എന്നെന്നും പ്രണയോത്സവം
Monday, September 23, 2024 10:17 AM IST
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാനുശേഷം സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത കഥ ഇന്നുവരെ തിയറ്ററുകളില്‍. ബിജു മേനോനും മേതില്‍ ദേവികയും ലീഡ് വേഷങ്ങളില്‍. നിഖില വിമല്‍, അനുമോഹന്‍, അനുശ്രീ, സിദ്ദിക്ക്, രഞ്ജി പണിക്കര്‍, ഹക്കീം ഷാജഹാന് എന്നിവരും നിർണായക കഥാപാത്രങ്ങള്‍. നിര്‍മാണം വിഷ്ണു മോഹന്‍ സ്റ്റോറീസ്.
'ഒരു സംവിധായകന് രണ്ടാമത്തെ സിനിമയാണ് ആദ്യ സിനിമയെക്കാളും നിര്‍ണായകമെന്നു പൊതുവേ പറയാറുണ്ട്. ആദ്യസിനിമ ചെയ്യുമ്പോള്‍ ഇത്രയും ടെന്‍ഷനില്ലായിരുന്നു. ഇതു ഞാന്‍ നിര്‍മാണ പങ്കാളിയായ ആദ്യ സിനിമയുമാണ്. പ്രൊഡക്ഷനും ഡയറക്ഷനും കൂടി ചെയ്യണം. അതിന്റേതായ ടെന്‍ഷനും പണിയും കൂടുതലായുണ്ട് - വിഷ്ണു സണ്‍ഡേ ദീപികയോടു പറഞ്ഞു.
ഈ കഥയിലേക്ക് എത്തിയത്..?
മേപ്പടിയാനു ശേഷം മറ്റൊരു സിനിമ ചെയ്യാനുളള ഒരുക്കത്തിലായിരുന്നു. ആ പ്രോജക്ട് മാറിയപ്പോള്‍ പെട്ടെന്നു ചെയ്യാന്‍ പറ്റിയ കഥ തേടലായി. ഇതിന്റെ തീം യാദൃച്ഛികമായി ഞങ്ങളിലേക്കു വരികയായിരുന്നു. പിന്നീട് എപ്പോഴെങ്കിലും സിനിമയാക്കാൻ ഒരു ലവ് സ്റ്റോറി മനസിലുണ്ടായിരുന്നു. ആ കഥ സുഹൃത്തുക്കളായ കാമറാമാന് ജോമോന് ടി. ജോണ്‍, എഡിറ്റര്‍ ഷെമീര്‍ മുഹമ്മദ്, നിർമാതാവ് ഹാരിസ് ദേശം തുടങ്ങിയവരുമായി പങ്കുവച്ചു.
അവര്‍ക്കും ആവേശമായി. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ ഞങ്ങളെല്ലാവരും ചേര്‍ന്നാണു നിര്‍മാണം. ആലപ്പുഴ ബാക്ക് വാട്ടര്‍, കുമളി, വണ്ടിപ്പെരിയാര്‍ ഹൈറേഞ്ച്, പാലക്കാട് കൊല്ലങ്കോട് ഗ്രാമം, തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിന്റെ നാലു വ്യത്യസ്ത ഭൂപ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. ഇതില്‍ പുഴയും കടലും മലയുമെല്ലാമുണ്ട്. ജോമോന്റെ കാമറയ്ക്കു നല്ല കാഴ്ചവിരുന്നായി.
ഒന്നിലധികം പ്രണയങ്ങള്‍, പല ട്രാക്കുകളില്‍...?
