കിഷ്കിന്ധയിലെ സർപ്രൈസുകൾ
Monday, September 9, 2024 10:38 AM IST
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയും ഒന്നിക്കുന്ന ത്രില്ലര്‍ മിസ്റ്ററി ഡ്രാമ ‘കിഷ്കിന്ധാകാണ്ഡം’ റിലീസിനൊരുങ്ങി. അപര്‍ണ ബാലമുരളിയാണു നായിക. വിജയരാഘവന്, ജഗദീഷ്, അശോകന്, ഇഷാന് എന്നിവര്‍ നിര്‍ണായക വേഷങ്ങളില്‍. തിരക്കഥ, ഛായാഗ്രഹണം ബാഹുല്‍ രമേശ്. നിര്‍മാണം ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ജോബി ജോര്‍ജ്. ദിന്‍ജിത്ത് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
അമ്മിണിപ്പിള്ളയില്നിന്നു വേറിട്ട ജോണര്‍...?
എപ്പോഴും ഫണ്‍ എന്റര്ടെയ്ന്മെന്റ് തന്നെ ചെയ്യണമെന്നില്ല. എന്നിൽ ആവേശമുണർത്തുന്ന എന്തും എനിക്കു ബൂസ്റ്റാണ്. ആളുകള്‍ നല്ല പടങ്ങള്‍ സ്വീകരിക്കുന്ന കാലമാണല്ലോ. കുറേക്കാലത്തിനു ശേഷം എന്തായാലും ഈ സിനിമ ചെയ്തേ പറ്റുകയുള്ളൂ എന്ന തോന്നല്‍ ഇതിന്റെ സ്ക്രിപ്റ്റ് കേട്ടപ്പോള്‍ ഉണ്ടായി. ഏറെ ജിജ്ഞാസയുണര്‍ത്തുന്ന, അമ്പരപ്പിക്കുന്ന പല സംഭവങ്ങള്‍ കോര്‍ത്തിണക്കിയ സ്ക്രിപ്റ്റ്. അമ്മിണിപ്പിള്ളയുടെ കാമറ ചെയ്ത, ബാഹുലാണ് ഇതിന്റെ സ്ക്രിപ്റ്റൊരുക്കിയത്.
ഏറെ പ്രതിഭാസ്പര്‍ശമുള്ള സ്ക്രീന്‍ റൈറ്ററാണ്. കഥാഗതിയെക്കുറിച്ചുള്ള ആകാംക്ഷയിൽ പ്രേക്ഷകരെക്കൊണ്ടും അന്വേഷിപ്പിക്കുന്ന രീതിയിലാണ് ബാഹുലിന്റെ കഥപറച്ചില്‍. എട്ടു ദിവസംകൊണ്ടു പൂര്‍ത്തിയാക്കിയ സ്ക്രിപ്റ്റാണിത്. ആസിഫുമായി അടുത്ത വ്യക്തിബന്ധമുള്ളതിനാല്‍ പെട്ടെന്നു കഥ പറയാന്‍ സാഹചര്യമുണ്ടായി. അങ്ങനെ അതിവേഗം ഇതു പ്രോജക്ടായി. ഗുഡ്വില് പ്രൊഡക്ഷനായതിനാല് ഒന്നിലും ടെന്‍ഷനുണ്ടായില്ല.
വാനരരാജ്യം കിഷ്കിന്ധയും ഈ സിനിമയും തമ്മില്‍..?
അതിന് ഈ പടവുമായി മിത്ത് രീതിയിലുള്ള ബന്ധമില്ല. ഇതിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍... ആ ആവാസവ്യവസ്ഥയുടെ ഭാഗമാണ് ഇതിലെ കുരങ്ങന്മാര്. ആ പേരിലൊരു കൗതുകവുമുണ്ടല്ലോ. നിലമ്പൂരിലെ കല്ലേപ്പതി റിസര്‍വ് ഫോറസ്റ്റ് മേഖലയിലുള്ള ഗ്രാമത്തിലെ നാലേക്കര്‍ കാടിന്റെ ഒത്ത നടുവിലാണ് കഥയിലെ വീടും പരിസരവും. ആ വീട്ടിലെ ഗൃഹനാഥന് അപ്പുപ്പിള്ളയായി വിജയരാഘവനും അയാളുടെ മകന് അജയനായി ആസിഫ് അലിയും ഭാര്യ അപര്‍ണയായി അപര്‍ണ ബാലമുരളിയും.
