സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
Monday, September 30, 2024 10:50 AM IST
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേതില്‍ ദേവിക. നൃത്തരംഗത്തു സൂപ്പർ സ്റ്റാറായി മാറുന്പോഴും കലാലോകത്തുള്ളവർ ആകാംക്ഷയോടെ വീക്ഷിച്ചിരുന്നത് ദേവിക എന്നാവും സിനിമയിലേക്ക് എത്തുകയെന്നതായിരുന്നു.
മുൻനിര സംവിധായകർ അടക്കം പലരും മേതിൽ ദേവികയെ സിനിമയിൽ അഭിനയിപ്പിക്കാൻ താത്പര്യമെടുത്തു സമീപിച്ചിരുന്നു. എന്നാൽ, പലരും നിർബന്ധിച്ചിട്ടും സിനിമയിൽനിന്ന് ഒരു കൈയകലത്തിൽ നിൽക്കുകയായിരുന്നു അവർ. എന്നാൽ, ഒടുവിൽ അവർ തീരുമാനം മാറ്റി.
ഇന്നലെ വരെയുള്ള കഥകൾ മാറി. കഥ ഇന്നുവരെ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ അവർ നായികയായി സിനിമയിലേക്കു ചുവടുവച്ചു. മേപ്പടിയാൻ എന്ന ചിത്രത്തിനു ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. കാൽനൂറ്റാണ്ടായി അകലം പാലിച്ചുനിന്നിരുന്ന സിനിമരംഗത്തേക്കാണ് മേതിൽ ദേവിക എത്തിയത്.
വന്പൻ അവസരങ്ങൾ കിട്ടിയിട്ടും എന്തുകൊണ്ട് അഭിനയിച്ചില്ല എന്ന ചോദ്യം പലരും ചോദിച്ചു. അന്ന് അതിനോടു താത്പര്യമില്ലായിരുന്നു, ഈ ടീം നല്ലതെന്നു തോന്നിയതുകൊണ്ട് അഭിനയിച്ചു. സ്ക്രിപ്റ്റ് പോലും അതിനു ശേഷമേ വരൂ. കാവാലം സംസ്കൃതിയുടെ അവനവന്‍കടമ്പ പുരസ്കാരനേട്ടത്തിനു പിന്നാലെ ആദ്യമായി അഭിനയിച്ച സിനിമ പ്രദര്ശനത്തിനുമെത്തി. പുരസ്കാരവും സിനിമാ അരങ്ങേറ്റവും ഒന്നിച്ചെത്തിയതോടെ ഈ ഓണക്കാലം മേതിൽ ദേവികയ്ക്കു കൂടുതൽ മധുരം പകർന്നു.
വിസ്മയ ചുവടുകൾ
മോഹിനിയാട്ടം നര്‍ത്തകിയായ മേതില്‍ ദേവിക മദിരാശി സര്‍വകലാശാലയില്‍നിന്ന് എംബിഎയും കോല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ എംഎയും നേടിയിട്ടുണ്ട്. ഭാരതിദാസന്‍ സര്‍വകലാശാലയില്‍നിന്നു നൃത്തവിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ദേവിക കേരള കലാമണ്ഡലത്തില്‍ പിഎച്ച്ഡി സൂപ്പര്‍വൈസറാണ്. റിസര്‍ച്ച് ഗൈഡാണ്.
പാലക്കാട് ശ്രീപാദ നാട്യകളരിയിലെ ചിത്രകൂടം ആര്‍ട്ട് ഹൗസിന്റെ ഡയറക്ടറുമാണ്. കേരള സംഗീത നാടക അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മേതില്‍ ദേവിക ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ്. കേരള സര്‍വകലാശാല സോഷ്യോളജി ഡിപ്പാര്‍ട്ട്മെന്റിലാണ് അതു ചെയ്യുന്നത്. മേതില്‍ ദേവിക സണ്ഡേദീപികയോട്...
