സംവിധാനം വിഷ്ണു വിനയ്
Monday, November 11, 2024 10:15 AM IST
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത "ആനന്ദ് ശ്രീബാല' റിലീസിനൊരുങ്ങി. അര്ജുന് അശോകന്, സംഗീത, അപര്‍ണ ദാസ്, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളിൽ. അര്ജുന് അശോകന്റെ കഥാപാത്രം ആനന്ദ് ശ്രീബാലയിലൂടെ സഞ്ചരിക്കുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയുമാണ് നിർമാണം. വിഷ്ണു വിനയ് സംസാരിക്കുന്നു.
സിനിമയില്‍...
കോളജ് പഠനകാലത്താണ് ഫിലിം മേക്കിംഗിനോടും ക്രിയേറ്റീവായ കഥയെഴുത്തിനോടും താത്പര്യമായത്. വെക്കേഷനു വീട്ടിൽ വന്നപ്പോള്‍ പറഞ്ഞ കഥയുടെ ആശയമാണ് അച്ഛന്, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്ന സിനിമയാക്കിയത്. അപ്പോഴും സിനിമയില്‍ നില്ക്കണമെന്നു ചിന്തിച്ചിരുന്നില്ല. ഡിഗ്രി കഴിയുന്ന സമയത്തു കോളജിനു വേണ്ടി ഡോക്യുമെന്ററി ചെയ്തു.
തിരിച്ചു നാട്ടിലെത്തിയപ്പോള്‍ ഡയറക്ടറാവണം, കഥയെഴുതി സംവിധാനം ചെയ്യണം എന്നൊക്കെ അച്ഛനോടു പറഞ്ഞിരുന്നു. ഒന്നു രണ്ടു കഥകള്‍ മറ്റുള്ളവര്‍ക്കു വേണ്ടി എഴുതി സിനിമയാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. എനിക്ക് ആദ്യം വന്ന ചാന്‍സ് അഭിനയിക്കാനായിരുന്നു. അങ്ങനെ ഹിസ്റ്ററി ഓഫ് ജോയ്, ഗാംബിനോസ്, ആകാശഗംഗ 2, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയില്‍ കഥാപാത്രങ്ങളായി.
സര്‍പ്രൈസ് ഓഫര്‍...
അഭിനയിക്കാന്‍ ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു. പക്ഷേ, അങ്ങനെ ചാന്‍സ് ചോദിച്ചു കിട്ടിയതല്ല ഈ സിനിമ. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി അച്ഛന്റെ വലിയ പടങ്ങള്‍ ചെയ്തയാളാണ് ആന്റോ ജോസഫ്. ഞാന്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ അഭിനയിച്ചതും അച്ഛനൊപ്പം പ്രീപ്രൊഡക്ഷന് മുതല്‍ പടമിറങ്ങുന്നതുവരെ ഡയറക്ഷന്‍ സൈഡില്‍ കൂടെയുണ്ടായിരുന്നതും ആന്റോ ചേട്ടന് അറിയാമായിരുന്നു.
എനിക്കു സംവിധാനം ചെയ്യാന്‍ ഒരു പ്രോജക്ട് തരാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹമാണ് അച്ഛനെ അറിയിച്ചത്. അഭിലാഷ് പിള്ളയുടെ കഥകളില്‍ എനിക്ക് ഇഷ്ടമാകുന്നതു നിര്‍മിക്കാന്‍ റെഡിയാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ സംവിധാനം ചെയ്യാനാണ് ആഗ്രഹിച്ചത്. പക്ഷേ, ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തു വന്ന ഓഫര്‍ വലിയ സര്‍പ്രൈസായി.
ആനന്ദ് ശ്രീബാല...
