വേട്ടയാൻ സോൾ തൻമയ
Tuesday, October 22, 2024 8:42 AM IST
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം പട്ടം ഗവ. ഗേള്‍സ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരി തന്മയ സോള്‍.
33 വര്‍ഷങ്ങള്‍ക്കുശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ച ജ്ഞാനവേല്‍ സിനിമ വേട്ടയാനില്‍ കേന്ദ്ര കഥാപാത്രമായി തന്മയയ്ക്ക് അഴകിയ തമിഴ് എന്‍ട്രി. മഞ്ജുവാര്യര്‍ക്കും വിക്രമിലെ ഏജന്റ് ടീന വാസന്തിഗുരുവിനുമൊപ്പം സ്ക്രീനിടം നേടിയ മിടുക്കി. തന്മയ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
വഴക്കില്‍ സംസ്ഥാന പുരസ്കാരം
ഫോട്ടോഗ്രാഫറും നടനുമാണ് അച്ഛന് അരുണ്‍ സോള്‍. ചേച്ചി തമന്ന, ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംവിധാനം ചെയ്ത ലഞ്ച് ബ്രേക്ക് എന്ന ഷോര്‍ട്ട് ഫിലിമിലാണ് എന്റെ തുടക്കം. അന്നു ഞാന്‍ ഒന്നാം ക്ലാസില്‍. അച്ഛന് സംവിധാനം ചെയ്ത ഫ്യൂജിയുടെ പരസ്യചിത്രത്തിലും വേഷമിട്ടു.
അച്ഛന് ചീഫ് അസോസിയേറ്റായി വര്‍ക്ക് ചെയ്ത സനല്‍കുമാര്‍ ശശിധരന്റെ വഴക്കാണ് എന്റെ ആദ്യ ചിത്രം. ഓഡിഷന് വിജയിച്ചാണ് വഴക്കിലെ താരയായത്. അതില്‍ അസീസ് നെടുമങ്ങാടിന്റെയും കനികുസൃതിയുടെയും മകള്‍. വഴക്കില്‍ അകപ്പെടുന്ന ഒരു കുട്ടി. ഊമയാണ് എന്റെ കഥാപാത്രം. താരയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം കിട്ടിയതു വലിയ ഭാഗ്യം.
വേട്ടയാനില്‍...
"വഴക്ക്' കണ്ട ദാവീദ് സിനിമയുടെ സംവിധായകന് ഗോവിന്ദ് വിഷ്ണുവാണ് വേട്ടയാന്‍ ഓഡിഷനെപ്പറ്റി അച്ഛനോടു പറഞ്ഞത്. വിവിധ വേഷങ്ങളിലേക്ക് ഓഡിഷനു ക്ഷണിക്കപ്പെട്ട 400 പേരില്‍ ഒരാളായി ഞാനും തിരുവനന്തപുരത്തെ ഓഡിഷന് സെന്ററിലെത്തി. ജിഗര്‍താണ്ട, പൊന്നിയന്‍ സെല്വന് തുടങ്ങിയവയുടെ കാസ്റ്റിംഗ് ഡയറക്ടറായ സൂരിയാണ് ഓഡിഷന് ചെയ്തത്.
ഓഡിഷനെത്തിയവര്ക്കൊപ്പം മനസില്‍ തോന്നുന്ന കഥാപാത്രങ്ങളായി അഭിനയിക്കാനായിരുന്നു നിര്‍ദേശം. നൂറോളം ആളുകള്‍ക്കൊപ്പം രണ്ടു ദിവസം പെര്‍ഫോം ചെയ്തു. തമിഴ് വശമില്ലാത്തതിനാല്‍ സെലക്ടാകുമെന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ, 20 ദിവസം കഴിഞ്ഞ് സ്ക്രീന്‍ ടെസ്റ്റിനു വിളിച്ചു. തമിഴ് പഠിക്കാന്‍ കുറേ സിനിമകള്‍ കാണാനും പറഞ്ഞു.
ഒരാഴ്ചയ്ക്കുശേഷം ചെന്നൈയില്‍ ചെന്നപ്പോള്‍ സൂരി സാറിന്റെ മേല്‍നോട്ടത്തില്‍ ഒരാഴ്ചത്തെ ആക്ടിംഗ് വര്‍ക്ക്ഷോപ്. മുംബൈയില്‍ ഷൂട്ടിംഗിനു ചെല്ലണമെന്ന് ഒരു മാസത്തിനു ശേഷം അറിയിപ്പു കിട്ടി. തിരുവനന്തപുരത്തു പടത്തിന്റെ പൂജ നടന്നപ്പോള്‍ പോലും സെലക്ടായെന്ന് അറിഞ്ഞിരുന്നില്ല!
