പുഷ്പകമേറി ഉല്ലാസയാത്ര
Monday, September 30, 2024 11:00 AM IST
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം. നിഴലുള്ള പോസ്റ്റര്‍ റിലീസായപ്പോൾ സര്‍പ്രൈസ് താരം ആരെന്നായി ചോദ്യം. സിജു വില്‍സണ്‍ ജീപ്പിനു മേലേ ജംപ് ചെയ്യുന്ന വീഡിയോ വൈറലായപ്പോൾ ആക്ഷന്‍ പടമാണോ എന്നായി.
ഉല്ലാസ്കൃഷ്ണ സ്വതന്ത്രസംവിധായകനാകുന്ന ടൈം ലൂപ്പ് ഫാന്റസി ത്രില്ലര്‍ പുഷ്പകവിമാനം ഒക്ടോബര്‍ നാലിനു തിയറ്ററുകളില്‍. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ സിനിമയുടെ നിർമാണം റെയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെരിയ ഫിലിം ഹൗസും കിവിസോ മൂവീസുമാണ്.
"സമയമാണ് എല്ലാം. സമയത്തിലെ ചെറിയ വ്യത്യാസം കൊണ്ട് ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവാം. ആ സമയത്തെങ്ങാനും പോയിരുന്നേല്‍ പണിയായേനെ, ഒരു സെക്കന്‍ഡ് മാറിയതുകൊണ്ടു രക്ഷപ്പെട്ടു എന്നൊക്കെ കേട്ടിട്ടില്ലേ. നമ്മുടെയൊക്കെ ജീവിതത്തെ ഒരു മിനിറ്റുകൊണ്ടു മാറ്റിമറിക്കാനാവും എന്ന ആശയത്തില്‍ നിന്നാണ് ഈ സിനിമ' - ഉല്ലാസ് കൃഷ്ണ സണ്‍ഡേ ദീപികയോടു പറഞ്ഞു.
വേറിട്ട ടൈറ്റില്‍...
സിജു വില്‍സണും ബാലു വര്ഗീസുമല്ലാതെ എക്സ്റ്റന്റഡ് കാമിയോ വേഷത്തിലെത്തുന്ന ഒരു സ്റ്റാറുണ്ട്. ആ വ്യക്തിയുമായി ബന്ധമുള്ളതാണ് പുഷ്പകവിമാനം എന്ന ടൈറ്റില്‍. ടൈറ്റിലിനു പുരാണവുമായി ബന്ധമുണ്ട്. ഇതിലെ കഥാപാത്രങ്ങള്‍ നിരന്തരം ഓട്ടത്തിലാണ്. സ്പീഡും ഫാന്റസിയുമൊക്ക ബന്ധപ്പെടുത്തി പുഷ്പകവിമാനം എന്നു പേരിട്ടതാണ്. അല്ലാതെ സിനിമയ്ക്കു വിമാനവുമായി ബന്ധമില്ല. കമല്‍ഹാസന്റെ പുഷ്പകവിമാനം സിനിമയുമായും ബന്ധമില്ല.
ഈ കഥയിലെത്തിയത്..?
ഒരേ മുഖം എഴുതിയ സന്ദീപ് സദാനന്ദനും ദീപു എസ്. നായരുമാണ് സ്ക്രിപ്റ്റൊരുക്കിയത്. ഞാന്‍ മാമാങ്കം സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവരുടെ ഒന്നു രണ്ടു കഥകള്‍ ആലോചിച്ചിരുന്നു. പുതുമയുള്ള സബ്ജക്ട് തേടിയുള്ള നീണ്ട ചര്‍ച്ചകളിലാണ് ഈ കഥയിലെത്തിയത്. കണ്ണൂരാണ് ഷൂട്ട് ചെയ്തത്. പക്ഷേ, സിനിമയില്‍ പശ്ചാത്തലം കണ്ണൂരാണെന്നു പറയുന്നില്ല. ആ സ്ളാംഗ് ഉപയോഗിക്കുന്നുമില്ല. സിറ്റി വൈബ് പടമാണ്.