സിനിമ പറയുന്നത്...?
എ ടെയില്‍ ഓഫ് ത്രീ വൈസ് മങ്കീസ് (ബുദ്ധിശാലികളായ മൂന്നു കുരങ്ങന്മാരുടെ കഥ)-അതാണു ടാഗ്ലൈന്. തുടക്കം മുതല്‍തന്നെ സര്‍പ്രൈസുകളാണ്. അവസാനംവരെയും സിനിമയില്‍ത്തന്നെ മുഴുകാന്‍ പ്രേരിപ്പിക്കുന്നതാണ് കഥപറച്ചില്‍. സ്ഥിരം കാണാത്ത രീതിയിലുള്ള കഥയാണ്. കുരങ്ങും റേഡിയോയുമുള്ള പോസ്റ്റര്‍ ഇറക്കിയപ്പോള്‍ അമ്മിണിപ്പിള്ള പോലെ ഇതും കോമഡിപ്പടമാണോ എന്നു ചോദ്യമുണ്ടായി. പിന്നീടു ത്രില്ലറും മിസ്റ്ററിയുമെല്ലാം ചേര്‍ന്ന ടീസര്‍ വന്നപ്പോള്‍ എന്താണു കാണിക്കാന്‍ പോകുന്നത് എന്ന ജിജ്ഞാസയായി.
അത്തരം അതിശയക്കാഴ്ചകള്‍ തന്നെയാണ് പടത്തിലുടനീളം. കുരങ്ങും മയിലുമൊക്കെയുള്ള ആവാസവ്യവസ്ഥയും അവിടത്തെ വേറിട്ട ഒന്നിലധികം സംഭവങ്ങളും കോര്‍ത്തിണക്കിയതാണു കഥ. അതില്‍ ഫാമിലി ഡ്രാമയുണ്ട്. അച്ഛന്-മകന് ബന്ധങ്ങളുണ്ട്. വിജയരാഘവേട്ടന്റെയും ആസിഫിന്റെയും അപര്‍ണയുടെയും വേറെ ലെവല്‍ പെര്‍ഫോമന്‍സ് ഇതില്‍ കാണാം.
വീണ്ടും ആസിഫിനൊപ്പം...?
എറെ ടാലന്റുള്ള ആക്ടറാണ് ആസിഫ് അലി. ഇനിയും അയാള്‍ അതു പുറത്തു കാണിച്ചിട്ടില്ല. കെട്ട്യോളാണു മാലാഖയിലാണ് ആസിഫിന്റെ മികച്ച പെര്ഫോമന്സെന്നു പറയാറുണ്ട്. ഈ പടം ഇറങ്ങിക്കഴിഞ്ഞാല്‍ ഇതാണ് ഏറ്റവും ബെസ്റ്റ് പെര്‍ഫോമന്‍സെന്ന് ആളുകള്‍ പറയും. അമ്മിണിപ്പിള്ളയ്ക്കു ശേഷമായിരുന്നു കെട്ട്യോളാണു മാലാഖ. അമ്മിണിപ്പിള്ളയില്ത്തന്നെ ആസിഫിന്റെ മാറ്റം കാണാനാവും. കോളജ് പയ്യനില്നിന്നു മാറി ഏട്ടന് കഥാപാത്രമായി വന്ന സിനിമയാണ് അമ്മിണിപ്പിള്ള. അതിന്റെയൊരു ബൂസ്റ്റായിരുന്നു കെട്ട്യോളാണു മാലാഖയ്ക്കു കിട്ടിയത്. അതില്‍നിന്നെല്ലാം മാറി ഓരോ ഷോട്ടിലും മൈന്യൂട്ട് ലൈവല്‍ പെര്‍ഫോമന്‍സാണ് ഇതില്‍.