കഥ ഇന്നു വരെ എന്ന സിനിമയിലേക്ക്
തിരുവനന്തപുരത്ത് എന്റെ നൃത്തത്തിന്റെ ഒരു അക്കാദമിക് പ്രോജക്ട് ചെയ്യുന്ന സമയത്താണ് സംവിധായകന് വിഷ്ണു മോഹന്‍ ഈ സിനിമയുമായി എന്നെ ആദ്യം സമീപിച്ചത്. എന്നാല്‍, നൃത്തത്തിന്റെ ഒരുപാട് തിരക്കുള്ളതിനാല്‍ സിനിമ എന്ന മറ്റൊരു മേഖലയിലേക്കു പോകാന്‍ താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം ഈ സിനിമയുടെ കുറെഭാഗം ഷൂട്ട് ചെയ്ത ശേഷം അതെനിക്കു കാണിച്ചു തന്നു. കഥയും കാമറയുമെല്ലാം നല്ല രസമുണ്ടായിരുന്നു.
അങ്ങനെ എന്റെ രംഗങ്ങള്‍ തിരുവനന്തപുരത്തുതന്നെ ഷൂട്ട് ചെയ്യാമെന്നും അറിയിച്ചു. പത്തു പന്ത്രണ്ട് ദിവസം മാത്രമായിരുന്നു എനിക്കു ഷൂട്ടിംഗ്. നിലവിലെ പ്രോജക്ടുകള്‍ക്കും ഓഫീസ് ജോലികള്‍ക്കും തടസമില്ലാതെ മുന്നോട്ടുപോകാനുള്ള സാഹചര്യംകൂടി ലഭിച്ചതോടെ ചിത്രത്തില്‍ സഹകരിക്കാമെന്ന് അറിയിച്ചു. സിനിമയില്‍ പ്രധാന വേഷത്തിലോ മുഴുനീള കഥാപാത്രമായോ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. യോജിക്കുന്ന വേഷമായിരുന്നു താത്പര്യം. അത്തരമൊരു കഥാപാത്രമാണ് കഥ ഇന്നുവരെ സിനിമയിലൂടെ ലഭിച്ചത്.
ഈ സിനിമയിലെ കഥാപാത്രം
ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയുടെ വേഷമാണ് ചെയ്തത്. അതൊരു കരുത്തുറ്റ സ്ത്രീകഥാപാത്രമൊന്നുമല്ലെന്നു സംവിധായകന് വിഷ്ണു മോഹന്‍തന്നെ പറഞ്ഞിരുന്നു. വലിയ അഭിനയപാടവമൊന്നും ആവശ്യമില്ലാത്ത ഒരു സ്വീറ്റ് കഥാപാത്രമായിരുന്നു അത്. സാധാരണയില്‍നിന്നു വ്യത്യസ്തമായി, കുറച്ചൊക്കെ മാറി ചിന്തിക്കുന്ന ഒരു കഥാപാത്രം.
സത്യന് അന്തിക്കാടും സിദ്ദിക്ക് ലാലും ക്ഷണിച്ചിരുന്നല്ലോ
അവര്‍ എന്നെ സിനിമയിലേക്കു വിളിച്ചപ്പോള്‍ ഞാന്‍ കുട്ടിയായിരുന്നല്ലോ. അന്ന് എന്റെ പ്രധാന ലക്ഷ്യം നൃത്തപഠനവും തുടര്‍പഠനങ്ങളും പിഎച്ച്ഡിയും ഒക്കെ മാത്രമായിരുന്നു. പിന്നെ നൃത്തത്തില്‍ എന്റേതു മാത്രമായ ചില സൃഷ്ടികള്‍ ചെയ്യണമെന്നുമുണ്ടായിരുന്നു. അതിനായി കുറെ അധ്വാനിച്ചു. ഇതിനിടെ, ചില പുരസ്കാരങ്ങളും ഫെലോഷിപ്പുകളും സ്കോളര്‍ഷിപ്പുകളുമൊക്കെ ലഭിച്ചതോടെ ഇന്ത്യന്‍ കോണ്‍സല്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സില്‍ എം പാനല്‍ഡ് ആര്‍ട്ടിസ്റ്റായി. ഇതിനിടെ ഓസ്ട്രേലിയയില്‍നിന്നു പെര്‍മെനന്റ് റസിഡന്റ് വീസയും ലഭിച്ചു.
നൃത്തത്തിലുള്ള ഗ്ലോബല്‍ കോണ്ട്രിബ്യൂഷന് ഓസ്ട്രേലിയൻ സർക്കാർ വളരെ കുറച്ചു പേര്‍ക്കു മാത്രം കൊടുക്കുന്ന വീസയാണ് ഔട്ട്സ്റ്റാന്‍ഡിംഗ് ടാലന്റ് വീസ. അങ്ങനെ ആ സമയം സിനിമ ചെയ്യാനുള്ള സാഹചര്യവും സമയവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവരുടെ സിനിമകൾ സ്വീകരിക്കാൻ കഴിയാതിരുന്നത്.
