സാഗറിനെ തേടിവന്ന പണി!
Monday, October 28, 2024 10:54 AM IST
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തുടങ്ങി. ജോജു ജോര്‍ജ്, അഭിനയ, സാഗര്‍ സൂര്യ, ജുനൈസ് എന്നിവർ പ്രധാന വേഷങ്ങളില്‍. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം നടി സീമ കരുത്തുറ്റ കഥാപാത്രമായി ഈ സിനിമയിലൂടെ തിരിച്ചുവരികയാണ്.
"ഒരു ടിവി പ്രോഗ്രാം വഴിയാണ് എന്നെയും ജുനൈസിനെയും ജോജുച്ചേട്ടന് കണ്ടെത്തിയത്. ഏതു പ്രായത്തിലുള്ളവര്‍ക്കും കാണാവുന്ന കൊമേഴ്സ്യല്‍ പടമായിട്ടാണ് അദ്ദേഹം ഈ സിനിമ ഒരുക്കിയത്. പണിയെന്ന പേരിലെ സസ്പെന്‍സ് സിനിമയിലറിയാം'-കേന്ദ്രകഥാപാത്രമായി വേഷമിട്ട സാഗര്‍ സൂര്യ സണ്‍ഡേ ദീപികയോടു പറഞ്ഞു.
തട്ടീം മുട്ടീം ആദി
മനസില്‍ പണ്ടേ സിനിമയെന്ന സ്വപ്നമുണ്ടായിരുന്നു. തട്ടീം മുട്ടീം എന്ന സിറ്റ്കോം സീരിസിലാണ് എന്റെ അഭിനയത്തുടക്കം. ഓഡിഷനിലൂടെയാണ് അതിലെത്തിയത്. അതായിരുന്നു എന്റെ ആദ്യത്തെ ഗുരുകുലം. അതിന്റെ ഡയറക്ടര്‍ മനോജേട്ടനാണ് മിനിസ്ക്രീനില്‍ ആദ്യമായി നല്ല ഒരു കഥാപാത്രം ചെയ്യാന്‍ അവസരം തന്നത്. ആദി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ഒരു വര്‍ഷക്കാലം അതില്‍ അഭിനയിച്ചു.
തട്ടീം മുട്ടീം കണ്ട് സംവിധായകന് അരുണ്‍ വൈഗയാണ് എന്നെ ഉപചാരപൂര്‍വം ഗുണ്ടാജയനിലേക്കു വിളിച്ചത്. അതിനുമുന്നേ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിലാണ് ആദ്യമായി കാരക്ടര്‍ റോളില്‍ അഭിനയിച്ചത്.
ആ സിനിമ കണ്ടിട്ടാണ് രാജുച്ചേട്ടൻ എന്നെ കുരുതിയിലേക്ക് കാസ്റ്റ് ചെയ്തത്. കുരുതിയിലെ വിഷ്ണു ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു ജോ ആന്‍ഡ് ജോയില്‍ ഹ്യൂമര്‍ കഥാപാത്രം. ചെറുതായിരുന്നുവെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കാസര്‍ഗോള്‍ഡ്, ജനഗണമന, കുറി എന്നീ സിനിമകള്‍.
കഥാപാത്രമായത്...
പണിയിലെ എന്റെ കഥാപാത്രത്തെ നല്ല രീതിയില്‍ എത്തിക്കാന്‍ സഹായിച്ചതു ജോജുച്ചേട്ടന് തന്നെയാണ്. അദ്ദേഹം കഥയും സംവിധാനവും കൈകാര്യം ചെയ്ത സിനിമ ആയതിനാല്‍ എന്റെ കഥാപാത്രം എങ്ങനെയാണ്, മുടിയുടെ സ്റ്റൈല്‍ എങ്ങനെയാവണം, എങ്ങനെ സംസാരിക്കണം, എങ്ങനെ നടക്കണം..
