ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
Monday, October 7, 2024 8:58 AM IST
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്രം ഡെന്നീസ്. 26 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഡെന്നീസിലൂടെ മകന് മാധവ് സുരേഷിന് കുമ്മാട്ടിക്കളിയെന്ന ആദ്യ തിയറ്റര്‍ റിലീസ്. മാധവ് ലീഡ് വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍.
സംവിധാനം ആർ.കെ. വിന്‍സെന്റ് സെല്‍വ. ലെന, മിഥുന് പ്രകാശ്, റാഷിക് അജ്മല്‍, ധനഞ്ജയ്, ദേവിക സതീഷ് എന്നിവരും പ്രധാന വേഷങ്ങളില്‍. കടപ്പുറം പയ്യന് ഡെന്നീസായി മാധവിന്റെ സിനിമായാത്രകള്‍ക്കു വേറിട്ട തുടക്കം. മാധവ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
സിനിമാ പശ്ചാത്തലം ഉള്ളതുകൊണ്ടുതന്നെ ഇന്ഡസ്ട്രിയിലേക്ക് വഴിയൊരുങ്ങുമെന്നത് ഉറപ്പായിരുന്നു. പക്ഷേ, സിനിമ മോഹിച്ചോ അതു കരിയറാക്കാമെന്നു പ്ലാന്‍ ചെയ്തോ വന്നതല്ല. പഠിച്ചതു ബിസിനസ് മാനേജ്മെന്റ്. ഫുട്ബോള്‍ കളിക്കാരനാവണം അല്ലെങ്കില്‍ ബിസിനസ് മാനേജ്മെന്റ് ജോലി. അതായിരുന്നു മോഹം. ഗ്രാജ്വേഷന് നേടി തിരിച്ചുവന്നശേഷം രണ്ടു വര്‍ഷത്തോളം ജോലിയില്ലായിരുന്നു. അതിനു മുന്നേതന്നെ ചില സിനിമാ ഓഫറുകള്‍ വന്നിരുന്നു.
എന്നാൽ, അപ്പോൾ ഞാന്‍ അതിനു റെഡിയായായിരുന്നില്ല. അതിനിടെ 20 ദിവസം ആക്ടിംഗിനുള്ള തയാറെടുപ്പുകൾ നടത്തി. സിനിമ ചെയ്യാനുള്ള ഒരു ലെവലിലേക്ക് ഞാന്‍ എത്തുന്നു എന്ന തോന്നല്‍ വന്നപ്പോള്‍ ‘ജെഎസ്കെ’ ചെയ്യാനൊരുങ്ങി. നവീന്‍ - അതാണു കഥാപാത്രം. അതു പാതി പൂർത്തിയായപ്പോഴാണ് കുമ്മാട്ടിക്കളി എന്ന പ്രോജക്ട് വന്നത്.
കുമ്മാട്ടിക്കളിയിലേക്ക്...
അഭിനയപരിചയമുള്ള നടനല്ല ഞാന്‍. സിനിമയുടെ ബേസിക് പാഠങ്ങൾ പഠിച്ചു വളരുന്ന ഒരാളാണ്. ഡെന്നീസ് എന്ന കഥാപാത്രത്തില്‍ എന്റെ വ്യക്തിത്വം എത്രത്തോളം സ്വാഭാവികമായി കൊണ്ടുവരാനാകും എന്നു ഞാന്‍ സ്വയം ചോദിച്ചു. ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതുതന്നെ ഡെന്നീസുമായി എനിക്ക് 60 ശതമാനം സാമ്യമുള്ളതുകൊണ്ടാണ്. ഇതില്‍ സിംഗിള്‍ നായകനല്ല. നാലു പേര്‍ക്കും പ്രാധാന്യമുണ്ട്.
കഥാപശ്ചാത്തലം...