സമ്മതം മൂളിയത് 48 മണിക്കൂര്‍ മുമ്പ്
ഈ സിനിമയിലെ എന്റെ ആദ്യരംഗം ഷൂട്ട് ചെയ്യുന്നതിനു 48 മണിക്കൂര്‍ മുമ്പാണ് അഭിനയിക്കാന്‍ ഞാന്‍ സമ്മതം മൂളിയതെന്നു സംവിധാകന് പറഞ്ഞത് സത്യമാണ്. ഒന്നര വര്‍ഷം മുമ്പാണ് വിഷ്ണു മോഹന്‍ ഈ സിനിമയുടെ കാര്യം സംസാരിക്കാനായി വരുന്നത്.
അന്നു ഞാന്‍ കാലടി സംസ്കൃത സര്‍വകലാശാലയില്‍ ജോലി ചെയ്യുകയാണ്. അതെനിക്ക് ഇപ്പോഴും നല്ല ഓര്‍മയുണ്ട്, ഒരു ദിവസം വൈകുന്നേരമാണ് സര്‍വകലാശാലയില്‍ വന്നു വിഷ്ണുവും കാമറമാന്‍ ജോമോന് ടി. ജോണുമൊക്കെ എന്നെ കാണുന്നത്. നല്ല കഥയൊക്കെയായിരുന്നു.
എന്നാല്‍, അപ്പോള്‍തന്നെ എനിക്കു താത്പര്യമില്ല എന്നു പറഞ്ഞു. പിന്നീടും വിഷ്ണു ഇടയ്ക്കൊക്കെ വിളിക്കും എന്തായി എന്നു ചോദിക്കും. ഒന്നും ആയിട്ടില്ല എന്നു ഞാന്‍ മറുപടിയും പറയും. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിഷ്ണുവിന്റെ കല്യാണമായി. കല്യാണം ക്ഷണിക്കാന്‍ വിഷ്ണു വന്നു. എന്നാല്‍, ക്ഷണം ഒന്നും നടന്നില്ല, സിനിമയെക്കുറിച്ചായിരുന്നു സംസാരം. ഏകദേശം ഒന്നു നോക്കാം എന്നു ഞാന്‍ ചിന്തിക്കുന്നതിനു മുമ്പുതന്നെ കോസ്റ്റ്യൂമറടക്കം എല്ലാം എന്റെ അടുത്തു വന്നുകഴിഞ്ഞിരുന്നു.
മുന്നൊരുക്കങ്ങള്‍
ഈ കഥാപാത്രത്തിനായി മുന്നൊരുക്കങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അത്ര അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വളരെ ഒതുക്കത്തോടെ ചെയ്യേണ്ട ഒരു കഥാപാത്രം. ഓവറായി പോകാനുള്ള സാധ്യതയുള്ളതിനാല്‍ സൂക്ഷ്മത വേണമായിരുന്നു. ഞാന്‍ നൃത്തവേദിയില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തതു കൊണ്ടു സിമ്പിളായിട്ടുള്ള ഒരു വേഷം ചെയ്യുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട്.
ബിജുമേനോന് ആദ്യനായകന്
മികച്ച അഭിനേതാവായ ബിജു മോനോനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു കാര്യം. അദ്ദേഹത്തോടൊപ്പമുള്ള സീനുകളെല്ലാം ഒരു പ്രശ്നവുമില്ലാതെ ചെയ്യാനായി. പ്രണയം പ്രമേയമായിവരുന്ന ഒരു കുടുംബചിത്രം. ബിജു മേനോനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളെല്ലാം ഇതില്‍ പ്രധാനമാണ്. പുതുതലമുറയില്‍പ്പെട്ട ഒരുപാടുപേര് ഈ സിനിമയുടെ അണിയറയിലുണ്ട്. അവരില്‍നിന്നെല്ലാം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അഭിനയത്തിലേക്കിറങ്ങുമ്പോഴും മൂന്നാം വയസില്‍ തുടങ്ങിയ നൃത്താഭ്യാസത്തിന് ഒരു കോട്ടവും വരരുതെന്ന് നിർബന്ധമുണ്ട്.