എല്ലാത്തിന്റെയും ഉത്തരം ജോജുചേട്ടന്റെ മനസിലുണ്ടായിരുന്നു. കഥാപാത്രത്തെക്കുറിച്ചു പഠിക്കാന്‍ പ്രീ പ്രൊഡക്ഷനില്‍ മൂന്നുമൂന്നര മാസം കിട്ടി. ജോജുചേട്ടന് എന്നെ കഥാപാത്രമായി രൂപപ്പെടുത്തി. മൂന്നു മാസം നിജില്‍ മാഷ് എന്ന ട്രയിനറുടെ സഹായവും ഉണ്ടായിരുന്നു. അങ്ങനെ കഥാപാത്രത്തെ രസകരമായി ഉള്‍ക്കൊള്ളാനായി.
ജോജുവിനൊപ്പം
ഈ സിനിമയ്ക്കുവേണ്ടി ഏകദേശം ഒന്നര വര്‍ഷത്തെ യാത്രയാണ് ജോജുച്ചേട്ടനൊപ്പമുണ്ടായത്. സിനിമയോടുള്ള പാഷനും ആത്മസമര്‍പ്പണവും അതിലേക്ക് ആഴത്തില്‍ ഇറങ്ങിയുള്ള അദ്ദേഹത്തിന്റെ രീതിയും അടുത്തറിഞ്ഞു. അത്രത്തോളം ഡെഡിക്കേറ്റഡ് ആയാല്‍ മാത്രമേ സിനിമയെ കൂടുതല്‍ മനസിലാക്കി പല തരത്തിലുള്ള കഥാപാത്രങ്ങള്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാനും സിനിമയെന്ന കരിയറില്‍ നിലനില്ക്കാനുമാകൂ.
സിനിമയില്‍ ഉയരങ്ങളിലേക്ക് എത്തണമെങ്കില്‍ അത്തരം കാര്യങ്ങള്‍ പിന്തുടരണമെന്നും ജോജുച്ചേട്ടനില്നിന്ന് അറിഞ്ഞു. സിനിമയാണ് ഏറ്റവും വലിയ കരിയര്‍ എന്ന കാഴ്ചപ്പാടിലേക്ക് എത്തിയതിൽ അതൊക്കെ സ്വാധീനിച്ചിട്ടുണ്ട്.
തൃശൂരിലെ ഷൂട്ടിംഗ്...
90 ശതമാനവും തൃശൂരില്‍ ഷൂട്ട് ചെയ്ത സിനിമയാണിത്. എന്റെ സ്ഥലം തൃശൂരാണ്. അതുകൊണ്ടുതന്നെ ഞാന്‍ വളരെ കംഫര്‍ട്ടബിളായി. എനിക്ക് എന്റെ വീട്ടില്‍ പോകാം. ഷൂട്ടില്‍ ഏറെ റീടേക്ക് ആണെങ്കില്‍ ഇടയ്ക്കു വീട്ടില്‍ പോകുമ്പോള്‍ മനസ് ഫ്രഷാകും.
എന്റെ സുഹൃത്തുക്കളും മറ്റും അവിടെയാണ്. ഷൂട്ട് നടക്കുമ്പോള്‍ ഫ്രണ്ട്സ് ലൊക്കേഷനില്‍ വന്നിരിക്കും. അവരുള്ളപ്പോള്‍ എനിക്കു വലിയ എനര്‍ജിയാണ്. മനസ് കൂളാവാന്‍ അത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.
കാമറാമാന് വേണു...
വേണുസാര്‍ എന്ന ലെജന്‍ഡിനൊപ്പം വര്‍ക്ക് ചെയ്യാനായതു വലിയ അനുഗ്രഹം. എത്രയോ സീനിയര്‍ ആക്ടേഴ്സിനൊപ്പം എത്രയെത്ര വലിയ പടങ്ങളുടെ ഭാഗമായിട്ടുള്ള, സിനിമയെ വേറെ തലങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ചിട്ടുള്ള, കരിയറില്‍ വ്യക്തിമുദ്ര ചാര്‍ത്തിയ വേണുസാര്‍... നമ്മുടെ ഷോട്ട് വയ്ക്കുന്നു. ഒപ്പം വര്‍ക്ക് ചെയ്യാനായി എന്നത് എന്നുമോര്‍ക്കുന്ന വലിയ കാര്യം തന്നെയാണ്. അതില്‍ വളരെ സന്തോഷമുണ്ട്.
പണിയില്‍, കൂടെ...