കടപ്പുറത്തു ജനിച്ചുവളര്‍ന്ന ഡെന്നീസ്, ലൂക്ക, ഭൈരവന്, അമീര്‍ എന്നീ അനാഥ പയ്യന്മാര് അവരുടെ ജീവിതമാര്‍ഗം കണ്ടെത്തുന്നതിന്റെ കഥയാണിത്. ഒപ്പം, ദേവിക അവതരിപ്പിക്കുന്ന മറിയമെന്ന പെണ്‍കുട്ടിയുടെയും. അവരുടെ ജീവിതമാര്‍ഗമാണു കുമ്മാട്ടിക്കളി. അവര്‍ക്ക് അമ്മയുടെ സ്ഥാനത്ത് ഇന്ദിരാമ്മയെ കിട്ടുന്നത് ഒരു കുമ്മാട്ടിദിവസമാണ്. ലെനയാണ് ആ വേഷത്തില്‍. കുമ്മാട്ടിക്കളിയെന്ന കലാരൂപവുമായി സിനിമയ്ക്കു മറ്റു ബന്ധമൊന്നുമില്ല. ആലപ്പുഴ കടപ്പുറമാണു കഥാപശ്ചാത്തലം. ഫാമിലിക്കും ഫ്രണ്ട്ഷിപ്പിനും റൊമാന്‍സിനും പ്രാധാന്യമുള്ള കഥയാണ്.
സിനിമയുടെ തമിഴ് ബന്ധം..?
20 വര്‍ഷത്തിലേറെയായി തമിഴില്‍ മാത്രം സിനിമകള്‍ സംവിധാനം ചെയ്ത വിന്‍സെന്റിന്റെ ആദ്യ മലയാള ചിത്രമാണിത്. തമിഴ് മേക്കിംഗ് ടച്ച് എന്തായാലും ഉണ്ടാവും. നാലു പയ്യന്മാരില് ഒരാള്‍ക്ക് തമിഴ് പശ്ചാത്തലമുണ്ട്. ചെന്നൈയില്‍നിന്നുള്ള മിഥുനാണ് ആ വേഷത്തില്‍. തമിഴ് സംസ്കാരത്തിനു പ്രധാന്യമുള്ള പടമാണ്.
എന്തായിരുന്നു ചലഞ്ച്..?
വേനല്‍ കത്തിനില്‍ക്കുന്ന സമയത്തായിരുന്നു 30 ദിവസത്തോളം ബീച്ച് സൈഡ് ലൊക്കേഷനിലെ ഷൂട്ടിംഗ്. ദിവസം 13-14 മണിക്കൂര്‍ വീതം മൂന്നു ദിവസം വരെ നീണ്ടുനിന്ന ഫൈറ്റ് ഷൂട്ടിംഗ്. ഫൈറ്റിനിടെ കടല്‍ത്തിരകളിലേക്ക് എടുത്തെറിയപ്പെടുന്നതിടെ മിഥുനും ധനഞ്ജയ്ക്കും അജ്മലിനുമൊക്കെ അപകടകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നു.
അഭിനയപാരമ്പര്യം സഹായകമായോ..?
അച്ഛന് അഭിനയിക്കുന്നതുകൊണ്ട് ജനിതകപരമായി ഒരു പരിധിക്കപ്പുറം അത് എന്നിലേക്കു വരില്ലല്ലോ. എനിക്കതിനു കഴിവുണ്ടോ എന്നത് എന്റെ സിനിമകളിലൂടെ തെളിയേണ്ട കാര്യമാണ്. അക്കാര്യത്തില്‍ കൃത്യമായ സ്വയം വിലയിരുത്തലില്‍ എത്തിയിട്ടില്ല.
അച്ഛന്റെയും ഗോകുലിന്റെയും സിനിമാഇഷ്ടങ്ങളില്നിന്നു വേറിട്ടതാണോ മാധവിന്റേത്..?
അച്ഛനു വളരെ പേഴ്സണലായ ടേസ്റ്റാണ് സിനിമയിലുള്ളത്. സിനിമയുടെ കണ്ടന്റിലുള്ള ഇഷ്ടങ്ങളില്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും സാമ്യങ്ങളും വ്യത്യാസങ്ങളുമുണ്ട്. എന്റേതായ, സ്വതന്ത്രമായ സിനിമാ താത്പര്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള യാത്രയിലാണു ഞാന്‍.
സിനിമയില്‍ പ്രചോദനമാകുന്നത്..?
