പാണു പ്രമേയം. വര്‍ത്തമാനകാലത്തെ 15 ദിവസങ്ങളിലെ സംഭവങ്ങള്‍. ഏറെ പ്രസക്തമായ, ചര്‍ച്ച ചെയ്യപ്പെടേണ്ടതായ ഒരു രാഷ്ട്രീയം ഈ സിനിമ പറയുന്നുണ്ട്. നമ്മുടെ സ്കൂളുകളില്‍ നടപ്പാക്കിയാല്‍ നന്നായിരിക്കും എന്നു തോന്നുന്ന ഒരാശയം. ഒരു സന്ദേശമെന്ന രീതിയിലല്ല അത്. ഇതല്ലേ ശരിയെന്നു ഞങ്ങള്‍ സമൂഹത്തോടു ചോദിക്കുകയാണ്.
കുട്ടികളുടെ ലോകത്തു നടക്കുന്ന കഥയാണിത്. നമുക്കു ചെറുതെന്നു തോന്നുന്ന പല കാര്യങ്ങളും അവര്‍ക്കു വലുതായിരിക്കുമല്ലോ. പക്ഷേ, അത് എല്ലാവര്ക്കും കണക്ട് ചെയ്യാനാവും. ഇതു കുട്ടികള്‍ക്കു മാത്രമുള്ള സിനിമയല്ല. ഇതൊരു മാസ് പടം കൂടിയാണ്. വളരെ ഫാസ്റ്റ് ബാക്ക്ഗ്രൗണ്ട് സ്കോറും റാപ്പുമൊക്കെയുള്ള പടം. പി.എസ്. ജയഹരിയാണു മ്യൂസിക് ഡയറക്ടർ. അദ്ദേഹത്തിന്റെ സംഗീതം സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു.
അക്ഷരത്തെറ്റ്!
തെരഞ്ഞെടുപ്പ് കാലത്ത് മതിലുകളില്‍ സ്ഥാനാര്‍ഥി എന്നു കണ്ടുകണ്ട് ആ വാക്ക് നമുക്കു പരിചിതമാവാം. പക്ഷേ, ഏഴാം ക്ലാസ്, ബാക്ക്ബെഞ്ചര്‍, ഉഴപ്പന് കുട്ടി അതു ചിലപ്പോള്‍ ശരിയായി എഴുതണമെന്നില്ല. ആ ലോജിക് തന്നെയാണ് ഇതില്‍. പടത്തില്‍ അതിന്റെ കാരണം കൃത്യമായി പറയുന്നുണ്ട്. ലോക ക്ലാസിക്കുകളിലാന്നായ പെഴ്സ്യൂട്ട് ഓഫ് ഹാപ്പിനസില്‍ ഹാപ്പിനസിന്റെ സ്പെല്ലിംഗില്‍ ഐക്കു പകരം വൈ ആണ് ഉപയോഗിച്ചത്. നായക കഥാപാത്രത്തിന്റെ മകന് തെറ്റിച്ചെഴുതുന്നതായാണ് കാണിച്ചിരിക്കുന്നത്. അക്ഷരത്തെറ്റെന്ന് അന്ന് അവര്‍ക്കും വിമര്‍ശനമുണ്ടായി. അതില്‍നിന്നുള്ള പ്രചോദനമൊന്നുമല്ല ഇത്. ആ കഥ പിന്നീടാണറിഞ്ഞത്.
കുട്ടിത്താരങ്ങള്‍
ഇതില്‍ അഭിനയിച്ച എല്ലാ കുട്ടികളെയും ഓഡിഷനിലൂടെയാണു തെരഞ്ഞെടുത്തത്. 15 ദിവസത്തെ ആക്ടിംഗ് ക്യാമ്പിലൂടെയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ ആരിലാണുള്ളതെന്നു മനസിലാക്കി കൃത്യമായ കാസ്റ്റിംഗ് നടത്തിയത്.
സാം ജോര്‍ജ് എന്ന തിയറ്റര്‍ ട്രെയിനറും അദ്ദേഹത്തിന്റെ ടീമും ആണ് അതിനു സഹായിച്ചത്. അവസാന ഘട്ടത്തിലാണ് ശ്രീരംഗാണു ശ്രീക്കുട്ടനെന്നുറപ്പിച്ചത്. ശ്രീരംഗിന്റെ ആദ്യ നായകവേഷം. ആക്ഷനും കട്ടിനുമിടയില്‍ കഥാപാത്രമായി നിറഞ്ഞാടാന്‍ കഴിവുള്ള ഉഗ്രന്‍ ആക്ടര്‍. ഈ പടത്തില്‍ അഭിനയിച്ച എല്ലാ കുട്ടികളും അത്തരത്തിലുള്ളവരാണ്.
ശ്രീക്കുട്ടനൊപ്പം...
സൈജുകുറുപ്പ്, ജോണി ആന്റണി, അജു വര്‍ഗീസ് എന്നിവര്‍ക്കും നിര്‍ണായക വേഷങ്ങള്‍. പ്രധാന താരങ്ങള്‍ തങ്ങളല്ല, കുട്ടികളുടെ പേരിലാണ് ഈ സിനിമയെന്ന് അവര്‍ക്കുമറിയാം. അജു വര്‍ഗീസിനോടാണ് ഞങ്ങള്‍ ആദ്യമായി കഥ പറഞ്ഞത്. ഈ പ്രോജക്ട് ഓണാകുമ്പോള്‍ മുതല്‍ ഡേറ്റ് ഉറപ്പെന്നായിരുന്നു മറുപടി. വളരെ സങ്കീര്‍ണമായ വേഷമാണ് അജു വര്‍ഗീസിന്റേത്. മറ്റു പടങ്ങളുടെ തിരക്കിലായിരുന്ന സൈജു കുറുപ്പും ജോണി ആന്റണിയും സ്ക്രിപ്റ്റ് ഇഷ്ടമായിട്ടാണ് സമയം കണ്ടെത്തി ഇതുമായി സഹകരിച്ചത്. അജിഷ പ്രഭാകരന്, ഗംഗമീര, ശ്രുതി സുരേഷ്, നന്ദിനി ഗോപാലകൃഷ്ണന് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍.
അതാണ് സ്കൂള്‍!
എറണാകുളം ബ്രഹ്മപുരത്തായിരുന്നു ഷൂട്ടിംഗ്. അവിടെ അടഞ്ഞുകിടക്കുന്ന ഒരു സ്കൂളുണ്ട്. ലൊക്കേഷന്‍ കാണാന്‍ പോയപ്പോള്‍ അവിടം തമിഴ്പടത്തിന്റെ ജയില്‍ സെറ്റ്! ഞങ്ങള്‍ അതിനെ കാരേറ്റ് കെ.ആര്. നാരായണന് മെമ്മോറിയല്‍ യുപി സ്കൂളാക്കി. ഇതിന്റെ എഴുത്തുകാരില്‍ ഒരാളായ കൈലാഷ് എസ്. ഭവനാണ് പടത്തിന്റെ എഡിറ്റര്‍. കുട്ടികളാണു കേന്ദ്രകഥാപാത്രങ്ങളെങ്കിലും എല്ലാത്തരത്തിലും ഒരു എന്റര്ടെയ്നര് ഒരുക്കാനാണു ഞങ്ങള്‍ ശ്രമിച്ചത്.
ടി.ജി. ബൈജുനാഥ്