ഇതുവരെ മലയാളം കണ്ട പ്രണയസിനിമകളില്നിന്നു വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ഉണ്ടാകണമല്ലോ. വണ്‍ സൈഡ് പ്രണയമെങ്കിലുമില്ലാത്തവര് കുറവല്ലേ. എല്ലാ പ്രായത്തിലുമുള്ളവരുടെ പ്രണയങ്ങള്‍, പ്രായത്തില്‍ മൂത്തവരെ പ്രണയിക്കുന്നവര്‍...അങ്ങനെ പല തരത്തില്‍ പല ലെയറുകളിലുള്ള കഥയാണ്. ഇതില്‍ പ്രണയം മാത്രമല്ല, ഗഹനമായ വേറെയും പല കാര്യങ്ങളുമുണ്ട്. ഈ സിനിമ കണ്ടുതീരുന്ന നിമിഷം ആളുകള്‍ക്കു കോരിത്തരിപ്പുണ്ടാകുന്ന ഒരു സംഗതി ഇതിലുണ്ട്.
ബിജു മേനോന്...
ലീഡ് കഥാപാത്രത്തിനു വേണ്ടി ആലോചിച്ചപ്പോള്‍ മലയാളത്തില്‍ സിനിമ ചെയ്യുന്ന മുന്‍നിര താരങ്ങളില്‍ ആ പ്രായത്തിലുള്ള ഏറ്റവും കൃത്യമായ ആള് ബിജുച്ചേട്ടനാണെന്നു തോന്നി. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, പ്രണയവര്‍ണങ്ങള്‍...എന്നിങ്ങനെ നൊസ്റ്റാള്‍ജിക്കായ ഒരുപാടു പ്രണയസിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടല്ലോ. പക്ഷേ, കഴിഞ്ഞ കുറേക്കാലമായി ബിജുച്ചേട്ടന്റെ ഒരു പ്രണയസിനിമ മിസ് ചെയ്യുന്നുണ്ട്. അതിലേക്കു ചേര്‍ക്കാവുന്ന സിനിമയാണിത്.
മേതില്‍ ദേവിക...
നായികയായി നാല്പതു വയസിനു മേലുള്ള സിനിമാനടിയല്ലാത്ത ഒരാളെ ആലോചിച്ചു. അതേസമയം പബ്ലിക് ഇമേജുളള, ആളുകള്‍ അറിയുന്ന ഒരാളാണെങ്കില്‍ നല്ലതാണെന്നും തോന്നി. അങ്ങനെയാണ് മേതില്‍ ദേവികയിലെത്തിയത്. പക്ഷേ, ആദ്യം അവര്‍ക്കു സമ്മതമായിരുന്നില്ല. സിദ്ദിക്ക്- ലാല്‍, സത്യന് അന്തിക്കാട് എന്നിവരൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പേ അവരെ സിനിമകളിലേക്കു വിളിച്ചിട്ടും പോയിട്ടില്ല.
ഞാന്‍ ഈ സിനിമയിലേക്കു പരിഗണിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവരുടെ പടത്തിലേക്കു വിളിച്ചിട്ടു വന്നില്ല, നോക്കണ്ടാ എന്ന് ഒരു സൂപ്പര്‍ സ്റ്റാര്‍ പടത്തിന്റെ സൂപ്പര്‍ സംവിധായകന് എന്നോടു പറഞ്ഞു. അവരുടെ സീന്‍ ഷൂട്ട് ചെയ്യുന്നതിനു 48 മണിക്കൂര്‍ മുന്നേയാണ് മേതിൽ ദേവിക ഓകെ പറഞ്ഞത്.
ഞാന്‍ ഒന്നേകാല്‍ വര്‍ഷത്തോളം പുറകേനടന്ന് ഒരുവിധത്തില്‍ സമ്മതിപ്പിച്ചെടുത്തതാണ്. മേതില്‍ ദേവികയുടെ നൃത്തപശ്ചാത്തലവും ഇതിലെ കഥാപാത്രവുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല, ഇതൊരു കരുത്തുറ്റ സ്ത്രീകഥാപാത്രവുമല്ല. ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയാണു ദേവികയുടെ കഥാപാത്രം. ഷൂട്ടിനു ശേഷം അവര്‍ വളരെ ഹാപ്പിയാണ്. അവര്‍ വിചാരിച്ചതിലും കംഫര്‍ട്ടബിളായാണ് നമ്മള് ഡീല്‍ ചെയ്തിട്ടുള്ളത്.