സിനിമയിലെത്തിയത്..?
അസിസ്റ്റന്റായി ഒരു പടമേ ചെയ്തുള്ളൂ. ശേഷം അസോസിയേറ്റും ചീഫ് അസോസിയേറ്റ് ഡയറക്ടറുമായി. ജോമോന്, സമുദ്രക്കനി, ഉദയ് അനന്തന്, എം. പദ്മകുമാര്‍, മേജര്‍ രവി, ശ്രീകുമാര്‍ മേനോന് തുടങ്ങിയവര്‍ക്കൊപ്പം. എം. പദ്മകുമാര്‍ സാറിനൊപ്പം തുടര്‍ച്ചയായി അഞ്ചു വര്‍ഷം. സ്വതന്ത്ര സംവിധായകനാകണമെന്ന ചിന്തയുണ്ടായപ്പോള്‍ പുതുമയുള്ള, എന്റേതായ കൈയൊപ്പുള്ള സിനിമ ചെയ്യണമെന്നു തോന്നി. പ്രേക്ഷകര്‍ ഇപ്പോള്‍ നല്ല കണ്ടന്റുകള്‍ സ്വീകരിക്കുന്നുണ്ട്. വ്യത്യസ്ത കണ്ടന്റുള്ള പടം ചെയ്യണമെന്നുറപ്പിച്ചു.
കഥയിലെ പുതുമ...?
മലയാളത്തിലെ ആദ്യ ടൈംലൂപ്പ് ത്രില്ലറാണിത്. ജീവിതം ആസ്വദിച്ചുനടക്കുന്ന അജയ് മഹേശ്വരി എന്ന ചെറുപ്പക്കാരന്, അയാളുടെ സുഹൃത്ത് ആഗ്രഹ്. അജയ്യുടെ ജീവിതം കുടുംബവുമായി ഹാപ്പിയായി പോകുന്നതിനിടെ ഒരു സംഭവം എല്ലാം മാറ്റിമറിക്കുന്നു. അതിനെ അയാള്‍ എങ്ങനെ അതിജീവിക്കുന്നു എന്നതു ത്രില്ലിംഗ് മൂഡില്‍ റോഡ് മൂവിയായി കുറച്ചു ഫാന്റസിയൊക്കെ കലര്‍ത്തി പറയുന്നു.
ടൈം ലൂപ്പ്
മലയാളത്തില്‍ ടൈം ട്രാവല്‍ സിനിമ വന്നിട്ടുണ്ട്. 2024ല്‍ ജീവിക്കുന്നയാള്‍ പെട്ടെന്ന് 20 വര്‍ഷം മുമ്പുള്ള കാലഘട്ടത്തിലേക്കു തിരിച്ചുപോകുന്നതാണു ടൈം ട്രാവല്‍. ഒരാള്‍ പത്തു മണിക്ക് ജോലിക്കായി പോകുന്നുവെന്നു കരുതുക. പോകുന്ന വഴികളില്‍ അയാള്‍ എന്തെല്ലാം കണ്ടുവോ അതെല്ലാം പ്രേക്ഷകരെ കാണിക്കുന്നു. പത്തിനു പകരം 9.59നാണ് ഇറങ്ങിയതെങ്കില്‍ വഴിയില്‍ കണ്ടതൊന്നും അതേപോലെ ആയിരിക്കില്ലല്ലോ. അതാണു ടൈം ലൂപ്പ്. അതിന്റെ വിഷ്വല്‍ റീക്രിയേഷനാണ് ഇതിൽ. എഴുതുന്നതിലും പ്രയാസമായിരുന്നു അതു സിനിമയാക്കാൻ. അതായിരുന്നു ചലഞ്ച്. എന്റെ ഗുരുക്കന്മാര്ക്കൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവപരിചയം ഇവിടെ തുണയായി.
റോഡ് മൂവി...