മാളികപ്പുറത്തിനു ശേഷം അച്ഛനുമായി കഥകളുടെ ചർച്ചയ്ക്കു വീട്ടില്‍ വന്നപ്പോഴുള്ള പരിചയം മാത്രമാണ് അഭിലാഷുമായി ഉണ്ടായിരുന്നത്. ആന്റോ ചേട്ടൻ പറഞ്ഞതു പ്രകാരം ഞങ്ങള്‍ കുറച്ചുദിവസം ഒന്നിച്ചിരുന്നു പല കഥകളും ചര്‍ച്ചചെയ്തു. "അതില്‍ നിനക്കേതാ ഇഷ്ടം' എന്നുചോദിക്കുന്ന ഒരു സൗഹൃദത്തിലേക്കു ഞങ്ങള്‍ക്ക് എത്താനായി. അങ്ങനെ ഞാന്‍ ഈ കഥ തെരഞ്ഞെടുത്തു. ആനന്ദ് ശ്രീബാല നായകന്റെ പേരാണ്.
നായകന്റെ അമ്മയാണു ശ്രീബാല. അമ്മയോടു സ്നേഹവും ആരാധനയുമുള്ള, അമ്മയെപ്പോലെ പോലീസ് സർവീസിൽ എത്താൻ താത്പര്യമുള്ള ആളാണ് ആനന്ദ്. കൊച്ചി, നാഗർകോവിൽ...അങ്ങനെ പലേടങ്ങളിൽ സംഭവിച്ച പല കേസുകളിലെ വിവരങ്ങള്‍ കോര്‍ത്തിണക്കിയാണ് അഭിലാഷ് പിള്ള ആനന്ദിലൂടെ സഞ്ചരിക്കുന്ന കഥാതന്തുവിലെത്തിയത്.
സ്ക്രിപ്റ്റ് നവീകരിക്കാനുള്ള റിസേര്‍ച്ചിനും മറ്റുമായി ഞങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്തു. പല കേസുകളും പൂര്‍ണമായിരുന്നില്ല. അതിനാല്‍ ഒരു കേസിന്റെ മാത്രം ചരിത്രം അന്വേഷിച്ചുപോകാന്‍ പരിമിതികളുണ്ടായി. മിഷേല്‍ ഷാജി ഡെത്ത് കേസാണോ കഥയ്ക്കു പിന്നിലെന്നു പലരും ചോദിക്കുന്നുണ്ട്. ഇത് ഒരു വ്യക്തിയുടെ കാരക്ടര്‍ അല്ലെങ്കില്‍ ജീവിതം പറയുന്ന സിനിമയല്ല. പല കേസുകളില്‍നിന്നു കഥയ്ക്കിണങ്ങുമെന്നു തോന്നിയ കുറച്ചു സന്ദര്‍ഭങ്ങള്‍ എടുത്തിട്ടുണ്ട്.
അര്ജുന് അശോകന്...
മുമ്പ് ഞാനും അഭിലാഷും മറ്റൊരു കഥ ചര്‍ച്ച ചെയ്തപ്പോള്‍ അര്‍ജുനെ പരിഗണിച്ചിരുന്നു. പിന്നീട് ആ കഥ ഉപേക്ഷിക്കേണ്ടിവന്നു. ആനന്ദ് ശ്രീബാല വന്നപ്പോള്‍ സ്വാഭാവികമായും അർജുൻ മനസിലെത്തി. ഇതിലെ കഥാപാത്രം അര്‍ജുന്റെ മുഖത്തിനും ശരീരപ്രകൃതിക്കും ചേരുമെന്നു തോന്നി.
പോലീസ് അന്വേഷണത്തിനു സമാന്തരമായി മറ്റൊരന്വേഷണം സിനിമയിലുണ്ട്. അത്തരത്തില്‍ ജേർണലിസ്റ്റോ സാധാരണക്കാരനോ അന്വേഷിക്കുമ്പോള്‍ ചില ഘട്ടങ്ങളില്‍ പലതരം ബുദ്ധിമുട്ടുകളുണ്ടാവും. ചിലപ്പോൾ പോലീസിനോടു പറയുന്നതിനപ്പുറം ഒരു സാധാരണക്കാരനോടു കാര്യങ്ങള്‍ തുറന്നുപറഞ്ഞെന്നുമിരിക്കും. ഡൗണ്‍ ടു എര്‍ത്തായ ഒരു രൂപമുണ്ട് അര്ജുന്. അതു കഥാപാത്രത്തിനു ഗുണകരമെന്നു തോന്നി.
സംഗീത, അപര്‍ണ...
