കുട്ടേട്ടന്റെ പൂക്കാലം
Monday, September 2, 2024 11:00 AM IST
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്രതിഭ വിജയരാഘവനെ തേടിയെത്തിയത് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. വൈകിയെത്തിയ ഈ പുരസ്കാര നിറവില്‍ അദ്ദേഹം ഹാപ്പിയാണ്.
നാടകാചാര്യന് എന്‍.എന്‍. പിള്ളയുടെ മകന് അഭിനയം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. "പൂക്കാലം' എന്ന ചിത്രത്തിലെ നൂറു വയസുകാരനായ ഇട്ടൂപ്പിന്റെ സൂക്ഷ്മഭാവങ്ങള്‍ ആദ്യാവസാനം നിലനിര്‍ത്തി മേക്കോവര്കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച വിജയരാഘവനെ തേടിയെത്തിയത് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ്.
അഭിമുഖത്തിനായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹവും ഭാര്യ അനിതയും മകന് ജിനദേവന്റെ യുകെയിലെ വീട്ടിലായിരുന്നു. കൊച്ചുമക്കളായ അദ്രുത് നാരായണന്റെയും അതീദ്ര രാഘവിന്റെയും കുസൃതിയും കൊഞ്ചലുമൊക്കെ ആസ്വദിക്കുന്നതിനിടയിലും വിജയരാഘവന് അഭിമുഖത്തിനായി സമയം തന്നു.
പരിചയക്കാരെല്ലാം "കുട്ടേട്ടാ..'എന്നുവിളിക്കുന്ന വിജയരാഘവന് സണ്‍ഡേ ദീപികയ്ക്കു വേണ്ടി മനസു തുറന്നു. പൂക്കാലത്തിലെ വൃദ്ധകഥാപാത്രത്തിലേക്കുള്ള വേഷപ്പകര്‍ച്ചയെക്കുറിച്ച്, വൈകിവന്ന അംഗീകാരത്തെക്കുറിച്ച്, പുതിയ സിനിമകളെക്കുറിച്ച്....
അഭിനയത്തിന്റെ അമ്പതാണ്ട് തികയുന്ന ഈ വേളയില്‍ വൈകിയെത്തിയ വലിയ സന്തോഷത്തെക്കുറിച്ച്...
മകന് ജിനദേവനും ഭാര്യ ഡോ. രാഖിക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം കുറച്ചു ദിവസം ചെലവഴിക്കാനായി കഴിഞ്ഞ ഒന്നിനാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ഇളയ മകന് ദേവദേവനാണ് അവാര്‍ഡ് വിവരം ആദ്യം അറിയിച്ചത്. തുടര്‍ന്ന് പലരും വിളിച്ച് അഭിനന്ദിച്ചു.
അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. ജനങ്ങള്‍ തന്ന അംഗീകാരമാണ് എന്നെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. അവര്‍ എന്നെ അംഗീകരിച്ചു പ്രോത്സാഹിപ്പിച്ചതുകൊണ്ട് ഇത്രയും കാലം എനിക്ക് ഇവിടെ നില്ക്കാന് കഴിഞ്ഞത്. പൂക്കാലത്തിന്റെ ക്രൂ മുഴുവന്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. അവരെല്ലാം എന്റെ കൂടെ നിന്നു. ആ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ അവാര്‍ഡ്.
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ
ഞാന്‍ ഒന്നിനെക്കുറിച്ചും കണക്കു കൂട്ടിവയ്ക്കാറില്ല. അങ്ങനെ സംഭവിക്കുന്നു. മുമ്പ് അവാര്‍ഡ് കിട്ടും എന്നു സുഹൃത്തുക്കളും സിനിമാപ്രവര്‍ത്തകരുമൊക്കെ പറഞ്ഞ പല ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.
അന്നൊക്കെ അവാര്‍ഡ് കിട്ടിയില്ലല്ലോയെന്നോര്ത്ത് നിരാശപ്പെട്ടിട്ടുമില്ല. ഇത്രയും കാലം ഈ രംഗത്തു തുടരാന്‍ കഴിഞ്ഞതാണ് വലിയ അവാര്‍ഡ്. പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അതിനു സാധിച്ചത്.