പ്രൊഡ്യൂസറും നടനുമായ ബോബി കുര്യന്, സുജിത് ശങ്കര്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവര്‍ ഇതില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അഭയ ഹിരണ്മയിയെ ഗായികയായി മാത്രമേ മുമ്പു നമ്മൾ കണ്ടിട്ടുള്ളൂ. ഇതില്‍ അഭിനേത്രിയാണ്. ഇതില്‍ ഫീമെയില്‍ ലീഡ് വേഷത്തിലെത്തുന്ന അഭിനയച്ചേച്ചിക്കു സംസാരിക്കാനും കേള്‍ക്കാനും ബുദ്ധിമുട്ടുണ്ട്.
നമുക്ക് അതെല്ലാമുണ്ടായിട്ടുകൂടി അത്രയും നന്നായി അഭിനയിക്കാന്‍ പറ്റുന്നില്ല. അഭിനയ എന്ന നടിയില്‍നിന്ന് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനായി. ഈ സിനിമയില്‍ അഭിനയച്ചേച്ചി ഡാന്‍സ് വരെ കളിക്കുന്നുണ്ട്. താളം പോലും കേള്‍ക്കാത്ത ഒരാള്‍ എങ്ങനെ ഡാന്‍സ് കളിക്കുന്നു എന്നതു ദൈവാനുഗ്രഹമാണ്.
അധികം ആക്ടേഴ്സിനോട് സംസാരിക്കരുതെന്നു ജോജുച്ചേട്ടന് പ്രത്യേകം പറഞ്ഞിരുന്നു. കഥാപാത്രം നമ്മളില്‍നിന്നു വേറൊരു രീതിയില്‍ അകന്നുപോകരുത് എന്ന ചിന്തയിലാണ് അങ്ങനെ പറഞ്ഞത്. കഥാപാത്രം നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ അതു സഹായകമായി.
ചലഞ്ചുള്ള പണി
പണി വലിയൊരു സിനിമയാണ്. ഏറെ മുതല്‍മുടക്കുള്ള, മേക്ക് ചെയ്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള മലയാള സിനിമകളിലൊന്ന്. ചേസിംഗ്, ഫൈറ്റ് സീക്വന്‍സുകള്‍ എന്നിങ്ങനെ നിര്‍ണായകമായ ഒരുപാടു സിറ്റ്വേഷനുകള്‍. റിച്ച് ഫ്രയിമുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഷോട്ടിനും അത്രയധികം മുതല്‍മുടക്കുണ്ട്.
ഒരുപാടു കാര്യങ്ങള്‍ വന്നുപോകുന്ന ഒരു സിനിമയായതുകൊണ്ടുതന്നെ മേക്കിംഗിന് ഏറെ പ്രാധാന്യമുണ്ട്. വേണു സാറിന്റെയും ജിന്റോ ചേട്ടന്റെയും ഷോട്ടുകള്‍ സിനിമയെ വേറൊരു തലത്തിലേക്ക് എത്തിക്കാൻ സഹായകമായി. ജോജു ചേട്ടന് മോണിട്ടര്‍ ചെയ്തതും എക്സിക്യൂട്ട് ചെയ്തതുമായ അത്തരം ഷോട്ടുകള്‍ നല്ല രീതിയില്‍തന്നെ വന്നിട്ടുണ്ട്.
അടുത്ത പണി...
ഇനി ഒരുപാടു നല്ല കഥാപാത്രങ്ങള്‍ തേടിവരുമെന്ന വിശ്വാസമുണ്ട്. പണിയിലെ കഥാപാത്രങ്ങളൊക്കെയും വെറുതേ വന്നുപോകുന്നവരല്ല. എല്ലാവരുടെയും കഥാപാത്രങ്ങള്‍ക്കു വാല്യു ഉണ്ട്. ഇതില്‍ വര്‍ക്ക് ചെയ്തവര്‍ക്കെല്ലാം ഈ സിനിമ എന്നും മൈല്‍ സ്റ്റോണ്‍ ആയിരിക്കും. ഇതില്‍ നിന്നായിരിക്കും ഞങ്ങള്‍ക്കെല്ലാം അടുത്ത ഒരുപാടു പണികള്‍ വരുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു.
ടി.ജി. ബൈജുനാഥ്