പെര്‍ഫോമന്‍സ് രീതിയിലും കഥാപരവുമായുമൊക്കെ ആസിഫിന്റെ മികച്ച സിനിമകളില്‍ ഒന്നായിരിക്കും ഇത്. ആസിഫിനെ ഉയരങ്ങളിലെത്തിക്കുന്ന സിനിമകളിലൊന്നായിരിക്കും കിഷ്കിന്ധാകാണ്ഡം. ഇതില്‍ പക്വതയാര്‍ന്ന ഒരു ഭര്‍ത്താവും മകനുമാണ് ആസിഫിന്റെ കഥാപാത്രം അജയന്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ക്ലര്‍ക്കാണ്. അയാളുടെ ജീവിതത്തിലുണ്ടാകുന്ന പല സംഭവങ്ങളും കൂട്ടിച്ചേര്‍ത്തുള്ള കഥയാണു പറയുന്നത്.
കാസ്റ്റിംഗിലെ രസതന്ത്രം...?
വേറെ ആരെയും ചിന്തിക്കാന്‍ പറ്റാത്ത വിധത്തിലുള്ള കാസ്റ്റിംഗാണ് ഓരോ കഥാപാത്രത്തിന്റെയും കാര്യത്തില്‍ സംഭവിച്ചത്. പഴയ മിലിട്ടറിക്കാരനാണ് വിജയരാഘവന്റെ കഥാപാത്രം അപ്പുപ്പിള്ള. ഏറെ അടുക്കും ചിട്ടയുമുള്ള, പെട്ടെന്നു ദേഷ്യപ്പെടുന്ന സ്വഭാവം. പൂക്കാലത്തിനും മേലെയുള്ള ആക്ടിംഗ് പെര്‍ഫോമന്‍സാണ് ഇതില്‍.
ലേറ്റ് മാര്യേജായ കഥാപാത്രമാണ് അപര്‍ണയുടേത്. അതിനു ചേര്‍ന്ന രൂപഭാവങ്ങളിലും മറ്റും ആ കാസ്റ്റിംഗ് കൃത്യമായി. ജഗദീഷേട്ടനു ഫോറസ്റ്റ് ഗാര്‍ഡിന്റെ വേഷം. ഫാലിമിക്കു ശേഷമുള്ള വേറിട്ട പെർഫോമൻസാണ്.
നിഷാന്‍ കുറേക്കാലത്തിനുശേഷം ആസിഫിനൊപ്പം വരികയാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ വിജിലന്സിലാണു നിഷാന്റെ കഥാപാത്രത്തിനു ജോലി. ഒരിടവേളയ്ക്കുശേഷം ഇഷാനെ സ്ക്രീനില്‍ കാണുമ്പോള്‍ത്തന്നെ ഒരു ഫ്രഷ്നെസ് ഫീല്‍ ചെയ്യും. പുതുമയ്ക്കു വേണ്ടിത്തന്നെയായിരുന്നു ആ കാസ്റ്റിംഗ്.
മേക്കിംഗിലെ വെല്ലുവിളി...?
കഥയ്ക്കിണങ്ങിയ വീടും പരിസരവും കിട്ടുക എന്നതു തന്നെയായിരുന്നു പ്രധാന വെല്ലുവിളി. അതിനായി കുറേ അലഞ്ഞിട്ടുണ്ട്. കാസര്‍ഗോഡ് ഒരു വീടു കിട്ടിയെങ്കിലും അതു പറ്റിയതായിരുന്നില്ല. ഒടുവില്‍ പാലക്കാട് ഒളപ്പമണ്ണ മനയുടെ താവഴിയിലുള്ള ഒരു തറവാട് കിട്ടി. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാണ് അവിടെ ഭ്രമയുഗം ചിത്രീകരിച്ചത്. ധോണിയിലും ഷൂട്ടുണ്ടായിരുന്നു. മഴ വേറിട്ടൊരു ഫീലാണ്. മഴസമയത്തുതന്നെ ഷൂട്ട് ചെയ്യുക എന്നതായിരുന്നു മറ്റൊരു ചലഞ്ച്.
ടി.ജി. ബൈജുനാഥ്