ഇനിയും സിനിമകള്‍
അഭിനയത്തിലേക്കിറങ്ങാന്‍ സമയം പ്രശ്നമായിരുന്നു. കൂടുതല്‍ സിനിമകളും വലിയ പ്രോജക്ടുകളും വരുന്നുണ്ട്. ജോലിക്കു തടസം വരാതെയുള്ള സിനിമകളിൽ സഹകരിക്കും. വര്‍ക്ക് ചെയ്യുന്ന സ്ഥലം, വേഷം, ടീം എല്ലാം ഒത്തുവരണം. ചെറുപ്പത്തില്‍ വളരെ കാമറയ്ക്കു മുന്നിൽ വരാൻ വളരെ മടിയുള്ള ആളായിരുന്നു ഞാൻ.
നൃത്തരംഗത്ത് പ്രോജക്ടുകളും മറ്റും ചെയ്തു തുടങ്ങിയതോടെയാണ് ആ നാണമൊക്കെ പതിയെ മാറുന്നത്. എന്നാലും കുറെയധികം ആളുകള്‍ ഉള്ള സ്ഥലത്തു ചെല്ലുമ്പോള്‍ നമ്മള് ഒന്നു വലിയും. അതുകൊണ്ട് ടീം കംഫർട്ടുള്ളതാവുക എന്നതു പ്രധാനമാണ്.
പുരസ്കാരങ്ങള്‍
2007ല്‍ ആണ് ആദ്യത്തെ നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, 2010ല്‍ ദേവദാസി നാഷണല്‍ അവാര്‍ഡ്, അതേവര്‍ഷം കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് കിട്ടി. ഞാന്‍ ചെയ്ത സര്‍പതത്വം എന്ന ഡാന്‍സ് ഫിലിം 2018ല്‍ ഓസ്കറില് കണ്ടെന്ഷന് ലിസ്റ്റില്‍ വന്നു.
നോമിനേഷനു തൊട്ടുമുന്‍പുള്ള ലിസ്റ്റാണ് കണ്ടെന്ഷന് ലിസ്റ്റ്. ഹോളിവുഡിലെ പ്രസ്റ്റീജ് തിയറ്റേസിലാണ് സര്‍പതത്വം ആദ്യമായി പ്രീമിയര്‍ ചെയ്തത്. കൂടാതെ 2021ല്‍ ക്ഷേത്രകലാ പുരസ്കാരം ലഭിച്ചു. പെരുങ്ങോട്ടുകര ദേവസ്ഥാനത്തിന്റെ പുരസ്കാരം അടുത്തയിടെ ലഭിച്ചു. കാവാലം നാരായണപ്പണിക്കര്‍ സാറിന്റെ പേരിലുള്ള അവനവന് കടമ്പ പുരസ്കാരം ആണ് ഒടുവില്‍ ലഭിച്ചത്. ഈ പുരസ്കാരം കഴിഞ്ഞ ദിവസമാണ് സ്വീകരിച്ചത്.
ഈ ചടങ്ങില്‍ കാവാലം നാരായണപ്പണിക്കര്‍ സാറിന്റെ രചനയിൽ എന്റെ ആശയത്തില്‍ മുമ്പു ചിട്ടപ്പെടുത്തിയ അഗ്നേയം നിമേഷം എന്ന നൃത്തരൂപം അവതരിപ്പിച്ചു. ബുദ്ധനാകുന്നതിനു മുമ്പു ഭാര്യയെയും മകനെയും ഉപേക്ഷിച്ച് സിദ്ധാര്ഥന് വീടുവിട്ടിറങ്ങുന്ന ഒരു സന്ദര്‍ഭം കാവാലം സാറിനോടു ഞാന്‍ പറയുകയും അദ്ദേഹം വരികളെഴുതുകയുമായിരുന്നു.
പ്രശസ്ത വയലിനിസ്റ്റായ ബി. ശശികുമാര്‍ സാറാണ് സംഗീതം നല്‍കിയത്. ഇവര്‍ രണ്ടു പേരും ഇന്നില്ല. നവഗം എന്ന പ്രത്യേക താളത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. തെയ്യത്തില്നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് എടുത്തിട്ടുള്ള ഒരു താളമാണിത്.
പ്രദീപ് ഗോപി