സിജുവിനും ബാലുവിനും റോഡിലൂടെ ഓട്ടം സീക്വന്‍സുകള്‍ ഇതില്‍ ധാരാളമുണ്ട്. ഈ പടത്തിനുവേണ്ടി സിജു വില്‍സണ്‍ അദ്ദേഹത്തിന്റെ ശരീരഘടനയില്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ആദിയില്‍ പ്രണവ് ചെയ്തതുപോലെ പാര്‍കൗര്‍ ജമ്പിംഗ് പരിശീലിച്ചു. പൊതുജനത്തിനു നടുവില്‍ റോഡിലായിരുന്നു ഷൂട്ടിംഗ്. നാലഞ്ച് ഫൈറ്റ് സീക്വന്സുകളുമുണ്ട്.
കഥാപാത്രങ്ങള്‍...
ഒരു പ്രശ്നം വന്നാല്‍ ആത്മാര്‍ഥതയോടെ കൂടെ നില്ക്കുന്ന സുഹൃത്തിന്റെ വേഷമാണ് ബാലുവിന്. പടം കണ്ടിറങ്ങുമ്പോള്‍ ആഗ്രഹിനെപ്പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നും. സിജുവിന്റെ കഥാപാത്രം അജയ് മഹേശ്വരി. ലെന ചേച്ചിയാണ് മഹേശ്വരിയെന്ന അമ്മ വേഷത്തില്‍. ഇവരുടെയൊക്കെ അമ്മാവന് വേഷത്തിൽ കെ.യു. മനോജ്. നര്‍മത്തിന്റെ സ്പര്‍ശമുള്ള കഥാപാത്രം. കര്ണന്, നെപ്പോളിയന്, ഭഗത് സിംഗിലെ നായകന് ധീരജ് ഡെന്നി ഇതില്‍ വേറിട്ട ഗെറ്റപ്പില്‍ പോലീസ് കഥാപാത്രം. സിജുവിന്റെയും ബാലുവിന്റെയും സസ്പെന്‍സ് താരത്തിന്റെയും ധീരജിന്റെയും കഥാപാത്രങ്ങള്‍ക്കു തുല്യപ്രാധാന്യം. വേലയില്‍ ഷെയിന്റെ നായികയായ നമൃതയാണ് ഇതില്‍ സിജുവിന്റെ പെയര്‍.
രാഹുല്‍രാജ് മ്യൂസിക്...
നാലു പാട്ടുകള്‍. കാതല്‍ വന്തിരിച്ച് റീമിക്സ്, ഹരിനാരായണന് എഴുതിയ ആഴിത്തിരമാല എന്നിവ റിലീസായി. തല്ലുപാട്ടും ഇംഗ്ലീഷ് പാട്ടും ഉടനെത്തും.
സൗഹൃദങ്ങളുടെ സിനിമ...
1971 ബിയോണ്ട് ബോര്ഡറില് ഞാന്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളർമാരിൽ ഒരാളായിരുന്ന ജോണ്‍ കുടിയാന്മലയാണ് ഇതിന്റെ നിര്‍മാതാവ്. ആ പടത്തിന്റെ അസി. എഡിറ്ററായിരുന്ന അഖിലേഷ് മോഹനാണ് ഇതിന്റെ എഡിറ്റര്‍. അതില്‍ സുജിത് വാസുദേവിന്റെ അസോസിയേറ്റായിരുന്ന രവിചന്ദ്രനാണ് ഇതിന്റെ കാമറാമാന്. അതിലെ മേക്കപ്പ് അസിസ്റ്റന്റ് ജിത്തു പയ്യന്നൂരാണ് ഈ പടത്തിന്റെ മേക്കപ്പ്മാന്. ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതല്ല, സംഭവിച്ചതാണ്. സൗഹൃദത്തിന്റെ സിനിമ കൂടിയാണിത്. സാമ്രാജ്യം നിര്‍മിച്ച അജ്മല്‍ ഹസനാണ് വിതരണം.
ടി.ജി. ബൈജുനാഥ്