പൂക്കാലത്തിലേക്കുള്ള വരവ്
സംവിധായകന് ഗണേഷ് രാജും നിര്‍മാതാവ് വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് കഥ പറഞ്ഞത്. കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടമായി. കുട്ടേട്ടന് ഓക്കെയാണെങ്കില്‍ നമുക്കു മുന്നോട്ടു പോകാമെന്ന് അവര്‍ പറഞ്ഞു. ഈ കഥാപാത്രവുമായി എന്നിലേക്ക് എത്തിയത് എങ്ങനെ, എനിക്കു പകരമായി മറ്റാരെങ്കിലും മനസിലുണ്ടോയെന്ന് ഞാന്‍ അവരോടു ചോദിച്ചു.
ഞങ്ങള്‍ക്ക് അങ്ങനെയില്ല, കുട്ടേട്ടന് നിശ്ചയിക്കുക എന്ന് അവര്‍ പറഞ്ഞു. അതെനിക്കു വലിയൊരു കോംപ്ലിമെന്റായി തോന്നി. അവര്‍ എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം അത് അവര്‍ക്കു തിരിച്ചു നല്‍കണമെന്ന് എനിക്കു നിര്‍ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് പൂക്കാലത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ ഞാന്‍ സ്വീകരിച്ചത്.
72കാരന് നൂറു വയസുകാരനാവുക. തികച്ചും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നില്ലേ
പ്രായമുള്ളൊരു കഥാപാത്രം ചെയ്യണമെന്നു പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഏകലവ്യനിലും രൗദ്രത്തിലും ലീലയിലും പൊറിഞ്ചു മറിയത്തിലുമെല്ലാം മുന്‍പ് പ്രായംചെന്ന വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു രൂപത്തില്‍ ഇതാദ്യമായിട്ടാണ്. കൊട്ടാരക്കര ശ്രീധരന്‍നായര്‍ മുന്‍പ് അരനാഴികനേരത്തില്‍ തൊണ്ണൂറു വയസുകാരന്റെ വേഷം അഭിനയിച്ചത് മനസിലുണ്ടായിരുന്നു.
80 കൊല്ലത്തെ ദാമ്പത്യ ജീവിതം സംതൃപ്തമായി നയിക്കുന്ന ഇട്ടൂപ്പ്, കൊച്ചുത്രേസ്യ എന്നീ രണ്ടു കഥാപാത്രങ്ങളുടെ ആത്മ സംഘര്‍ഷങ്ങളുടെ കഥപറയുന്ന ചിത്രമാണ് പൂക്കാലം. തമാശയുടെ അകമ്പടിയില്‍ മുന്നോട്ടുപോകുന്ന ഒരു കുടുംബചിത്രം. നാലു തലമുറയുടെ കഥപറയുന്ന സിനിമയാണിത്.
ഇട്ടൂപ്പിനെ പോലിരിക്കുന്ന, നൂറു വയസുള്ള ഒരാളെ കാണണമെന്നു തോന്നി. വൃദ്ധസദനങ്ങളില്‍ ആ പ്രായക്കാര്‍ കാണുമെന്നു പലരും പറഞ്ഞു. പക്ഷേ,അവരുടെ മാനസികാവസ്ഥ വേറെ ആയിരിക്കുമെന്നതിനാല്‍ ഞാന്‍ അതിനു ശ്രമിച്ചില്ല. കാഞ്ഞിരപ്പള്ളിയില്‍ മുന്‍ അഭിഭാഷകനായ നൂറു വയസുള്ള ഒരാള്‍ ഉണ്ടെന്ന് അറിഞ്ഞ് ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു.
അദ്ദേഹത്തിന് കാഴ്ചയില്‍ 80 വയസേ തോന്നുകയുള്ളൂ. നടക്കാന്‍ ചെറിയ ബുദ്ധിമുട്ട് ഉള്ളതിനാല്‍ വടി കുത്തിപ്പിടിച്ചാണ് നടത്തം. നല്ല വില്‍പവറുള്ള വ്യക്തിയായ അദ്ദേഹത്തോടു കുറച്ചു സമയം ഞാന്‍ സംസാരിച്ചു. ആ പ്രായത്തിലുള്ള ഒരാളുടെ ജീവിതവീക്ഷണം, കാഴ്ചപ്പാട്, പെരുമാറ്റം അതെല്ലാം മനസിലാക്കാന്‍ ആ കൂടിക്കാഴ്ചയില്‍ സാധിച്ചു.
നൂറു വയസുകാരനായി കാമറയ്ക്കു മുന്നിലേക്ക് എത്താനുളള തയാറെടുപ്പ് എങ്ങനെയായിരുന്നു
ഒരു കഥ കേള്‍ക്കുമ്പോള്‍ത്തന്നെ ആ കഥാപാത്രം എങ്ങനെ വേണമെന്ന ചിത്രം മനസിലേക്കു വരും. അതു നാടകത്തില്‍നിന്നു കിട്ടിയതാണ്.
