ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
Sunday, November 17, 2024 5:10 PM IST
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്ന പതിവ് ഇക്കുറിയും തുടരുകയാണ് സംവിധായകന് എം.സി. ജിതിന്. റ്റി.ബി. ലിബിന്, അതുല്‍ രാമചന്ദ്രന് എന്നിവരുടെ രചനയില്‍, നോണ്സെന്സിനു ശേഷം ജിതിന് സംവിധാനം ചെയ്ത "സൂക്ഷ്മദര്‍ശിനി' റിലീസിനൊരുങ്ങി. ബേസിലും നസ്രിയയും പ്രധാന വേഷങ്ങളില്‍.
‘ബേസിലിനെയും നസ്രിയയെയും ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഷേഡുകള്‍ ഇതിലും ഉണ്ട്. എന്നാല്‍, ഇതൊരു റൊമാന്റിക് കോമഡി സിനിമയല്ല. ഫാമിലി ത്രില്ലറാണ്. മിസ്റ്ററി ഡ്രാമയാണ്. ഫീമെയില്‍ ഇന്‍വെസ്റ്റിഗേഷൻ ചിത്രമാണ്. ഇവിടെ കണ്ടന്റാണ് കിംഗ്’- ജിതിന് ദീപികയോടു പറഞ്ഞു.
നോണ്സെന്സില്നിന്ന്
കുറേക്കാലമായി മാനസികമായും ശാരീരികമായും ഞാന്‍ ഉള്‍ക്കൊണ്ട ഒരാശയമായിരുന്നു നോണ്‍സെന്‍സ്. സിനിമയെ മൊത്തത്തില്‍ മാനസികമായും ശാരീരികമായും ഉള്‍ക്കൊള്ളുകയാണ് എന്റെ രീതി.
പോസ്റ്റ് പ്രൊഡക്ഷന്‍ അവസാന ഘട്ടമെത്തുമ്പോള്‍ അത് എന്റെ ശരീരത്തില്‍നിന്നു വേര്‍പെടുന്ന ഒരു നിമിഷമുണ്ട്. അപ്പോഴാണ് "സൂക്ഷ്മദര്‍ശിനി'യുടെ ആശയം എന്റെ ശരീരത്തിലേക്കു കയറിയത്. ഇതുതന്നെ എന്റെ അടുത്ത സിനിമയെന്ന് അപ്പോള്‍ തീരുമാനിച്ചു.
ഈ സിനിമയുടെ ചിന്തയ്ക്കു പിന്നില്‍ നോണ്‍സെന്‍സ് തന്നെ. ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ സംഭവിക്കുന്ന കഥയാണത്. 50 ദിവസം ഷൂട്ട് ചെയ്തപ്പൊഴും മിക്ക ദിവസങ്ങളിലും നാലഞ്ചു മണിയാകുമ്പോള്‍ പായ്ക്കപ്പ് ചെയ്യേണ്ടിവന്നു.
കാരണം, പടത്തില്‍ രാത്രി സീനുകളില്ല. ദിവസം നാലഞ്ചു മണിക്കൂര്‍ ബാറ്റാ സിസ്റ്റത്തില്‍ നഷ്ടമായി. അടുത്ത പടം ചെയ്യുമ്പോള്‍ രാത്രിയിലും ഷൂട്ട് ചെയ്യാനാകുന്ന കണ്ടന്റ് വേണമെന്നുറപ്പിച്ചു. കൂടുതല്‍ ഇന്റീരിയര്‍ സീനുകളുണ്ടെങ്കില്‍ അതു സാധ്യമാകും.
മിഡിൽ ക്ലാസ് സ്ത്രീകൾ
ലൊക്കേഷന്‍ ഷിഫ്റ്റുകള്‍ ഏറെയുള്ള റോഡ് മൂവിയാണ് നോണ്‍സെന്‍സ്. ലൊക്കേഷന്‍ ഷിഫ്റ്റ് കുറവുള്ള, അടുത്തടുത്തു കുറെ വീടുകളുള്ള കഥാപശ്ചാത്തലത്തിലാണ് അടുത്ത സിനിമ ചെയ്യേണ്ടതെന്നും അതു മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലാകണമെന്നും തീരുമാനിച്ചു. ഈ കഥാഭൂമികയിലേക്ക് ഇൻവെസ്റ്റിഗേഷൻ സംഭവം കൊണ്ടുവന്നാല്‍ സിനിമയ്ക്ക് ഒരു ഐഡന്റിറ്റിയുണ്ടാകും.