പാട്ടുകള്‍ക്കു പ്രാധാന്യം..?
ഉറപ്പായും. മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ്. അശ്വിന് ആര്യനാണ് മ്യൂസിക് ഡയറക്ടര്‍. അശ്വിന്റെ ആദ്യചിത്രമാണ്. അങ്കിത് മേനോന് എന്ന മ്യൂസിക് ഡയറക്ടറുടെ അസോസിയേറ്റായിരുന്നു. മൂന്നാലു പാട്ടുകളുണ്ട്. അജീഷ് ദാസന് എഴുതി കപില്‍ കപിലനും നിത്യ മാമനും പാടിയ ഒരു പാട്ടുണ്ട്. വിദ്യാധരന് മാസ്റ്ററും ജി. വേണുഗോപാലിന്റെ മകന് അരവിന്ദ് വേണുഗോപാലും പാടിയ പാട്ടുകളുമുണ്ട്.
എന്‍ ഇനിയ പൊന്‍ നിലാവേ...പുതിയ ട്രെന്‍ഡിന്റെ ഭാഗമാണോ പഴയ തമിഴ് പാട്ട് ..?
ഈ സിനിമയുടെ ഒരു ഭാഗത്ത് തമിഴ് പാട്ടിന്റെ പശ്ചാത്തലം ആവശ്യമായ സീനിലാണ് ഇളയരാജ സംഗീതം നല്കിയ എന്‍ ഇനിയ പൊന്‍ നിലാവേ..വരുന്നത്. മഞ്ഞുമ്മല്‍ ഉള്‍പ്പെടെ ചില സിനിമകളിലൊക്കെ പഴയ തമിഴ് പാട്ടുകള്‍ വന്നിട്ടുണ്ട്. വാസ്തവത്തില്‍ അതിനു മുമ്പേ ഷൂട്ട് ചെയ്തതാണ് ഇത്. റിലീസായത് ഇപ്പോള്‍ ആണെന്നേയുള്ളൂ. ദേവദാരു പൂത്തൂ എന്ന പാട്ടും ഇതില്‍ വീണ്ടും പാടി ഉപയോഗിച്ചിട്ടുണ്ട്. കഥാപരമായി ആ പാട്ടിന് ഇതില്‍ പ്രാധാന്യമുണ്ട്.
അടുത്തതു പൃഥ്വിരാജ് ചിത്രമല്ലേ..?
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും വേറെ വലിയ ഒരു കമ്പനിയും ചേര്‍ന്നാണ് അതിന്റെ നിര്‍മാണം. 40 കോടി രൂപയെങ്കിലും വേണ്ടിവരും. ഇന്ത്യയ്ക്കു പുറത്തും ഷൂട്ടിംഗ് ഉണ്ട്. എന്റെ സ്ക്രിപ്റ്റാണ്. മേപ്പടിയാന് കഴിഞ്ഞ സമയത്തുതന്നെ പൃഥ്വിയുമായി സംസാരിച്ചിരുന്നു.
ഒഫീഷ്യല്‍ അനൗണ്‍സ്മെന്റിനു കാത്തിരിക്കുകയാണ്. ഗുരുവായൂരമ്പലനടയുടെ സക്സസ് സെലിബ്രേഷനില്‍ പൃഥ്വിരാജ് തന്നെയാണ് എനിക്കൊപ്പം സിനിമ ചെയ്യുന്നുവെന്നു പറഞ്ഞത്. പൃഥ്വിയുടെ എമ്പുരാനും ഒന്നുരണ്ടു കമിറ്റ്മെന്റ്സും കഴിഞ്ഞാല്‍ രണ്ടു മൂന്നു ഷെഡ്യൂളുകളായി ഷൂട്ടുണ്ടാവും. പൃഥ്വി ഇതുവരെ ചെയ്യാത്ത കഥാപശ്ചാത്തലമാണ് ഇതിൽ.
ടി.ജി. ബൈജുനാഥ്