അച്ഛന് നാടകം എഴുതിക്കഴിഞ്ഞ് അഭിനേതാക്കളെയെല്ലാം വിളിച്ച് അടുത്തിരുത്തും. എന്നിട്ട് ഓരോ കഥാപാത്രത്തിന്റെയും ജീവിതം പറയാന്‍ തുടങ്ങും. ജനനം, കുട്ടിക്കാലം, വളര്‍ച്ച, ആ കഥാപാത്രത്തിന്റെ സ്വഭാവം, നടപ്പിലെയും ഇരുപ്പിലെയുമൊക്കെ ചലനങ്ങള്‍... ഇതു കണ്ടു വളര്‍ന്നതു കൊണ്ടാകാം എനിക്കു കിട്ടുന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചു ഞാന്‍ അറിയാതെ ആലോചിച്ചു പോകും.
ഇട്ടൂപ്പ് എന്ന കഥാപാത്രത്തിനായി ശരീരഭാരം പത്തു കിലോ കുറച്ചു. മുടി വടിച്ചും പുരികം വെട്ടിക്കളഞ്ഞും കൈകാലുകളിലെ നഖം നീട്ടിയും കഥാപാത്രത്തിനായി തയാറെടുത്തു. മേക്കപ്പിനു റോണക്സ് സേവ്യര്‍ സഹായിച്ചു. പ്രായം ചെന്നവരുടെ ശരീരത്തില്‍ കാണുന്ന ചുളിവുകള്‍, കലകള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചുള്ള സൂക്ഷ്മ കാര്യങ്ങളിലൂടെയാണ് മേക്കപ്പ് മുന്നോട്ടുപോയത്.
അപ്പൂപ്പന്റെ വേഷത്തിലേക്കു മാറാന്‍ മൂന്നര മണിക്കൂര്‍ മേക്കപ്പ്മാന് മുന്നിലിരുന്നു. തിരക്കഥ കേട്ടുകഴിഞ്ഞപ്പോള്‍ത്തന്നെ കഥാപാത്രത്തിന്റെ ഏതാണ്ടൊരു രൂപം മനസിലുണ്ടായിരുന്നു.
ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളുടെ ഒട്ടുമിക്ക രൂപങ്ങളും ഞാന്‍കൂടി ചേര്‍ന്നിരുന്ന് ചര്‍ച്ചചെയ്താണ് ചിട്ടപ്പെടുത്തിയത്. റാംജിറാവുവിന്റെ വസ്ത്രധാരണവും ഹെയര്‍സ്റ്റൈലും ചേറാടി കറിയയുടെ മീശയും കൃതാവുമെല്ലാം നിശ്ചയിച്ചത് അങ്ങനെയായിരുന്നു.
പ്രായം കൂട്ടാന്‍ മേക്കപ്പ് ഇട്ടപ്പോള്‍...
പ്രായം കൂടുതല്‍ തോന്നാനായി ലാറ്റക്സ് ഉപയോഗിച്ചുള്ള മേക്കപ്പാണ് ഇട്ടത്. സംസാരിക്കുകയും മറ്റും ചെയ്യുമ്പോള്‍ മേക്കപ്പ് ഇളകിപ്പോരും. അതുകൊണ്ടുതന്നെ ആരോടും സംസാരിക്കാതെ ഞാന്‍ കാരവനില്ത്തന്നെയാകും ഇരിക്കുക.
ഷോട്ട് റെഡിയാകുമ്പോള്‍ കാമറയ്ക്കു മുന്നിലേക്കു വരും. ഓരോ ദിവസവും മേക്കപ്പ് ഇടാന്‍ മൂന്നര മണിക്കൂറെങ്കിലും ഇരുന്നിട്ടുണ്ടാകും. എങ്കിലും വിരസത തോന്നിയിട്ടില്ല. ആസ്വദിച്ചു തന്നെയാണണ് ഇട്ടൂപ്പിലേക്കു ഭാവപ്പകര്‍ച്ച നടത്തിയത്. എന്റെ മാത്രം കഥാപാത്രം എന്ന ബോധ്യം ഉണ്ടായിരുന്നു.