ഒരു പ്രഫഷനുമായി ചേർന്നുനിൽക്കുന്ന ഇൻവെസ്റ്റിഗേഷനല്ല ഇതില്‍. മനഃശാസ്ത്രപരമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മിഡിൽ ക്ലാസ് സ്ത്രീകളിലൂടെയാണ് അതു പറയുന്നത്. അവരുടെ സൂക്ഷ്മ നിരീക്ഷണങ്ങളാണ് ഈ സിനിമ.
ഈ കഥയുമായി പ്രൊഡക്ഷന്‍ ഹൗസുകളെ സമീപിക്കുമ്പോള്‍ ബിസിനസ് താത്പര്യം മുന്‍നിര്‍ത്തി എന്തുകൊണ്ട് പുരുഷന്മാരുടെ ഇൻവെസ്റ്റിഗേഷൻ ആയിക്കൂടാ എന്ന് അവർ ചോദിച്ചാല്‍ ഞാന്‍ കുടുങ്ങും. അതിനാല്‍ ഫീമെയില്‍ കാസ്റ്റിംഗ് സിനിമയ്ക്കു തികച്ചും യോജ്യമാവണം. എന്റെ വീട്ടില്‍ നടന്ന ഒരു സംഭവത്തില്‍നിന്ന് അതിന്റെ ഉത്തരം കിട്ടി. അതു സിനിമയില്‍ ഒരു സീനായി വരുന്നതിനാല്‍ ഇപ്പോള്‍ പറയുന്നില്ല.
ഹാപ്പി അവേഴ്സ്
2019ല്‍ ഹിന്ദിയില്‍ അവസരം കിട്ടിയപ്പോള്‍ ഈ കഥയെടുത്തു സിനിമ ചെയ്യാൻ ആലോചിച്ചു. പക്ഷേ, പിന്നീടു കോവിഡ് കാലമായി. 2020-ല്‍ മലയാളത്തിലെ ചില പ്രൊഡക്ഷന്‍ ഹൗസുകളോടു കഥ പറയുന്നതിനിടെ ഹാപ്പി അവേഴ്സിന്റെ സമീര്‍ താഹിറിനോടും പറഞ്ഞു. ഇനി ആരോടും പറയേണ്ട, ഞങ്ങള്‍ ഇതു നിര്‍മിക്കുമെന്ന് ഒരാഴ്ചയ്ക്കകം മറുപടി.
ഇതിന്റെ റൈറ്ററായ അതുലുമായി സംസാരിച്ച് ഒരു ഡ്രാമ ഫിക്സ് ചെയ്തു. എനിക്കൊപ്പം നോണ്‍സെന്‍സില്‍ വര്‍ക്ക് ചെയ്ത ലിബിനും ഹാപ്പിഅവേഴ്സിൽ റൈറ്ററായി വന്നു. കോവിഡ് സാഹചര്യങ്ങളാലും അഭിനേതാക്കളുടെ മാറ്റംകൊണ്ടും 21-ലും 22-ലും ഷൂട്ടിംഗ് തുടങ്ങാനായില്ല. ഷൈജു ഖാലിദിന്റെയും സമീര്‍ താഹിറിന്റെയും പ്രചോദനങ്ങളില്‍ ഒരേ ഡ്രാമയുടെ പലതരം ആവിഷ്കാര സാധ്യതകളിലൂടെ കടന്നുപോയ നാളുകള്‍.
ബേസില്‍-നസ്രിയ
2022 അവസാനം സമീര്‍ താഹിറാണ് പ്രിയദര്‍ശിനിയെന്ന കഥാപാത്രമായി നസ്രിയയെ കാസ്റ്റ് ചെയ്തത്. 2023-ലാണ് ബേസില്‍ വന്നത്. ബേസിലിന്റെ റോളില്‍ വേറെ ഒരാക്ടര്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്.
സമീര്‍ താഹിര്‍ കാമറ ചെയ്ത മിന്നല്‍ മുരളിയുടെ ഷൂട്ടിനിടെത്തന്നെ ബേസിലിന് ഡയറക്ടറെന്ന രീതിയില്‍ ഈ കഥ ഇഷ്ടമായി. ജയ ജയ ഹേ ഹിറ്റായി ബേസില്‍ ജനപ്രിയ ഹീറോ ആയതോടെ എന്തുകൊണ്ട് ബേസില്‍ ആയിക്കൂടാ എന്നു പ്രൊഡക്ഷനും ചിന്തിച്ചു.