ഫസ്റ്റ് സീന്‍
രജനിസാറിനും ബച്ചന് സാറിനും ഒപ്പമായിരുന്നു എന്റെ ഫസ്റ്റ് സീന്‍. രജനിസാറിനു വെള്ളം കൊണ്ടുവന്നു കൊടുക്കുന്ന ഷോട്ടിലാണു തുടക്കം. ബച്ചന് സാറും ആ ഷോട്ടിലുണ്ട്. ലൈറ്റും വമ്പന്‍ സെറ്റപ്പും കണ്ടപ്പോള്‍ ഞാന്‍ ആദ്യമൊന്നു പേടിച്ചു.
അതു മനസിലായപ്പോള്‍ ഇരുവരും കൊച്ചുകുട്ടികളുടെ രീതിയില്‍ എന്നോടു സംസാരിച്ചു. ജ്ഞാനവേല്‍ സാര്‍ എന്നെ ഇരുവരുടെയും നടുക്ക് ഇരുത്തി. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ കുട്ടിയാണെന്നു പരിചയപ്പെടുത്തിയപ്പോള്‍ അപ്പടിയാ എന്ന് രജനിസാര്‍. കേരളത്തില്‍ നിന്നാണോ വന്നതെന്നും ചോദിച്ചു. ഫാനാണെന്നും സിനിമകള്‍ കണ്ടിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ ബച്ചന് സാറിനും വലിയ കാര്യമായി. അങ്ങനെ ഞാന്‍ കൂളായി. ഷോട്ട് ഓകെയായപ്പോള്‍ എല്ലാവരും കൈയടിച്ചു.
രജനി, ബച്ചന്
രജനിസാറിനെ ആദ്യം കാണുമ്പോള്‍ ഞാന്‍ ജയിലര്‍ മാത്രമേ കണ്ടിരുന്നുള്ളൂ. രണ്ടാമത്തെ ഷെഡ്യൂളിന്റെ ഗ്യാപ്പില്‍ സാറിന്റെ പഴയ സിനിമകളൊക്കെ കണ്ടു. സാറിനെ വീണ്ടും കാണുമ്പോള്‍ ആ സിനിമയില്‍ അങ്ങനെ ചെയ്തത് അടിപൊളിയായി എന്നൊക്കെ പറയണമെന്നാണ് ആഗ്രഹം. സെറ്റില്‍ ബച്ചന് സാര്‍ കോമഡി പറഞ്ഞിരുന്നു. വലിയ ആര്‍ട്ടിസ്റ്റുകളെങ്കിലും ലൈറ്റിംഗിന്റെ ഗ്യാപ്പില്‍ കാരവാനിലൊന്നും പോകാതെ രജനി സാറും ബച്ചന് സാറും ഒന്നിച്ചിരുന്നു വര്‍ത്തമാനം പറയുമായിരുന്നു.
ഇരുവരും ആത്മാര്‍ഥ സുഹൃത്തുക്കള്‍. അവര്‍ മാറിയിരിക്കില്ല. എല്ലാവരോടും സംസാരിക്കും. അവരെ അടുത്തുകണ്ട് ആസ്വദിക്കാനായി. എനിക്ക് ഇരുവരുമായും നല്ല ഫ്രീഡമായി. കാണാന്‍ നല്ല ഭംഗിയുണ്ട് എന്നൊക്കെ ഞാന്‍ രജനി സാറിനോടു പറഞ്ഞിട്ടുണ്ട്. അമ്മയാണു സെറ്റില്‍ എനിക്കൊപ്പം വന്നത്. രജനി സാര്‍, ബച്ചന് സാര്‍ ഉള്‍പ്പെടെ സെറ്റില്‍ എല്ലാവരില്‍നിന്നും വലിയ ബഹുമാനം അമ്മയ്ക്കു കിട്ടിയത് അതിശയമായി.
ചിത്രയും ഞാനും
എന്റെ കഥയ്ക്കു രഹസ്യസ്വഭാവമുള്ളതിനാല്‍ റിലീസ് വരെ എനിക്കും കൃത്യമായ കഥ അറിയില്ലായിരുന്നു. സിറ്റ്വേഷന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. സിനിമ കണ്ടപ്പോഴാണ് എന്റെ കഥാപാത്രം ചിത്രയ്ക്ക് അത്രമേല്‍ പ്രാധാന്യമുണ്ടെന്നറിഞ്ഞത്. ചിത്ര സ്കൂള്‍ വിദ്യാര്‍ഥിയാണ്. ചിത്രയുടെ അമ്മയായി വാസന്തി ഗുരുവും സഹോദരന് ഗുണയായി ലിയോയിലെ റാപ്പ് സിംഗര്‍ അസല്‍ കോളാറും ശരണ്യ ടീച്ചറായി ദുഷാര വിജയനും. ചിത്ര എനിക്കു വേണ്ടിയുണ്ടായ കഥാപാത്രം പോലെ തോന്നി. ഞാനും ചിത്രയും ഒരുപോലെയാണെന്നു സൂരി സാറും പറഞ്ഞിരുന്നു.