അര്ജുന് അശോകന്റെ അമ്മ വേഷമാണ് സംഗീതയ്ക്ക്. ശ്രീബാലയെന്ന ത്രൂഔട്ട് വേഷം. പോലീസില്‍ കോണ്‍സ്റ്റബിള്‍ റൈറ്റര്‍. ഒരുപക്ഷേ, അമ്മയില്നിന്നാവാം ആനന്ദിന് അന്വേഷണത്വര കിട്ടിയത്. ഈ കഥാപാത്രം വന്നപ്പോള്‍ ഞാനും അഭിലാഷും ചര്‍ച്ച ചെയ്ത ആദ്യ പേരുകളിലൊന്നാണ് സംഗീതയുടേത്. പോലീസുകാരിയുടേതായ ലുക്കും ഭാവവുമൊക്കെ അവരില്‍ ഉണ്ടായിരുന്നു.
വലിയ ഒരു ബ്രേക്കിനു ശേഷം ചാവേറിലൂടെയാണു സംഗീത തിരികെയെത്തിയത്. ചാവേറില്‍ ഒരു സീനേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇതിലെ കഥാപാത്രത്തിനു കാഴ്ചയില്‍ത്തന്നെ പരമാവധി ഫ്രഷ്നെസ് കൊണ്ടുവരാനാകുമെന്നു തോന്നി.
അര്ജുന് അശോകന്റെ പെയറാകുന്നത് അപര്‍ണാ ദാസ്. അപര്‍ണയുടെ കഥാപാത്രത്തിന്റെ പേരും ശ്രീബാലയെന്നാണ്. അമ്മയുടെ പേരായതുകൊണ്ടാവാം ഒരു പ്രത്യേക അടുപ്പം ആനന്ദിന് ആ പെ
ണ്കുട്ടിയോടുണ്ട്. കാമുകി ശ്രീബാല ജേർണലിസ്റ്റാണ്. അവളിലൂടെയാണ് ആനന്ദ് കേസ് അടുത്തറിയുന്നതും കഥയിലേക്കു വലിച്ചിടപ്പെടുന്നതും.
ചലഞ്ച് ബ്രേക്ക്
ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്ന പ്രൊഡക്ഷന്‍ ടീമിനെ കിട്ടിയപ്പോള്‍ത്തന്നെ വലിയ ചലഞ്ച് ഇല്ലാതെയായി. ലൊക്കേഷനില്‍ ആദ്യാവസാനം കൂടെ നില്ക്കുന്ന റൈറ്ററാണ് അഭിലാഷ്. സ്ക്രിപ്റ്റില്‍ മാറ്റം ആവശ്യമായപ്പോഴൊക്കെ അഭിലാഷിന്റെ പിന്തുണയുണ്ടായി. കഥ രസകരമാണെന്ന് ആദ്യമേ തന്നെ അച്ഛന് പറഞ്ഞിരുന്നു. അല്ലാതെ, ക്രിയേറ്റീവ് സൈഡില്‍ ഇടപെട്ടിട്ടില്ല. ഷൂട്ടിംഗിനിടെ അച്ഛന് എന്തെങ്കിലും കമന്റ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ടെന്‍ഷനായേനെ.
ഡയറക്ടറെന്ന നിലയില്‍ ഇത്ര വലിയ ഒരു സൈറ്റ് ആദ്യമായാണു ഞാന്‍ കൈകാര്യം ചെയ്തത്. സെറ്റിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈകളിലാവണം. കാസ്റ്റിംഗിലും മറ്റു തെരഞ്ഞെടുപ്പുകളിലും കൃത്യതയുണ്ടാവണം. സെറ്റില്‍ അത്യാവശ്യം അച്ചടക്കം ഉണ്ടാവണം. അത്തരം സമ്മര്‍ദങ്ങള്‍ നേരിടാനുള്ള അനുഭവസമ്പത്താണ് ഞാന്‍ അച്ഛനോടു ചോദിച്ചിട്ടുള്ളത്. എനിക്ക് ആവശ്യമുള്ളപ്പോള്‍ അച്ഛനെ വിളിച്ചു സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ആ രീതിയില്‍ മാനസികമായി വലിയ സഹായം അച്ഛനില്‍ നിന്നുണ്ടായി.
ടി.ജി. ബൈജുനാഥ്