അഞ്ചുപേരുള്ള ഒരു സീനില്‍ നാലു പേര് പെര്ഫക്ടാവുകയും അഞ്ചാമത്തെയാള്‍ തെറ്റുവരുത്തുകയും ചെയ്താല്‍ നാലുപേരുടെ പെര്‍ഫക്ഷനും അവിടെ നിരര്‍ഥകമായി. സംവിധായകനോടും നിര്‍മാതാവിനോടും വെയിലത്തും മഴയത്തും നിന്നു ഷൂട്ട് ചെയ്യുന്ന കാമറാമാനോടും ടെക്നിക്കല്‍ ക്രൂവിനോടും ഒപ്പം അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളോടും ഓരോ സീനിലും ഓരോ ടേക്കിലും നമ്മുടെ ജോലി കൃത്യമായി ചെയ്യാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. അത്തരം ഹൈ പ്രഷറില്‍ വര്‍ക്ക് ചെയ്യുന്നത് എനിക്കിഷ്ടമാണ്. അതിലൂടെ നേടുന്ന ധാര്‍മിക വിജയം കരിയറില്‍ ബൂസ്റ്റാണ്.
രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടോ..?
എനിക്കു രാഷ്ട്രീയത്തിലും രാഷ്ട്രീയ പാര്ട്ടികളിലുമല്ല, വ്യക്തികളിലാണു വിശ്വാസം. എന്റെ രാജ്യം നേരേയാക്കിയെടുക്കാന്‍ കെല്പുള്ള വ്യക്തികളിലാണു വിശ്വാസം. ലോകരാജ്യങ്ങളുടെ മുന്നിരയിലെത്താന് ഇന്ത്യയ്ക്കു പൊട്ടെന്‍ഷ്യലുണ്ട്. ആരുടെ ആദര്‍ശങ്ങളാണോ രാജ്യത്തെ അവിടേക്ക് എത്തിക്കുക, അവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യും.
നടന്റെ രാഷ്ട്രീയംകൊണ്ട് കരിയറിനെ വിലയിരുത്തുന്നതു ശരിയാണോ..?
എന്റെ രാഷ്ട്രീയംകൊണ്ട് എന്റെ കരിയറിനെ വിലയിരുത്തുന്നതു വലിയ തെറ്റാണ്. സിനിമ കാണാന്‍ വരുമ്പോള്‍ പെര്‍ഫോമന്‍സാണു പ്രതീക്ഷിക്കേണ്ടത്. വ്യക്തിജീവിതത്തില്‍ വേറെ ആരെയും ദ്രോഹിക്കാതെ ഒരു ചോയ്സ് എടുത്തതിനെ വിലയിരുത്തി സിനിമ കാണാതിരിക്കുന്നതോ കാണാന്‍ വരുന്നതോ തെറ്റായ രീതിയാണ്.
ഇനി ഏതുതരം കഥാപാത്രങ്ങള്‍..?
ഇന്ന വേഷം മാത്രമേ ചെയ്യുകയുള്ളൂ എന്നൊന്നുമില്ല. പ്രധാന കഥാപാത്രമല്ലെങ്കിലും കഥയില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് ജെഎസ്കെയില്. അതിന്റെ ഡബ്ബിംഗ് ഏറെക്കുറെ തീര്‍ന്നു. 2024 അവസാനിക്കുംമുന്നേ തിയറ്ററുകളിലെത്തും. നല്ല കഥ, നല്ല പ്രമേയം, ആ കഥയുമായി മാനസിക അടുപ്പം... ഇതൊക്കെ ഒത്തുവന്നാല്‍ ഏതു പ്രോജക്ട് ചെയ്യാനും തയാറാണ്. ലീഡ്, വില്ലന്‍, കാരക്ടര്‍ റോള്‍ എന്നിങ്ങനെ ഞാന്‍ എനിക്കു തന്നെ അതിരുകളിടില്ല. അടുത്ത സിനിമ ‘അങ്കം അട്ടഹാസം’. രചന, സംവിധാനം സുജിത് എസ്. നായർ.
ടി.ജി.ബൈജുനാഥ്