രണ്ടു സീനുകള്‍ ഒരേസമയം ഷൂട്ട് ചെയ്ത ഒരു ദിവസം ജ്ഞാനവേല്‍ സാര്‍ മറ്റേ സീനെടുക്കുന്നിടത്തു നില്‍ക്കാതെ എന്റെയടുത്തു നിന്നു. എനിക്കുവേണ്ടി കുറേ കഷ്ടപ്പെട്ടു. ഹെല്പ് ചെയ്തു. അങ്ങനെയാണ് ചിത്ര നന്നായത്. മുംബൈ ഷെഡ്യൂളിനു ശേഷം ചെന്നൈയില്‍ ഏഴും ഹൈദരാബാദില്‍ രണ്ടും ദിവസത്തെ ചിത്രീകരണം.
ഇതിഹാസതാരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോള്‍ ഏറെ റീടേക്ക് പോകാതിരിക്കാന്‍ ഷൂട്ടിനു മുമ്പ് ചെന്നൈയില്‍ കിട്ടിയ ട്രെയിനിംഗ് തുണച്ചു. മഞ്ജുചേച്ചിയുമായി മുംബൈയിലും ചെന്നൈയിലും ഷൂട്ടുണ്ടായിരുന്നു. ചേച്ചിയുമായി വേറെയും സീനുണ്ടായിരുന്നു. അതു കട്ടായിപ്പോയി. അമ്മവേഷം ചെയ്ത വാസന്തി ഗുരുവുമായും നല്ല കൂട്ടായി.
ഫാമിലി മൊത്തം സിനിമ
ചേച്ചി തമന്ന, സനല്‍ കുമാര്‍ ശശിധരന്റെ അസിസ്റ്റന്റായിരുന്നു. മാര്‍ ഇവാനിയോസില്‍ മാസ് കമ്യൂണിക്കേഷനു പഠിക്കുന്നു. അമ്മ ആശ പ്രിയദര്‍ശിനി അച്ഛനൊപ്പം ഞങ്ങളുടെ ഫോട്ടോ എഡിറ്റിംഗ് സ്ഥാപനം സോള്‍ ബ്രദേഴ്സില്‍ വര്‍ക്ക് ചെയ്യുന്നു. അച്ഛന് അരുണ്‍ സോള്‍ 12 വര്‍ഷമായി സിനിമയിലുണ്ട്.
വാഴ, ഫാലിമി, സ്വകാര്യം സംഭവബഹുലം, പാപ്പച്ചന് ഒളിവിലാണ്, മേ ഹും മൂസ എന്നിവയിലൊക്കെ വേഷങ്ങള്‍ ചെയ്തു. വീട്ടില്‍ മറ്റൊരു നടന് കൂടിയുണ്ട്. അച്ഛന്റെ അച്ഛന്, കുട്ടപ്പന്. സിനിമാനടനാകാന്‍ പതിനഞ്ചാം വയസില്‍ നാടുവിട്ടുപോയതാണ്. പക്ഷേ, എല്ലാം സ്വപ്നം മാത്രമായി. അടുത്തിടെ, അച്ഛന്റെ കൂട്ടുകാരന് നിധീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമിയിലെ അപ്പൂപ്പന് വേഷത്തിലൂടെ ആ മോഹം സഫലമായി.
പുതിയ സിനിമകള്‍...
ജിന്റോ തോമസ് സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രം ഇരുനിറം റിലീസിനൊരുങ്ങുന്നു. അതില്‍ ഞാനാണു പ്രധാന വേഷത്തില്‍. മുരളി ഗോപി സ്ക്രിപ്റ്റെഴുതി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന, ആര്യ പ്രധാന വേഷത്തിലെത്തുന്ന പടത്തില്‍ വേഷമുണ്ട്. മാരി ശെല്‍വരാജിന്റെ പടത്തില്‍ അഭിനയിക്കണമെന്നു വലിയ ആഗ്രഹമുണ്ട്. ജ്ഞാനവേല്‍, പാ രഞ്ജിത്ത്, വെട്രിമാരന് എന്നിവരൊക്കെയാണ് ഇഷ്ട സംവിധായകര്‍. നല്ല സിനിമകളില്‍ അഭിനയിക്കണം. പഠനവും നല്ലരീതിയില്‍ തുടരണം. കരിയറില്‍ മറ്റൊരാഗ്രഹമുണ്ട്. അത് ആയിത്തീരുംവരെ സീക്രട്ടാണ്.
ടി.ജി. ബൈജുനാഥ്