ബേസില്‍- നസ്രിയ കോംബോയുടെ പവറും പ്രധാനമായിരുന്നു. പതിവു വേഷങ്ങളില്നിന്നു വ്യത്യസ്തമായ, ചലഞ്ചിംഗായ കഥാപാത്രങ്ങള്‍ ആയിരിക്കുമല്ലോ അവരുടെയും ആഗ്രഹം. സിദ്ധാര്‍ഥ് ഭരതന്, ദീപക് പറമ്പോള്‍, മെറിന് ഫിലിപ്, അഖില ഭാര്ഗവന്, മനോഹരി ജോയ്, കോട്ടയം രമേഷ് തുടങ്ങിയവരാണു മറ്റു വേഷങ്ങളില്‍.
പത്രത്തിൽ പരസ്യം...
എന്നെപ്പോലെ "നോണ്‍സെന്‍സ്' കഴിഞ്ഞുനിന്ന ഒരു ഡയറക്ടറെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു സിനിമ സംഭവിക്കുക എന്നതു തന്നെയായിരുന്നു ചലഞ്ച്. ഞാന്‍ വിട്ടുപോയിരുന്നെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു. കഴിഞ്ഞ ആറു വര്‍ഷം ഇതിലല്ലാതെ വേറൊരു സിനിമയ്ക്കുവേണ്ടിയും വര്‍ക്ക് ചെയ്തിട്ടില്ല.
ഇതിന്റെ ലൊക്കേഷന്‍ കിട്ടുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അടുത്തടുത്ത് ആറു വീടുകള്‍ ഒരുപോലെ കിട്ടണം. രണ്ടു വീടുകള്‍ക്കിടയില്‍ 15 മീറ്റര്‍ ഗ്യാപ്പുണ്ടാവണം. അതിന്റെ പിന്നില്‍ പറമ്പായിരിക്കണം. ഒരു വീട് 60-70 കാലഘട്ടത്തിലേതാവണം. വീടുകളുടെ മധ്യത്തില്‍ ഒരു ലോക്കല്‍ റോഡുണ്ടാവണം. മൂന്നു വര്‍ഷം അഞ്ചു ജില്ലകള്‍ തപ്പിയിട്ടും അത്തരമൊന്ന് കിട്ടിയില്ല. ഒടുവില്‍ പത്രത്തില്‍ പരസ്യം കൊടുത്ത ശേഷമാണ് കോലഞ്ചേരിയില്‍ ലൊക്കേഷന്‍ കിട്ടിയത്.
സൂക്ഷ്മം, സുന്ദരം!
കോ-റൈറ്റര്‍ അതുല്‍ രാമചന്ദ്രനാണ് സൂക്ഷ്മദര്ശിനിയെന്നു പേരിട്ടത്. ഏറെ ലെയറുകളും ഷേഡുകളുമുള്ള പേരാണത്. ഇതിലൊരു മൈക്രോസ്കോപിക് നിരീക്ഷണമുണ്ട്. ആ ടൈറ്റിലില്‍ത്തന്നെ മൊത്തം സിനിമയുണ്ട്. സിനിമ കണ്ടു കഴിയുമ്പോള്‍ ആ ടൈറ്റില്‍ ഡീകോഡ് ചെയ്യപ്പെടും. ഈ സിനിമയുടെ ആശയം കഴിഞ്ഞാല്‍ എന്നെ ഏറ്റവുമധികം കിക്ക് ചെയ്യുന്നത് ഈ ടൈറ്റിലാണ്.
വാസ്തവത്തില്‍ ഈ ഘട്ടത്തില്‍ ‘സൂക്ഷ്മദര്‍ശിനി’ എന്റെ ശരീരത്തില്‍നിന്നു വേര്പെട്ടുകൊണ്ടിരിക്കുന്നു. അടുത്ത സിനിമയുടെ കണ്ടന്റ് എന്റെ ശരീരത്തില്‍ കയറിക്കഴിഞ്ഞു. എന്റെ ജീവിതത്തിലെ ഒരു പ്രോസസാണ് അത്.
ഇതെന്റെ ഇഷ്ട സിനിമയാണ്. നോണ്‍സെന്‍സും അങ്ങനെതന്നെ. പോസിറ്റീവ് സംഭവിച്ചാലും നെഗറ്റീവ് സംഭവിച്ചാലും ഞാന്‍ ഹാപ്പിയാണ്. എന്റെ പ്രൊഡ്യൂസേഴ്സിനും ആക്ടേഴ്സിനുമൊക്കെ ഇതില്‍നിന്ന് ഏറെ നേട്ടങ്ങള്‍ ഉണ്ടാവട്ടെ.