കാമറയ്ക്കു മുന്നിലെത്തിയപ്പോള്‍ എന്റെ ശബ്ദത്തില്‍നിന്നു വ്യത്യസ്തമായിരിക്കണം ഇട്ടൂപ്പിന്റെ ശബ്ദമെന്ന് എനിക്കു നിര്‍ബന്ധം ഉണ്ടായിരുന്നു. കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കാന്‍ കഴിയുമെന്നു സംവിധായകര്‍തന്നെ എന്നോടു ചോദിക്കാറുണ്ട്. അതുകൊണ്ടുതന്നെ അഭിനയത്തില്‍ ഫ്രീഡം ഉണ്ടാകാറുണ്ട്.
അഞ്ഞൂറാന് ഇന്നും പ്രേക്ഷകമനസിലുണ്ട്. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അച്ഛന്റെ മാനറിസങ്ങള്‍ കടം കൊള്ളാറുണ്ടോ
അഭിനയത്തില്‍ ഞാന്‍ ആരെയും അനുകരിക്കാറില്ല. അച്ഛനെ പോലും. ഒരു കഥാപാത്രത്തില്‍ പലരുടെയും അംശമുണ്ടാവും. എന്നാല്‍, ആരെയും അനുകരിക്കുന്നില്ല. അനുകരിച്ചാല്‍ അതു മിമിക്രിയാകും. ഞാന്‍ കഥാപാത്രമായി മാറുകയല്ല. കഥാപാത്രത്തെ എന്നിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മനസുകൊണ്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ശരീരമാണ് എന്റെ കാന്‍വാസ്. അതിലൂടെ നിറമുളള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു.
കഥാപാത്രത്തെ നൂറുശതമാനം നിയന്ത്രിക്കുന്നത് ഞാനാണ്. അതില്‍ സ്വയംവിമര്‍ശനത്തിന്റെ അംശമുണ്ട്. ഒരു നോട്ടം, ഭാവം, ചലനം. അത് എത്രത്തോളം വേണമെന്നു തീരുമാനിക്കുന്നതു ഞാനാണ്. കഥാപാത്രത്തിനു മേല്‍ വിമര്‍ശനാത്മകമായ നിയന്ത്രണം. അതാണ് അഭിനയം.
50 വര്‍ഷത്തിനുള്ളില്‍ എത്ര സിനിമകള്‍ ചെയ്തു, എത്ര കഥാപാത്രങ്ങള്‍. ഒരു ഡ്രീം റോള്‍ ചെയ്യണമെന്ന മോഹം ഉണ്ടോ
ഞാന്‍ ഒന്നും അങ്ങനെ ഓര്‍ത്തുവയ്ക്കാറില്ല. എത്ര സിനിമകള്‍ ചെയ്തെന്നു പോലും കൃത്യമായി ഓര്‍മയില്ല. ഡ്രീം റോള്‍, അങ്ങനെയൊന്നും ഇല്ല. വലിയ സ്വപ്നങ്ങളൊന്നും ഇല്ലാത്ത ആളാണ് ഞാന്‍. ഒന്നും പ്രതീക്ഷിക്കാറില്ല. വരുന്നതിനെ വരുന്നിടത്തുവച്ചു കാണും.
പുതിയ പ്രോജക്ടുകള്‍
ആസിഫ് അലി ചിത്രം കിഷ്കിന്ധാകാന്തം സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും. അതില്‍ ചുറുചുറുക്കുള്ള 78കാരനായ റിട്ട. സൈനികന്റെ വേഷമാണ് എനിക്ക്. ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്, ശരത് ചന്ദ്രന്റെ ഔസേപ്പിന്റെ ഒസ്യത്ത്, നടന് ഷറഫുദീന്‍ നിര്‍മിക്കുന്ന പെറ്റ് ഡിക്ടറ്റീവ് എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയായി.
80കാരനായ ഔസേപ്പ് എന്ന കേന്ദ്രകഥാപാത്രമായാണ് ഔസേപ്പിന്റെ ഒസ്യത്തില്‍ ഞാന്‍ എത്തുന്നത്. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദ്, മറ്റൊരു ചിത്രമായ വള എന്നിവയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.
സുറുമയിട്ട കണ്ണുകളിലൂടെ നായകനായി വെള്ളിത്തിരയിലെത്തിയ വിജയരാഘവന്റെ അഭിനയത്തിനു പ്രായമില്ല. നായകനായും വില്ലനായും രാഷ്ട്രീയക്കാരനായും തമാശപ്പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിച്ചും അദ്ദേഹം വെള്ളിത്തിരയില്‍ വിസ്മയിപ്പിക്കുന്ന വേഷങ്ങളിലൂടെ നിറഞ്ഞാടുകയാണ്. തുടരട്ടെ, കുട്ടേട്ടന്റെ പൂക്കാലം.
സീമ മോഹന്‍ലാല്‍